ADVERTISEMENT

കൊച്ചി ∙ ഫിൻടെക് മേഖലയിൽ കേരള സ്റ്റാർട്ടപ്പുകൾക്കു മികച്ച പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ ഫിൻടെക് ആക്സിലറേറ്റർ പദ്ധതിയിൽ 100 കോടി രൂപയുടെ നിക്ഷേപവുമായി ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്. 100 കോടി ഡോളർ മൂല്യം നേടി കേരളത്തിൽ നിന്നുള്ള ആദ്യ യൂണികോൺ പദവി നേടിയ ഓപ്പൺ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണു ഫിൻടെക് ആക്സിലറേറ്റർ ആരംഭിക്കുന്നത്. 

അഞ്ചു വർഷത്തിനുള്ളിൽ 500 ഫിൻടെക് സ്റ്റാർട്ടപ്പുകളെ ആക്സിലറേറ്ററിൽ ഉൾപ്പെടുത്തും. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഫിൻടെക് ഉച്ചകോടിയിലാണ് ആക്സിലറേറ്റർ പ്രഖ്യാപനം. ഫാർമേഴ്സ് ഫ്രഷ് സോൺ, പിൽസ് ബീ, ട്രെയിസ് ഐഎൻസി, ടാക്സ് സ്കാൻ, ഫിൻലൈൻ, മാജിക്കിൾസ് തുടങ്ങിയ സ്റ്റാർട്ടപ്പുകളെയാണ് ആദ്യ റൗണ്ടിൽ ആക്സിലറേഷൻ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ഓരോ സ്റ്റാർട്ടപ്പിനും പരമാവധി 20 ലക്ഷം രൂപയുടെ സഹായധനമാണു നൽകുന്നത്. ഫിൻടെക് ഉച്ചകോടി, ഓപ്പൺ ആക്സിലറേഷൻ പരിപാടി എന്നിവ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ഉദ്ഘാടനം ചെയ്തു. ഫിനാൻസ് വകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി മുഹമ്മദ് സഫിറുല്ല അധ്യക്ഷത വഹിച്ചു. 2030 ആകുമ്പോഴേക്കും യൂണികോൺ കമ്പനികളുടെ പെരുമഴ തന്നെ രാജ്യത്തു പ്രതീക്ഷിക്കാമെന്നു കേരള ഐടി പാർക്സ് സിഇഒ ജോൺ എം.തോമസ് പറഞ്ഞു. 

വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ, പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ, സ്റ്റാർട്ടപ് എക്സ്പോ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടന്നു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ദക്ഷിണമേഖല ഡയറക്ടർ ദേബ് മല്യ ബാനർജി, ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് സിഒഒയുമായ മേബിൾ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. 

ജീവകാരുണ്യത്തിനൊപ്പം സംരംഭകത്വവും 

കൊച്ചി ∙ ജീവകാരുണ്യ പ്രവർത്തനത്തിനൊപ്പം സംരംഭകത്വം കൂടി പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങി ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്. 10 വയസ്സുകാരി ഡൈനേഷ്യ, വീൽചെയറിൽ ലോട്ടറിക്കച്ചവടം നടത്തുന്ന സെറിബ്രൽ പാൾസി ബാധിത അശ്വതി, വ്ലോഗറും സെറിബ്രൽ പാൾസി ബാധിതനുമായ ശ്രീക്കുട്ടൻ എന്നിവരെ ഉൾപ്പെടുത്തി ‘മാജിക്കിൾസ്’ എന്ന പേരിൽ അച്ചാർ സംരംഭം രൂപീകരിക്കുകയും അവരെ തങ്ങളുടെ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്താണ് ഓപ്പൺ ശ്രദ്ധേയമായത്. 

കാഴ്ച – കേൾവി പരിമിതിയുള്ള അമ്മ, നട്ടെല്ലിനു ഗുരുതര രോഗം ബാധിച്ച അച്ഛൻ എന്നിവരെ സഹായിക്കാനായി അച്ചാർ കച്ചവടം തുടങ്ങിയ ഡൈനേഷ്യ, അശ്വതി, ശ്രീക്കുട്ടൻ എന്നിവരെ പത്രവാർത്തകളിലൂടെയാണു പരിചയപ്പെട്ടതും സംയുക്തമായി അച്ചാർ സംരംഭം എന്ന ആശയം ആലോചിച്ചതെന്നും ഓപ്പൺ സിഒഒ മേബിൾ ചാക്കോ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനം മാത്രമായി ഇതിനെ ഒതുക്കാനാകില്ല. സംരംഭം മികച്ച രീതിയിൽ കൊണ്ടു പോകാനുള്ള ശേഷിയുണ്ടെന്ന് അവർ തെളിയിക്കും. നാരങ്ങ, മീൻ, വെളുത്തുള്ളി അച്ചാറുകളാണ് വിപണിയിലിറക്കാൻ പോകുന്നത്. അവർക്ക് ഉൽപന്നങ്ങൾ വികസിപ്പിക്കാനും വിപണന തന്ത്രം രൂപീകരിക്കാനുമുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും മേബിൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com