ബെയ്ജിങ് ∙ കോവിഡ് ഉയർത്തിയ വെല്ലുവിളി മറികടന്ന് 2021ൽ 8.1 ശതമാനം വളർച്ച നേടി ചൈന. ആഗോള വ്യാപാര ബന്ധങ്ങളിലുണ്ടായ വിള്ളലുകൾക്കിടയിലും ചൈനീസ് സമ്പദ് വ്യവസ്ഥ 18 ലക്ഷം കോടി ഡോളറിലേക്ക് ഉയർന്നു. 2021ൽ മൊത്ത ആഭ്യന്തര ഉൽപാദന(ജിഡിപി) വളർച്ച 6% ആയിരിക്കുമെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ.
കടക്കെണിയിലായ റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ ഉയർത്തിയ പ്രതിസന്ധിയും, വൈദ്യുതക്ഷാമവും ചൈനയെ വലച്ച വർഷമായിരുന്നു 2021. 2020ൽ 2.3 ശതമാനമായിരുന്നു ചൈനയുടെ വളർച്ച. 45 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്. 2021ൽ സ്വകാര്യമേഖലയിൽ നിന്നുള്ള നിക്ഷേപം 7%ഉയർന്നു. ഉൽപന്നങ്ങളുടെ ചില്ലറവിൽപനയിൽ 12.5% വളർച്ചയും രേഖപ്പെടുത്തി.