ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായ ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ എണ്ണം 4600 ആയി ഉയരും; ഏതാനും വർഷങ്ങൾക്കുള്ളിൽ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പാക്കുന്ന എംഎസ്ഇ – സിഡിപി പദ്ധതി പ്രകാരം നിലവിൽ 12 ക്ലസ്റ്ററുകളുണ്ട്; 2720 യൂണിറ്റുകളും. 4 ക്ലസ്റ്ററുകളുടെ നിർമാണം നടന്നുവരുന്നു. പുതുതായി 3 ക്ലസ്റ്ററുകൾ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള 12 ക്ലസ്റ്ററുകളുടെ വികസനത്തിനായി ചെലവിട്ടത് 75.22 കോടി രൂപ. 

പല ഘട്ടങ്ങളിലുള്ള 7 ക്ലസ്റ്ററുകൾ കൂടി ഉൾപെടുത്തുമ്പോൾ മുതൽ മുടക്ക് ഏകദേശം 160 കോടി രൂപ. ക്ലസ്റ്റർ വികസനത്തിനായി കേന്ദ്ര സർക്കാർ 70 %, സംസ്ഥാന സർക്കാർ 20 %, സംരംഭ കൂട്ടായ്മ 10 % എന്നിങ്ങനെയാണു ചെലവു വഹിക്കുന്നത്. കെ – ബിപ് ആണു നിർവഹണ ഏജൻസി.  പുതുതായി നടപ്പാക്കുന്ന കടലാസ് ഉൽപന്ന ക്ലസ്റ്റർ (കണ്ണൂർ), കശുവണ്ടി ക്ലസ്റ്റർ (കൊല്ലം), ഫർണിച്ചർ ക്ലസ്റ്റർ (കോട്ടയം) എന്നിവയ്ക്ക് എംഎസ്ഇ – സിഡിപിയുടെ ദേശീയ സ്റ്റീയറിങ് കമ്മിറ്റിയുടെയും സിഡ്ബിയുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്.

കോട്ടയത്തെ ഫർണിച്ചർ ക്ലസ്റ്ററിൽ 743 യൂണിറ്റുകൾക്കാണ് അവസരം. മുതൽമുടക്ക് 17.20 കോടി രൂപ. കൊല്ലത്തെ കശുവണ്ടി ക്ലസ്റ്ററിൽ 146 യൂണിറ്റുകൾ. 22.51 കോടി രൂപ മുതൽമുടക്ക്.  20,000 തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിലെ പേപ്പർ ഉൽപന്ന ക്ലസ്റ്ററിൽ 123 യൂണിറ്റുകളുണ്ടാകും. മുതൽമുടക്ക് 12.56 കോടി. നിർമാണം പുരോഗമിക്കുന്ന തടി ഫർണിച്ചർ (കോഴിക്കോട്), സ്റ്റീൽ ഫർണിച്ചർ (എറണാകുളം) ക്ലസ്റ്ററുകൾ കമ്മിഷനിങ് ഘട്ടത്തിലേക്കു നീങ്ങുകയാണ്. പപ്പട നിർമാണ ക്ലസ്റ്റർ (തിരുവനന്തപുരം), പ്ലൈവുഡ് ക്ലസ്റ്റർ (എറണാകുളം) എന്നിവ 2 വർഷത്തിനകം കമ്മിഷൻ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com