ADVERTISEMENT

കൊച്ചി ∙ തീർത്തും പരിസ്ഥിതി സൗഹൃദമായ വൈദ്യുത വാഹനങ്ങളിലേയ്ക്കുള്ള ചുവടു മാറ്റത്തിനു കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ആനൂകൂല്യങ്ങൾ ചൊരിയുമ്പോൾ ഇരുചക്ര – നാലുചക്ര വാഹനങ്ങൾക്ക് ഒരു രൂപ പോലും സബ്സിഡി നൽകാതെ കേരളം. പല സംസ്ഥാനങ്ങളും വൈദ്യുത വാഹനങ്ങൾക്കു ഗണ്യമായ തുക സബ്സിഡി നൽകുന്നതിനു പുറമേ, റോഡ് നികുതിയിൽ 100 % ഇളവും പ്രഖ്യാപിച്ചാണ് ഇ– മൊബിലിറ്റിക്കു പവർ നൽകുന്നത്. കേരളം, ഇ – റിക്ഷകൾക്കു മാത്രമാണു പർച്ചേസ് സബ്സിഡി നൽകുന്നത്. റോഡ് നികുതി ഇളവ് 50 % മാത്രം. 

മറുനാടുകളിൽ സബ്സിഡി വൻ തുക 

മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ മുതൽ ഡൽഹിയും അസമും മേഘാലയയും പോലുള്ള ചെറിയ സംസ്ഥാനങ്ങൾ വരെ വൈദ്യുത വാഹനങ്ങൾക്കു വലിയ പ്രോത്സാഹനമേകുന്നു. ഇരുചക്ര വാഹനങ്ങൾക്ക് ഈ സംസ്ഥാനങ്ങൾ 5000 രൂപ മുതൽ 30,000 രൂപ വരെ സബ്സിഡി നിബന്ധനകൾക്കു വിധേയമായി നൽകുന്നു. മിക്ക സംസ്ഥാനങ്ങളും റോഡ് നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നാലുചക്ര വാഹനങ്ങൾക്ക് 60,000 മുതൽ1.5 ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന സംസ്ഥാനങ്ങളുണ്ട്. മറ്റു രീതിയിലും സർക്കാരുകൾ ഇ– മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നു.

ആന്ധ്ര സർക്കാർ ഇരുപതിനായിരത്തിലേറെ ഇ–സ്കൂട്ടറുകൾ സർക്കാർ ജീവനക്കാർക്കായി വാങ്ങുന്നത് ഉദാഹരണം. സബ്സിഡിയില്ലെങ്കിലും തെലങ്കാന പോലുള്ള ചില സംസ്ഥാനങ്ങൾ റോഡ് നികുതി പൂർണമായി ഇളവു ചെയ്തിട്ടുണ്ട്. കേരളം പക്ഷേ, അതിനു പോലും തയാറായിട്ടില്ല. 2021ൽ കേരളത്തിൽ റജിസ്റ്റർ ചെയ്തത് 8683 വൈദ്യുത വാഹനങ്ങളാണ്. പുതുവർഷത്തിലും മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. സബ്സിഡി കാര്യത്തിൽ തീർത്തും പിന്നിലാണു കേരളമെങ്കിലും  ഇ– മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. 

Content highlights: Electric vehicle, Subsidy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com