ADVERTISEMENT

കൊച്ചി ∙ പണപ്പെരുപ്പ നിരക്കിലെ തുടർച്ചയായ വർധന ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കനത്ത വെല്ലുവിളി. ഉൽപന്നങ്ങളുടെ വിലക്കയറ്റം ഉപഭോഗം തളർത്തുമെന്നതിനാൽ വരുമാനത്തിൽ വലിയ ഇടിവാണുണ്ടാകുക. ഇതിനെ മറികടക്കാൻ ചില ഉൽപാദകർ നൂതന വിപണന തന്ത്രങ്ങൾ സ്വീകരിച്ചു തുടങ്ങി. അതിനിടെ, അസംസ്‌കൃത വസ്‌തുക്കളുടെ അമിത വില ചെറുകിട ബിസിനസുകളുടെ നിലനിൽപിനുതന്നെ ഭീഷണിയായിട്ടുണ്ട്. ദേശീയ തലത്തിൽ ഇത് ഒന്നരക്കോടിയോളം തൊഴിലാളികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണ്.

പിടിപ്പുകേടിന്റെ വില

വിലക്കയറ്റ നിയന്ത്രണത്തിനു സ്വീകരിക്കേണ്ടതെന്നു സാമ്പത്തിക വിദഗ്‌ധർ നിർദേശിച്ച നടപടികളെ കേന്ദ്ര സർക്കാർ അവഗണിക്കുക മാത്രമല്ല വിരുദ്ധ നടപടികളെടുക്കുകയുമാണു ചെയ്തത്. പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന നിർദേശം നിരാകരിച്ച് അവയുടെ വില അടിക്കടി വർധിപ്പിച്ചു. പണ ലഭ്യത കുറയ്ക്കാൻ നടപടി സ്വീകരിക്കേണ്ടിന്റെ ആവശ്യകത ഓർമിപ്പിച്ചിട്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനങ്ങിയില്ല. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് പലിശ കൂട്ടാൻ തീരുമാനിക്കുന്നതിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആർബിഐ ഉണർന്നത്. കൂടുതൽ വിദേശനാണ്യം ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിക്കപ്പെടുമെന്ന് ആർബിഐക്കു ബോധ്യപ്പെട്ടത് അപ്പോൾ മാത്രം.

വിലക്കയറ്റം 60% വരെ 

ഉപഭോക്തൃ വിലയെയും മൊത്തവിലയെയും അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകൾ ഒരു നിയന്ത്രണവുമില്ലാതെയാണു കുതിച്ചുയരുന്നത്. അവശ്യ സാധനങ്ങൾ മുതൽ ആഡംബര വസ്തുക്കൾ വരെ എല്ലാറ്റിന്റെയും വില വർധനയാണു ഫലം. ചില അസംസ്കൃത വസ്തുക്കളുടെ വില 60% വരെ ഉയർന്നിട്ടുണ്ട്. പാക്കേജിങ് ഉൽപന്നങ്ങൾക്കും വില ഗണ്യമായി വർധിച്ചിരിക്കുന്നു. ചരക്കുനീക്കത്തിന്റെ ചെലവിലെ വർധനയും ഭീമമാണ്.

കോവിഡ് വ്യാപനം ശമിച്ചതിനു ശേഷം വ്യവസായ, വാണിജ്യ മേഖലകളിലുണ്ടായ നേരിയ ഉണർവ് ഇല്ലാതാക്കുന്ന വിധം വിലക്കയറ്റത്തിന്റെ ആഘാതം വിൽപനയിൽ കാര്യമായി അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഉപഭോഗ നിയന്ത്രണത്തിന് ഉപഭോക്താക്കൾ നിർബന്ധിതരാകുകയാണ്. ഉപഭോഗത്തിലെ ഇടിവ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നു ഭയപ്പെടുന്നു.

വഴിയടഞ്ഞപ്പോൾ പുതിയ വഴി

ഉൽപാദനച്ചെവിന് ആനുപാതികമായി ഉൽപന്ന വില വർധിപ്പിക്കുക മാത്രമാണു കമ്പനികൾക്കു മുന്നിലുള്ള വഴി. എന്നാൽ ഇതിനു പരിമിതികളുണ്ട്. അതുകൊണ്ടാണു ചില കമ്പനികൾ, അതിവേഗ വിൽപനയുള്ള ഉപഭോക്തൃ ഉൽപന്നങ്ങൾ (എഫ്എംസിജി) നിർമിക്കുന്നവ പ്രത്യേകിച്ചും, പുത്തൻ തന്ത്രങ്ങൾ സ്വീകരിക്കുന്നത്. വില കൂട്ടുന്നതിനു പകരം അളവു കുറയ്ക്കുക, പാക്കേജിങ്ങിന്റെ ചെലവു കുറയ്ക്കുക, പ്രചാരണച്ചെലവുകൾ നിയന്ത്രിക്കുക തുടങ്ങിയവ തന്ത്രങ്ങളിൽ ചിലതു മാത്രം.

‘ലോ യൂണിറ്റ് പ്രൈസ്’ (എൽയുപി) എന്ന വിപണന സങ്കേതമാണു ചില കമ്പനികൾ സ്വീകരിക്കുന്നത്. അതായത്, തീരെ വില കുറഞ്ഞ ചെറിയ പായ്ക്കറ്റുകളായി ഉൽപന്നങ്ങൾ വിപണനം ചെയ്യുക എന്ന തന്ത്രം. ഒരു രൂപ മുതൽ 10 രൂപ വരെ മാത്രം വിലയിട്ടു വിൽക്കുന്ന പായ്ക്കറ്റുകളാകുമ്പോൾ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവ വാങ്ങാനാവും. ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കളെയാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. എഫ്എംസിജി കമ്പനികളുടെ വിൽപനയിൽ 25 മുതൽ 55% വരെ ഇപ്പോൾ ഈ വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളാണ്. ക്രയശേഷി കൂടിയ ഉപഭോക്താക്കളുള്ള നഗര, അർധ നഗര വിപണികളിൽ വലിയ പായ്ക്കറ്റുകളുടെ വില വർധന വലിയ പ്രശ്നമാകുന്നതായി വിപണനക്കാർ പറയുന്നില്ല. ഇപ്പോഴത്തെ നിലയിൽ വിൽപനയ്ക്കു നേരിടുന്ന വെല്ലുവിളികൾ മൂന്നു മുതൽ ആറു മാസം വരെ നീണ്ടുനിൽക്കാമെന്നാണു വിപണനരംഗത്തുള്ളവരുടെ അനുമാനം.

അടച്ചുപൂട്ടൽ ഭീഷണിയിൽ

വൻകിട കമ്പനികൾക്കു പ്രതിസന്ധി നേരിടാനാകുമെങ്കിലും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അതിനുള്ള ശേഷിയില്ല. ഇന്ധനം, വൈദ്യുതി, അസംസ്‌കൃത വസ്‌തുക്കൾ, പാക്കിങ് സാമഗ്രികൾ തുടങ്ങിയവയുടെയെല്ലാം വിലക്കയറ്റം മൂലം പല ചെറുകിട ബിസിനസുകളും അടച്ചുപൂട്ടൽ ഭയക്കുന്ന അവ്‌സഥയിലാണെന്ന് അഞ്ചു ലക്ഷത്തോളം സംരംഭങ്ങളുടെ പ്രാതിനിധ്യമുള്ള കൺസോർഷ്യം ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ചൂണ്ടിക്കാട്ടുന്നു. ഒന്നര കോടിയോളം തൊഴിലാളികളുടെ ആശ്രയമാണ് ഈ സംരംഭങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com