ക്രെഡിറ്റ് കാർഡ് നല്ല കുട്ടിയാകും

credit-card
SHARE

ചെലവ് അൽപം കൂടുമെങ്കിലും ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന സാമ്പത്തിക സേവനങ്ങൾ പ്രയോജനകരമാണ്. എന്നാൽ കാർഡുകൾ ഉപയോഗിക്കുമ്പോൾ പല ഇടപാടുകാരും ബുദ്ധിമുട്ടിലാകുന്നതും കാണാം. ക്രെഡിറ്റ് കാർഡ് സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് റിസർവ് ബാങ്ക് ഈയിടെ പുറപ്പെടുവിച്ച സമഗ്ര നിയമങ്ങൾ ജൂലൈ ഒന്നിനു നടപ്പിലാക്കും. റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിബന്ധനകളുടെ പശ്ചാത്തലത്തിൽ കാർഡുടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്. 

ആവശ്യപ്പെട്ടിട്ടില്ലാത്ത സേവനങ്ങൾ

എഴുതിയോ ഡിജിറ്റലായോ ആവശ്യപ്പെടാതെ കാർഡുകളും അനുബന്ധ സേവനങ്ങളും ഇടപാടുകാരനെ അടിച്ചേൽപ്പിക്കുന്നതിന് പുതിയ നിയമങ്ങൾ തടയിടും. ആവശ്യപ്പെടാതെ, ഫോണിലൂടെയും നേരിട്ട് ബന്ധപ്പെട്ടും ക്രെഡിറ്റ് കാർഡുകൾ വിപണനം നടത്തുന്നത് കുറ്റകരമാക്കിയിട്ടുണ്ട്.  നിലവിലുള്ള കാർഡുകൾ പോലും ഉടമയുടെ സമ്മതമില്ലാതെ മുന്തിയ ഇനം കാർഡുകളിലേക്ക് ഉയർത്തി മാറ്റി അതിന്റെ ഉയർന്ന ഫീസ് ചുമത്തി ബില്ലുകൾ നൽകുന്നതും ഇനി അനുവദിക്കില്ല.  ഇടപാടുകാരൻ അപേക്ഷിച്ചിട്ടില്ലാത്ത കാർഡുകൾക്കും മറ്റ് സേവനങ്ങൾക്കും പണം ആവശ്യപ്പെട്ടുകൊണ്ട് കാർഡ് ബില്ലുകൾ ലഭിച്ചാൽ ഇനി വിഷമിക്കേണ്ടതില്ല. 

ഇത്തരത്തിൽ ആവശ്യപ്പെടുന്ന തുകയുടെ ഇരട്ടി പിഴയായി കാർഡ് കമ്പനിയിൽനിന്നു വാങ്ങിയെടുക്കാം.  മാത്രമല്ല, ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നൽകിയാൽ പിഴയോടൊപ്പം സമയനഷ്ടത്തിനും മാനസികപീഡനത്തിനും  നഷ്ടപരിഹാരവും കമ്പനികളിൽനിന്ന് കൂടുതലായി ആവശ്യപ്പെടാം.  ഇതിനൊക്കെ പുറമേ, ആവശ്യപ്പെടാതെ കാർഡുകളും സേവനങ്ങളും നൽകുകയും അവ മറ്റുള്ളവർ ദുരുപയോഗപ്പെടുത്തുന്നതുമായ സന്ദർഭങ്ങളിൽ പൂർണ സാമ്പത്തിക ഉത്തരവാദിത്തം കാർഡ് കമ്പനിക്കു തന്നെയായിരിക്കുമെന്നും നിയമമായിട്ടുണ്ട്.  

ആവശ്യപ്പെട്ടാലും ആക്ടിവേഷൻ പ്രധാനം

അപേക്ഷ നൽകിയാണെങ്കിൽക്കൂടി ക്രെഡിറ്റ് കാർഡുകളും അനുബന്ധ സേവനങ്ങളും കമ്പനികളിൽനിന്നു ലഭിച്ചുകഴിഞ്ഞാൽ കാർഡുടമ സ്വയം അവ പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്.  ഒറ്റത്തവണ പാസ് വേഡ് ആവശ്യപ്പെട്ട് അവ ഉപയോഗിച്ച് 30 ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ ഉപയോഗിക്കാനാവൂ. ഈ കാലാവധിക്കുള്ളിൽ കാർഡുടമ ആക്ടിവേറ്റ് ചെയ്യാത്ത സേവനങ്ങൾ കമ്പനി തന്നെ അക്കൌണ്ട് ക്ലോസ് ചെയ്ത് അവസാനിപ്പിക്കണമെന്നും അതിന്റെ ചെലവുകൾ കമ്പനികൾ തന്നെ വഹിച്ചുകൊള്ളണം എന്നുമാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. 

കാർഡ് വേണ്ടെന്നുവയ്ക്കാം

കാർഡ് കമ്പനികളുടെ സേവനം വേണ്ടെന്നു വ്യക്തമാക്കിക്കൊണ്ട് അപേക്ഷ നൽകിയാൽ 7 ദിവസത്തിനുള്ളിൽ കാർഡ് ക്ലോസ് ചെയ്യണം.  കത്തായോ മെയിലായോ മറ്റ് ഓൺലൈൻ രീതികളിലോ ഇതിനായി അപേക്ഷിക്കാം. 7 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്യാത്ത കാർഡുകളിൽ ദിവസേന 500 രൂപ കമ്പനികളിൽനിന്ന് പിഴയായി വാങ്ങിയെടുക്കാനും ഇടപാടുകാർക്ക് അവകാശമുണ്ട്.  ഒരു വർഷം വരെ തുടർച്ചയായി ഉപയോഗിക്കാത്ത കാർഡുകൾ അക്കൌണ്ടുടമയെ അറിയിച്ച ശേഷം കമ്പനികൾക്ക് നേരിട്ട് ക്ലോസ് ചെയ്യാം.  കാർഡ് അക്കൌണ്ടുകൾ ക്ലോസ് ചെയ്യുന്ന വിവരം 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കുകയും വേണം എന്നാണ് റിസർവ് ബാങ്ക് നൽകുന്ന ഉത്തരവ്.

പരാതി പരിഹാരം

കാർഡുകളിൽ പരാതികൾ ഉണ്ടാകുമ്പോൾ അവ കേൾക്കാനും പരിഹരിക്കാനും പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരിക്കണം എന്നാണ് റിസർവ് ബാങ്ക് നൽകുന്ന ശാസന. പരാതി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്റെ പേര്, നേരിട്ടു വിളിക്കാവുന്ന ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, പോസ്റ്റൽ വിലാസം എന്നിവ കാർഡ് സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിരിക്കണം.  പരാതി നൽകി ഒരു മാസത്തിനുള്ളിൽ തീർപ്പ് ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതുമാണ്.

ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല

ക്രെഡിറ്റ് കാർഡിൽ പണം തിരിച്ചടയ്ക്കാൻ ഒരു ദിവസം പോലും വൈകുന്ന സന്ദർഭങ്ങളിൽ പിഴപ്പലിശയും മറ്റും ചുമത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. തിരിച്ചടവു തീയതി മുതൽ മൂന്ന് ദിവസത്തിനു മുകളിൽ വീഴ്ച വന്നാൽ മാത്രമേ തുക പാസ്റ്റ് ഡ്യൂ അഥവാ കുടിശ്ശിക എന്ന് കണക്കാക്കാൻ പാടുള്ളൂ. അതിന് ശേഷം മാത്രമേ സിബിൽ തുടങ്ങിയ ക്രെഡിറ്റ് സ്കോർ ഡേറ്റബേസിൽ വിവരങ്ങൾ ഉൾപ്പെടുത്താവൂ എന്നാണ് പുതിയ ചട്ടം. ക്രെഡിറ്റ് കാർഡിൽ വന്ന കുടിശ്ശിക സംബന്ധിച്ച്  ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിക്കു വിവരങ്ങൾ നൽകുന്നതിന് മുൻപ് കാർഡുടമയ്ക്ക് 7 ദിവസത്തെ നോട്ടീസ് നൽകിയിരിക്കണം എന്നാണ് റിസർവ് ബാങ്ക് നിയമം. 

കാർഡ് സ്റ്റേറ്റ്മെന്റിൽ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട തുക സംബന്ധിച്ച് ഇടപാടുകാരൻ തർക്കം ഉന്നയിക്കുന്ന അവസരങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിച്ച ശേഷം മാത്രമേ കുടിശ്ശിക വരുത്തിയെന്ന് ക്രെഡിറ്റ് ഇൻഫർമേഷൻ രേഖകളിൽ ചേർക്കാവൂ.  അപേക്ഷിക്കാതെ വിതരണം ചെയ്യുന്ന കാർഡുകളുടെ വിവരങ്ങൾ ക്രെഡിറ്റ് സ്കോർ പ്രസിദ്ധീകരിക്കുന്ന കമ്പനികളുടെ ഡേറ്റബേസിൽ ഉൾപ്പെടുത്തുന്നത് കർശനമായും നിരോധിച്ചിട്ടുണ്ട്.  ഇടപാടുകാരൻ ആക്ടിവേറ്റ് ചെയ്ത അക്കൗണ്ടുകൾ മാത്രമേ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കാവൂ. ഇതിനു വിരുദ്ധമായി വിവരങ്ങൾ ക്രെഡിറ്റ് സ്കോറിൽ പ്രത്യക്ഷപ്പെട്ടാൽ അവ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാം.  എന്തായാലും 30 ദിവസത്തിൽ കൂടുതൽ ഇത്തരം വിവരങ്ങൾ ക്രെഡിറ്റ് സ്കോർ ഡേറ്റബേസിൽ ഉണ്ടാകാൻ പാടില്ല. കുടിശ്ശികയായി നിന്ന തുക തിരിച്ചടച്ചു കഴിഞ്ഞാൽ ആ വിവരം ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കാൻ 30 ദിവസത്തിൽ കൂടുതൽ എടുക്കാൻ കമ്പനികൾക്ക് അധികാരമില്ല.

Content Highlights: Credit card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA