ADVERTISEMENT

ദമ്പതികൾക്കു വാനുണ്ട്. ദൂരെ മീൻപിടിത്ത തുറമുഖത്തിൽ അതികാലത്തെഴുന്നേറ്റു പോയി മീനെടുക്കും. നാട്ടിൽ കൊണ്ടുവന്നു വാനിന്റെ ഡിക്കിയിൽ പ്രദർശിപ്പിച്ചു വിൽക്കും. മീൻ വിറ്റ് യാതൊരു പാരമ്പര്യവുമുള്ളവരല്ല. 1000 രൂപയുടെ മീനെടുത്തിട്ട് 2000 രൂപയ്ക്കു വിറ്റാലും മതിയല്ലോ ജീവിക്കാ‍ൻ എന്ന ലൈനാണ്.കഴിഞ്ഞ 2 വർഷത്തിനിടെ വന്ന വേറൊരു മാറ്റമാണിത്. ബിസിനസിൽ അല്ലെങ്കിൽ ഇമ്മാതിരി ബിസിനസുകളിൽ യാതൊരു പാരമ്പര്യവുമില്ലാത്തവരും തുനിഞ്ഞിറങ്ങുന്നു അഥവാ നനഞ്ഞിറങ്ങുന്നു. പുതിയ പിള്ളേരാണ് ഇതിനു പിന്നിൽ. ബിസിനസ് ആണുങ്ങളുടെ ഏർപ്പാടായിരുന്ന കാലവും പോയി. പഴയ കഥാപ്രസംഗക്കാരെപ്പോലെ ‘അവിടെ കൊടൊരു സിംബൽ’ എന്നു പറയണം.

പക്ഷേ അനുകരണം കേരളത്തിലാകെ പ്രശ്നമാകുന്നുണ്ട്. കോവിഡ് കാലത്ത് ഭക്ഷണം വിൽക്കുന്ന സ്റ്റോറുകളും സൂപ്പർമാർക്കറ്റുകളും കൂണുപോലെ മുളച്ചു. തകർത്തു കച്ചവടമായിരുന്നു ഏതു കുഗ്രാമത്തിലും. നഗരത്തിൽ പോയി സാധനങ്ങൾ വാങ്ങിയിരുന്നവർ അടുത്തുള്ള കടയിൽ നിന്നു വാങ്ങാൻ തുടങ്ങിയതോടെ നഗരങ്ങളിൽ മാത്രം കിട്ടിയിരുന്ന സാധനങ്ങൾ കൊച്ചുകടകളിലെത്തി. കോവിഡ് കാലം കഴിഞ്ഞപ്പോഴുള്ള സ്ഥിതി എന്താണെന്നു വച്ചാൽ നഗരത്തിലെ ഇത്തരം കടകളിൽ പഴയ കച്ചവടമില്ല. നാട്ടിൻപുറങ്ങളിൽനിന്നു മുൻപു വന്നിരുന്നവർ വരാത്തതുതന്നെ കാരണം.

സ്റ്റോറുകൾ പെരുകിയപ്പോൾ അവയ്ക്കു വേണ്ട റാക്കുകളും കണ്ണാടി അലമാരകളും അതിന്റെ ഫിറ്റിങ്ങും നടത്തിയിരുന്നവർക്കൊക്കെ കോളായിരുന്നു. ഒരു കവലയിലെ ഒന്നോ രണ്ടോ മൂലയ്ക്ക് സ്റ്റോർ വന്നാൽ വിൽപന കുറയില്ല. നാലു മൂലയ്ക്കും വന്നതും പോരാഞ്ഞു പിന്നെയും തുടങ്ങിയാലോ? ജനത്തിനു വിശ്വാസമുള്ളതിൽ മാത്രം വിൽപന നടക്കും. ബാക്കി പൂട്ടും. അതാണിപ്പോൾ നാടാകെ നടക്കുന്നത്. പൊട്ടിയ കടകളിലെ റാക്കുകൾ കിട്ടിയ വിലയ്ക്കു കൊടുക്കാനുണ്ട്. 

പുതിയ റാക്കുകൾ പണിയുന്ന ബിസിനസിൽ മാന്ദ്യമായി. ചെലവും കൂടി. മുൻപ് 800 ചതുരശ്രയടി അടിപൊളിയായി ഫിറ്റ് ഔട്ട് ചെയ്യാൻ 3–4 ലക്ഷം മതിയായിരുന്നെങ്കിൽ ഇന്ന് 6–7 ലക്ഷം വേണം. പത്തോ പന്ത്രണ്ടോ പ്രവാസികളും നാട്ടുകാരും ചേർന്ന് അഥവാ നഷ്ടം വന്നാലും ഓരോരുത്തർക്കും താങ്ങാവുന്നതരം കാശു മുടക്കി ബിസിനസ് തുടങ്ങുന്ന മോഡൽ വ്യാപകമായിട്ടുണ്ട്. അതുകൊണ്ടു പൂട്ടിയാലും ആർക്കും വലിയ പരുക്കില്ല. കുത്തുപാളയില്ല.

ഒടുവിലാൻ∙മുതൽമുടക്കി അധ്വാനിക്കുന്നവന് ഒരു ദിവസത്തെ കൂലിക്കു തുല്യമായ തുകയെങ്കിലും കിട്ട‍ുമോ എന്നു നോക്കണമെന്നാണ് പയറ്റിത്തെളിഞ്ഞവർ പറയുന്നത്. ദിവസക്കൂലി 900–1000 രൂപയാണേ. അതു കിട്ടുന്നില്ലെങ്കിൽ വേറേ പണി നോക്കുന്നതാണു നല്ലത്.

Content Highlights: Daily wage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com