എംസിഎൽആർ അധിഷ്ഠിത പലിശ 0.1% കൂട്ടി എസ്ബിഐ

house
SHARE

ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്കുകളാണ് ഒരു മാസം വ്യത്യാസത്തിൽ രണ്ടാം തവണ കൂട്ടിയത്. 0.1% കൂട്ടിയതോടെ എംസിഎൽആർ നിരക്ക് 7.2 ശതമാനമായി. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. ഇതിനു മുൻപ് 0.1% വർധിപ്പിച്ചത് ഏപ്രിൽ പകുതിക്കാണ്. കഴിഞ്ഞ 3 വർഷത്തിനിടെ ആദ്യമായാണ് എംസിഎ‍ൽആർ അന്ന് എസ്ബിഐ വർധിപ്പിച്ചത്. മറ്റ് ബാങ്കുകളും എംസിഎൽആർ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും.

വിപണിയിലെ നിരക്കുകൾക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് 2016ൽ എംസിഎൽആർ നിർബന്ധമാക്കിയിരിക്കുന്നത്. 2019 മുതൽ എംസിഎൽആറിനു പകരം ഭവനവായ്പകൾ അടക്കമുള്ള പല വായ്പകളും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎൽആർ) ആശ്രയിച്ചാണ്. അതിനാൽ 2019 ഒക്ടോബറിനു മുൻപ് എടുത്തതും പിന്നീട് ഇബിഎൽആറിലേക്ക് മാറാത്തതുമായ എംസിഎൽആർ അധിഷ്ഠിത വായ്പകൾക്കാണ് പലിശ വർധിക്കുക.  ഏപ്രിൽ മുതൽ എസ്ബിഐയുടെ ഇബിഎൽആർ നിരക്ക് 6.65 ശതമാനവും റീപ്പോ അധിഷ്ഠിത ലെൻഡിങ് നിരക്ക് (ആർഎൽഎൽആർ) 6.25 ശതമാനവുമാണ്.

രണ്ടു തവണയായി റീപ്പോ നിരക്ക് 0.75% കൂട്ടിയേക്കും

ജൂണിലും ഓഗസ്റ്റിലും കൂടിയായി റിസർവ് ബാങ്ക് പലിശ നിരക്കിൽ (റീപ്പോ) 0.75 ശതമാനം വർധന വരുത്തിയേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതോടെ പലിശനിരക്ക് കോവിഡിനു മുൻപുള്ള 5.15 ശതമാനത്തിലേക്ക് ഉയരും. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാണ്യപ്പെരുപ്പം വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

വിലക്കയറ്റത്തിന്റെ 59 ശതമാനവും യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായതാണ്. ഇതിൽ 52 ശതമാനവും ഭക്ഷണവസ്തുക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലക്കയറ്റം മൂലമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കാര്യമായി ബാധിച്ചത് ഗ്രാമീണമേഖലയെയാണ്. ഇന്ധനവിലയാണ് നഗരമേഖലകൾക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 6 മുതൽ 8 വരെയാണ് ആർബിഐയുടെ അടുത്ത പണനയസമിതി (എംപിസി) യോഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA