ADVERTISEMENT

റഷ്യ-യുക്രെയ്ൻ യുദ്ധം രാജ്യത്തെ വിദേശ നാണ്യകരുതൽ ശേഖരത്തെ പിടിച്ചു കുലുക്കാൻ തുടങ്ങിയിട്ട് ഒരുമാസമായി. കുതിച്ചു കയറ്റം നടത്തിയ കരുതൽ ശേഖരം ഇപ്പോൾ താഴേക്ക് വീഴുകയാണ്. എന്നാലും ഒരു കാര്യത്തിൽ ആശ്വസിക്കാം. ഏറ്റവും കൂടുതൽ കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരാൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. ഒന്നാം സ്ഥാനത്ത് ചൈനയാണ്. ഇന്ത്യ അഞ്ചാമതും. ജപ്പാൻ, സ്വിറ്റ്സർലൻഡ്, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിൽ. 

ഏപ്രിൽ 8ലെ കണക്കുപ്രകാരം കരുതൽ ശേഖരം 247.1 കോടി ഡോളർ കുറഞ്ഞ് 6,04,004 കോടി ഡോളറിലെത്തി. ഇതുവരെ ഉണ്ടായ ഏറ്റവും കനത്ത ഇടിവാണിത്. കളിഞ്ഞ 5 ആഴ്ചകൊണ്ട് കുറഞ്ഞത് 2850 കോടി ഡോളറാണ്. കളിഞ്ഞ സെപ്റ്റംബറിൽ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലവാരമായ 64,245.3 കോടി ഡോളറിൽ എത്തിയിരുന്നു.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് വൻ തോതിൽ ഡോളർ വിറ്റഴിച്ചതാണ് കരുതൽ ശേഖരം കുറച്ചത്. ആഗോള വിപണിയിൽ എണ്ണ വില കുതിച്ചു കയറിയതോടെ ഇറക്കുമതി നേരിടാനാണ് ശ്രമം. ക്രൂഡ് ഓയിൽ വില കഴിഞ്ഞ മാസം ബാലരിന് 139 ഡോളർ വരെ എത്തിയിരുന്നു. എണ്ണയുടെ ആവശ്യത്തിന്റെ 85 ശതമാനം ഇറക്കുമതി നടത്തുകയാണ്. കരുതൽ ശേഖരത്തിൽ നിർണായക പങ്ക് വഹിക്കുന്ന വിദേശ കറൻസികളായ യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് എന്നിവയിൽ 208.2 കോടി ഡോളറിന്റെ കുറവാണ് ഏറ്റവും ഒടുവിലെ കണക്കു പ്രകാരം ഉണ്ടായത്. കൂടാതെ കരുതൽ ശേഖരത്തിലെ കരുത്തായ സ്വർണത്തിന്റെ നിക്ഷേപത്തിലും ഇടിവ് നേരിട്ടു. ഇത് 21 കോടി ഡോളർ താഴ്ന്ന് 4251.9 കോടി ഡോളറായി. 

കോവിഡിനു ശേഷം രാജ്യം സാമ്പത്തിക രംഗത്തു തിരിച്ചു വരവിനു ശ്രമം തുടങ്ങിയിട്ടുണ്ട്. കണക്കുകൂട്ടൽ അനുസരിച്ച് വളർച്ച നേടിയാൽ ഈ വർഷം പ്രതിദിനം 51.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് വേണ്ടി വരുമെന്ന് കണക്കാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം അധികം. 2022-2023 സാമ്പത്തിക വർഷം മൊത്തം 21.45 ലക്ഷം ടൺ എണ്ണ വേണ്ടി വരുമെന്നും കരുതുന്നു. കോവിഡിന് മുൻപ് 2018ൽ പ്രതിദിന ആവശ്യം 49.8 ലക്ഷം ബാരലായിരുന്നു. 2020ൽ ഇത് 45 ലക്ഷമായി കുറഞ്ഞു. 2021ൽ 47.6 ലക്ഷം ബാരലിലെത്തി. ഈ വർഷം ജനുവരിയിൽ ഇറക്കുമതി 45 ലക്ഷം ബാരലായി കുറഞ്ഞിരുന്നു.

ഇന്ധന വില കുതിച്ചു കയറുമ്പോഴും ഇന്ധന ഉപയോഗത്തിൽ യാതൊരു കുറവും വരുന്നില്ല. ഡീസൽ വിൽപന മാർച്ചിൽ റെക്കോർഡ് തലത്തിലെത്തി, വിറ്റഴിച്ചത് 77.1 ലക്ഷം ടൺ. പെട്രോൾ വിൽപന 29.1 ലക്ഷം ടണ്ണിലെത്തി. 

നാണ്യപ്പെരുപ്പത്തിനും വിദേശ നാണ്യകരുതൽ ശേഖരത്തിനും ഭീഷണിയായി സ്വർണ ഇറക്കുമതി കൂടുകയാണ്. ഈ വർഷവും സ്വർണത്തിനു മികച്ച ഡിമാൻഡ് ആയിരിക്കുമെന്ന് ലോക ഗോൾഡ് കൗൺസിലും പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഏപിൽ-ഫെബുവരി കാലയളവിൽ ഇറക്കുമതി 75 ശതമാനമാണ് ഉയർന്നത്. 4510 കോടി ഡോളറിന്റെ ഇറക്കുമതി നടത്തി. 2020-2021 സാമ്പത്തിക വർഷത്തിൽ 2611 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയത്. ഇറക്കുമതിയിൽ അൽപം കുറവ് ഉണ്ടായത് ഫെബ്രുവരിയിൽ മാത്രം. 11.45 ശതമാനം താഴ്ന്ന് 470 കോടി ഡോളറായി. ഇറക്കുമതി തീരുവ കുറച്ചതാണ് സ്വർണ ഇറക്കുമതി കൂട്ടിയതെന്നും പറയുന്നു, ഇതോടെ നേരായ മാർഗത്തിലുള്ള ഇറക്കുമതി വർധിക്കുകയും ചെയ്തു. 2011ൽ ആയിരുന്നു ഏറ്റവും അധികം ഇറക്കുമതി നടന്നത്. 5390 കോടി ഡോളറിന്റെ ഇറക്കുമതി.

ഇറക്കുമതിയിലെ വർധന കനത്ത ഭീഷണി ഉയർത്തുന്നത് വ്യാപാര കമ്മിയിലാണ്. 2021-2022 ൽ വ്യാപാര കമ്മി 17,600 കോടി ഡോളറായി ഉയർന്നു. തൊട്ട് മുൻ വർഷം ഇത് 8900 കോടി ഡോളറായിരുന്നു. ഇത് രൂപയുടെ മേൽ ചെലുത്തുന്ന സമ്മർദം ചില്ലറയല്ല. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 75 കടന്ന സന്ദർഭങ്ങളുണ്ട്. എന്നാൽ ആശ്വസിക്കാൻ ഒരു കാരണമുണ്ട്. ജ്വല്ലറി കയറ്റുമതി 57.5 ശതമാനം കൂടി 3525 കോടി ഡോളറായി.

ഈ വർഷം  സ്വർണം ഇറക്കുമതി  850 ടണ്ണിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് സംഭവിച്ചാൽ 6 വർഷത്തെ ഏറ്റവും ഉയർന്ന തോതായിരിക്കും. 2021ൽ 797 ടണ്ണായിരുന്നു ഇറക്കുമതി. ഇതാകട്ടെ മുൻ വർഷത്തെ അപേക്ഷിച്ച് 79 ശതമാനം കൂടുതലും.എന്നാൽ പ്രമുഖ കറൻസികളിൽ സ്വർണത്തിലുള്ള നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം കുറഞ്ഞതായാണ് കണക്ക്. ഡോളറിലുള്ള നിക്ഷേപത്തിലാണ് ഇത് കൂടുതൽ. 4.30 ശതമാനം. ടർക്കിഷ് ലിറയിൽ ഉള്ള നിക്ഷേപത്തിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്. 67.70 ശതമാനം. തൊട്ടു പിന്നിൽ ജാപ്പനീസ് യെൻ. 6.70 ശതമാനം. യൂറോയിൽ ഉള്ള നിക്ഷേപത്തിലുള്ള കയറ്റം 3.30 ശതമാനം.

അതേസമയം, ഉയർന്ന നാണ്യപ്പെരുപ്പം ഉള്ള സമയത്താണ് സ്വർണത്തിൽ നിന്നുള്ള വരുമാനത്തിൽ ഏറെ നേട്ടം ഉണ്ടാകുന്നത്. സ്വർണത്തിലുള്ള നിക്ഷേപം കൂടുമ്പോൾ വിലയും വർധിക്കുമെന്ന വാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വർഷം വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. ഡോളർ വിലയിലെ കയറ്റിറക്കവും പലിശ നിരക്കുകളിൽ വിവിധ കേന്ദ്ര ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളും ഇതിൽ പ്രധാനമാണ്.

English Summary: India's Foreign Exchange Reserves falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com