കൊച്ചി ∙ അംബുജ സിമന്റ്, എസിസി എന്നിവ ഏറ്റെടുത്തു സിമന്റ് നിർമാണത്തിൽ ഗൗതം അദാനി ആധിപത്യം കെട്ടിപ്പടുക്കുമ്പോൾ ആ വ്യവസായത്തിലെ മറ്റു പ്രമുഖ യൂണിറ്റുകളുടെ പോലും ആത്മവിശ്വാസത്തിൽ വിള്ളലുണ്ടാകാമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ഒരേ സമയം രണ്ടു വൻകിട കമ്പനികൾ സ്വന്തമാക്കുന്നതിലൂടെ അദാനിക്കു കൈവരുന്നതു സിമന്റ് നിർമാണരംഗത്തെ രണ്ടാം സ്ഥാനമാണ്.
ഹോൾസിം ഗ്രൂപ്പിന് അംബുജയിലുള്ള 63.39 ശതമാനവും എസിസിയിലുള്ള 54.53 ശതമാനവും പങ്കാളിത്തം അദാനി സ്വന്തമാക്കുകയാണ്. ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ഏറ്റെടുക്കലാണ് 81,400 കോടി രൂപയുടെ ഇടപാട്. ഇന്ത്യൻ കോർപറേറ്റ് രംഗത്തെ ഏറ്റവും വലിയ ലയനത്തിന് എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും തീരുമാനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഏറ്റെടുക്കലുകളുടെ ചരിത്രത്തിലെ ഈ സംഭവം.
ആദിത്യ ബിർലയുടെ അൾട്രാടെക്കിനാണു സിമന്റ് വ്യവസായത്തിൽ ഒന്നാം സ്ഥാനം. അംബുജ, എസിസി എന്നിവയുടെ ഉടമസ്ഥത ഹോൾസിം ഗ്രൂപ്പിന്റെ കൈവശത്തിൽനിന്ന് അദാനിയുടേതാകുന്നതോടെ രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളെല്ലാം വ്യക്തിഗത സംരംഭകരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയാകും. അൾട്രാടെക്, ഡാൽമിയ ഭാരത്, ശ്രീ സിമന്റ്, ജെഎസ്ഡബ്ല്യു സിമന്റ്, ജെകെ സിമന്റ് എന്നിവ ഇപ്പോൾത്തന്നെ സംരംഭകരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
അതിനിടെ, സിമന്റ് നിർമാണത്തിൽ ഒന്നാം സ്ഥാനത്തേക്കു കുതിക്കുക അദാനിക്ക് അത്ര പ്രയാസകരമായിരിക്കില്ലെന്നാണു വ്യവസായലോകത്തിന്റെ അനുമാനം. അടിസ്ഥാന സൗകര്യ സജ്ജീകരണരംഗത്ത് അദാനിക്ക് ഇപ്പോൾത്തന്നെ വലിയ സാന്നിധ്യമാണുള്ളത്. അദാനി ഗ്രൂപ്പിന് ഓസ്ട്രേലിയയിൽ കൽക്കരി ബിസിനസുണ്ട്. ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഊർജോൽപാദനത്തിന് അവിടെനിന്ന് കൽക്കരി യഥേഷ്ടം ഇറക്കുമതി ചെയ്യാം.
ഊർജോൽപാദനത്തിന്റെ ഭാഗമായി ലഭ്യമാകുന്ന ‘ഫ്ളൈ ആഷ്’ സിമന്റ് നിർമാണത്തിലെ സുപ്രധാന അസംസ്കൃത വസ്തുവാണ്. അംബുജ – എസിസി ലയനവും ഭാവിയിലുണ്ടായേക്കും. ഉൽപാദനശേഷി വർധനയും പ്രതീക്ഷിക്കുന്നു. ഇതെല്ലാം ആധിപത്യം സിമന്റിട്ടുറപ്പിക്കാൻ അദാനിക്കു തുണയാകുമെന്നാണു വിലയിരുത്തൽ. മറ്റു നിർമാതാക്കൾക്കു വെല്ലുവിളിയാകാൻപോകുന്നതും ഇതൊക്കെത്തന്നെ.
ഏറ്റെടുക്കൽ വാർത്തയ്ക്ക് ഓഹരി വിപണിയിലും പ്രതികരണമുണ്ടായി. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ അംബുജ സിമന്റിന്റെ ഓഹരി വില 2.31% വർധനയോടെ 367.40 രൂപയിലെത്തി. എസിസിയുടെ ഓഹരി വില 3.75% വർധനയോടെ 2192.50 രൂപയിലാണു ‘ക്ലോസ്’ ചെയ്തത്. അതേസമയം, അൾട്രാടെക്കിന്റെ ഓഹരി വില 3.01% ഇടിഞ്ഞ് 6010 രൂപയായി.