ADVERTISEMENT

രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയെയും ബിഎസ്ഇയെയും കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ കഴിഞ്ഞ ലക്കം ഓഹരിപാഠത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. സെക്കൻഡറി മാർക്കറ്റുമായി ബന്ധപ്പെട്ട് സാധാരണ നിക്ഷേപകർ അവശ്യം അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങളും ഓർത്തുവയ്ക്കേണ്ട ചില പദങ്ങളും ഇത്തവണ പരിചയപ്പെടാം.

ഓഹരി സൂചിക അഥവാ ഇൻഡക്സ്

ഓഹരി വിപണിയുടെ ഗതിവിഗതികൾ മനസ്സിലാക്കാൻ സഹായിക്കുന്ന സ്ഥിതിവിവര സൂചകത്തെയാണ് ഇൻഡക്സ് (സൂചിക) എന്നു വിളിക്കുന്നത്. വിപണിയുടെ മൊത്തത്തിലുള്ള ട്രെൻഡ് എന്താണെന്നും നിക്ഷേപകർ വിപണിയോട് എടുക്കുന്ന സമീപനം എന്താണെന്നും സൂചിക നോക്കിയാണു വിലയിരുത്തപ്പെടുന്നത്. 

സ്ഥിരമായി കേട്ടുവരാറുള്ള ബുൾ മാർക്കറ്റ്, ബെയർ മാർക്കറ്റ് എന്നീ പദങ്ങളെല്ലാംതന്നെ സൂചികയുടെ ഉയർച്ചതാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അനുകൂല സാഹചര്യങ്ങളുടെയും അതുവഴി ഉടലെടുക്കുന്ന വാർത്തകളുടെയുമൊക്കെ അടിസ്ഥാനത്തിൽ സൂചികയിൽ കാണിക്കുന്ന വർധന ബുള്ളിഷ് ട്രെൻഡ് അഥവാ കാളകളുടെ കുതിപ്പ് ആയും നെഗറ്റീവ് ചുറ്റുപാടുകളിൽ സൂചിക താഴേക്കു പതിക്കുമ്പോൾ അത്തരം വീഴ്ച ബെയറിഷ് ട്രെൻഡ് അഥവാ കരടികൾ മേൽക്കൈ നേടുന്ന അവസ്ഥയായും വിപണിയിൽ വിവക്ഷിക്കപ്പെടുന്നു. 

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ വലുപ്പം അഥവാ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ, അവയുടെ ഓഹരികളിൽ നടക്കുന്ന വ്യാപാരത്തിന്റെ തോത്, കമ്പനികൾ ഉൾപ്പെടുന്ന ഇൻഡസ്ട്രിയുടെ പ്രാതിനിധ്യം മുതലായവയെല്ലാം പരിഗണിച്ചാണ് ഇൻഡെക്സ് എന്ന സംഖ്യയിലെത്തിച്ചേരുന്നത്. ഇന്ത്യയിലെ എക്സ്ചേഞ്ചുകളുടെ പ്രധാനപ്പെട്ട ചില ഇൻഡക്സുകൾ ഏതെല്ലാമാണെന്ന് നോക്കാം. 

∙ പ്രചാരമേറിയതും ബെഞ്ച്മാർക്ക് ഇൻഡക്സുകളുമായ എൻഎസ്ഇ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ്.

∙ കൂടുതൽ വിശാലാടിസ്ഥാനത്തിലുള്ള നിഫ്റ്റി 100, ബിഎസ്ഇ 100.

∙ കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ട ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾ ക്യാപ് മുതലായവ. 

∙ ഇൻഡസ്ട്രികൾക്ക് പ്രത്യേകമായി രൂപീകരിക്കപ്പെട്ട നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി, സിഎൻഎക്സ് ഐടി, സിഎൻഎക്സ് ബാങ്ക് മുതലായവ. 

ഉദാഹരണങ്ങളായി മുകളിൽ കൊടുത്ത ഏതാനും ഇൻഡക്സുകൾക്ക് പുറമെ, ഇരു എക്സ്ചേഞ്ചുകളിലുമായി വേറെയും സൂചികകൾ നിലവിലുണ്ട്. ഇന്ത്യൻ വിപണിയുടെ പ്രധാന സൂചകങ്ങളായി എല്ലായ്പോഴും ചർച്ച ചെയ്യപ്പെടുന്നതും ബെഞ്ച്മാർക്ക് ഇൻഡക്സുകളായി പരിഗണിക്കപ്പെടുന്നവയുമായ ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി എന്നിവയെ അടുത്തറിയാം. 

ബിഎസ്ഇ സെൻസെക്സ്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സജീവമായി ട്രേഡ് ചെയ്യപ്പെടുന്നതും രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നതും പ്രധാനപ്പെട്ട ഇൻഡസ്ട്രികളെയെല്ലാം പ്രതിനിധീകരിക്കുന്നതുമായ 30 മുൻനിര കമ്പനികളുടെ ഓഹരികളുടെ ഓഹരികളിൽ നടക്കുന്ന വ്യാപാര തോത്, ഫ്രീഫ്ളോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ എന്നിവ അടിസ്ഥാനമാക്കി 1986ൽ രൂപീകൃതമായ സൂചികയാണ് എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ്. (വിപണിയിൽ ട്രേഡിങ്ങിന് ലഭ്യമായ എല്ലാ ഓഹരികളുടെയും – പ്രമോട്ടർമാർ, സർക്കാർ മുതലായവരുടേതൊഴിച്ച് – എണ്ണത്തെ അതതു ദിവസത്തെ മാർക്കറ്റ് വിലയുമായി ഗുണിക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ഫ്രീഫ്ളോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ). 

1978–79 അടിസ്ഥാന വർഷമാക്കി 1979 ഏപ്രിൽ ഒന്നിന് വാല്യു 100 എന്ന് കണക്കാക്കിയാണ് ഇപ്പോൾ നാം കണ്ടുവരുന്ന ബിഎസ്ഇ സെൻസെക്സ് അതിന്റെ യാത്ര 1986ൽ ആരംഭിച്ചത്. തുടർന്നിങ്ങോട്ട് സെൻസെക്സിലുണ്ടായ ക്രമാനുഗതമായ വർധന കൗതുകമേറിയതായിരുന്നു. 1990ൽ 1000 പിന്നിട്ട സെൻസെക്സ് 2006ൽ പതിനായിരവും 2014ൽ 25,000 വും മറികടന്നു. 2021 ജനുവരിയിൽ 50,000 പിന്നിട്ട ഇന്ത്യയുടെ ഈ പ്രധാന സൂചിക 2021 സെപ്തംബർ 24ന് 60,000 വും പിന്നിടുകയുണ്ടായി. പ്രധാനപ്പെട്ട കാര്യം, ആയിരത്തിൽനിന്നും 30,000 എത്താൻ നീണ്ട 27 വർഷം എടുത്തുവെങ്കിൽ (1990–2017 കാലഘട്ടം) തുടർന്നുള്ള 30,000 പോയന്റ് വർധന കേവലം 6 വർഷങ്ങൾക്കുള്ളിലാണ് നടന്നത് (2015–2021) എന്നുള്ളതാണ്. 

എൻഎസ്ഇ നിഫ്റ്റി 50

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ പ്രതിനിധീകരിക്കുന്ന പ്രധാന ഓഹരി സൂചികയാണ് നിഫ്റ്റി 50. 1995 അടിസ്ഥാന വർഷമായും 1000 പോയിന്റ് അടിസ്ഥാന വാല്യു ആയും നിശ്ചയിച്ച് 1996 ഏപ്രിൽ മാസത്തിലാണ് നിഫ്റ്റി 50 രൂപം കൊണ്ടത്. ബിഎസ്ഇ സെൻസെക്സ് രാജ്യത്തെ പ്രധാന 30 കമ്പനികളുടെ വ്യാപാരത്തോതും ഫ്രീ ഫ്ളോട്ട് മാർക്കറ്റ് ക്യാപ്പുമൊക്കെ അടിസ്ഥാനമാക്കിയാണ് കണക്കാക്കപ്പെടുന്നതെങ്കിൽ നിഫ്റ്റി 50ൽ 50 കമ്പനികളുടെ വിവരങ്ങളാണ് പരിഗണിക്കപ്പെടുന്നത്. പ്രധാനപ്പെട്ട 13 സെക്ടറുകളെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ കമ്പനികൾ.

1000 പോയിന്റിൽ ആരംഭിച്ച നിഫ്റ്റി 50, 20 വർഷംകൊണ്ട് 2017ൽ 10,000 പോയിന്റ് പിന്നിടുകയും അടുത്ത വെറും 4 വർഷം കൊണ്ട് 2021 ഒക്ടോബറിൽ 18,000 പോയിന്റ് മറികടക്കുകയുമുണ്ടായി. സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇൻഡെക്സ് എന്നത് വിപണിയിലെ ഒരു ദിശാസൂചകം തന്നെയാണ്. ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ നടത്താവുന്ന താരതമ്യ പഠനങ്ങൾക്കും ഭൂരിപക്ഷം വരുന്ന നിക്ഷേപകർ വിപണിയോടു സ്വീകരിക്കുന്ന നിലപാടുകൾ എന്തെന്നു തിരിച്ചറിയാനും സൂചികകൾ സഹായിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com