ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെ ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ 27–ാം സ്ഥാനത്താണു കേരളം. 2021 ഏപ്രിലിൽ 2,466 കോടി ജിഎസ്ടി വരുമാനമായി കിട്ടിയെങ്കിൽ കഴിഞ്ഞ മാസം കിട്ടിയത് 2,689 കോടിയാണ്. ശരാശരി 14% വളർച്ച പ്രതീക്ഷിക്കുന്നിടത്ത് 9% മാത്രമാണ് കേരളത്തിന്റെ ജിഎസ്ടി വളർച്ചാ നിരക്ക്. 

14% വളർ‌ച്ച ഇല്ലെങ്കിൽ ബാക്കി തുക കേന്ദ്രം നൽകുന്നതാണു ജിഎസ്ടി നഷ്ടപരിഹാര പാക്കേജ്. നഷ്ടപരിഹാരം നിർത്തലാക്കുമ്പോൾ പകരം ജിഎസ്ടി വരുമാനം വർധിപ്പിച്ചു പിടിച്ചുനിൽക്കാനുള്ള കെൽപ് കേരളത്തിനില്ലെന്നാണു പുതിയ വരുമാനക്കണക്കുകൾ സൂചിപ്പിക്കുന്നത്. 103 കോടിയിൽ നിന്ന് 196 കോടിയിലേക്കു കുതിച്ച അരുണാചൽ പ്രദേശാണ് വരുമാന വളർച്ചയിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ വരുമാനം നേടിയത് വാണിജ്യ, വ്യവസായ കേന്ദ്രമായ മഹാരാഷ്ട്രയാണ്. 22,013 കോടി രൂപയിൽ നിന്ന് 27,495 കോടി രൂപയിലേക്കാണ് മഹാരാഷ്ട്രയുടെ പ്രതിമാസ വരുമാന വളർ‌ച്ച. 

രാജ്യത്തെ ആകെ ജിഎസ്ടി വരുമാനത്തിന്റെ 21 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. കേരളത്തിന്റെ സംഭാവനയാകട്ടെ 2 ശതമാനവും. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് 10 ശതമാനവും കർ‌ണാടക 19 ശതമാനവും വളർച്ച നേടി. ജിഎസ്ടി നടപ്പാക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതൽ നേട്ടം എന്നായിരുന്നു ഒന്നാം പിണറായി സർക്കാർ പ്രതീക്ഷിച്ചതെങ്കിലും ജിഎസ്ടിക്ക് 5 വയസ്സാകുമ്പോൾ കേരളം ഏറ്റുവാങ്ങുന്നതു തിരിച്ചടി മാത്രമാണ്. കഴിഞ്ഞ 5 വർഷവും നികുതി ചോർച്ച കണ്ടെത്താനും പരിഹാര നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ വരുമാനക്കുറവിനു കാരണം. 

ഓഡിറ്റ് വിഭാഗത്തിലേക്കു ജീവനക്കാരെ വിന്യസിക്കാൻ തുടങ്ങിയത് 2 മാസം മുൻപ് മാത്രമാണ്. കുടിശികക്കാരെ കണ്ടെത്തുന്നതിനും ഫലപ്രദമായി ഇടപെടുന്നതിനും സഹായിക്കുന്ന ബാക്ക് ഓഫിസ് സോഫ്റ്റ്‌വെയർ നടപ്പാക്കിയതും ഈയിടെയാണ്. ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കൽ ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പു മൂലം ഫലപ്രദമായി നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. നികുതി ചോർച്ച തടയാനുള്ള കർശന ഇടപെടലുകൾക്ക് ഉദ്യോഗസ്ഥർ ഇപ്പോഴും മടിച്ചു നിൽക്കുകയുമാണ്. 

Content Highlights: Kerala, GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com