ഇന്ത്യ, യുഎസ് അടക്കം 13 രാജ്യങ്ങളുടെ കരാർ; വ്യാപാരം സുഗമമാക്കാൻ

ipef
SHARE

ന്യൂഡൽഹി∙ മേഖലയിലെ വ്യാപാര, വാണിജ്യ ബന്ധങ്ങൾ സുഗമമാക്കുന്നതിനുള്ള ഇൻഡോ–പസിഫിക് സാമ്പത്തിക രൂപരേഖയ്ക്കു(ഐപിഇഎഫ്) തുടക്കമായി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുഎസും ഇന്ത്യയടക്കം 12 രാജ്യങ്ങളുമടങ്ങിയ വ്യാപാര സഖ്യത്തിന്റെ പ്രഖ്യാപനം നടത്തി. ടോക്കിയോയിൽ ക്വാഡ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു രാഷ്ട്രങ്ങളുടെ പ്രതിനിധികളും തലവന്മാരും പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ലോകത്തിലെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 40% ഈ രാജ്യങ്ങളിൽ നിന്നാണ്. 

ഇൻഡോ പസിഫിക് മേഖലയിൽ വ്യാപാര രംഗത്ത് ആധിപത്യം നേടാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ബദലാകും എന്നതാണ് ഈ ചട്ടക്കൂടിന്റെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. യുഎസിനും ഇന്ത്യക്കും പുറമേ, ഓസ്ട്രേലിയ, ജപ്പാൻ, ബ്രൂണെയ്, ഇന്തോനീഷ്യ, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ഈ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ അനായാസവും സുസ്ഥിരവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആമുഖ ഭാഷണത്തിൽ പറഞ്ഞു. 

ആഗോള സാമ്പത്തിക വളർച്ചയ്ക്കുള്ള ചാലകശക്തിയാകും ഈ കൂട്ടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിതരണ ശൃംഖലകളുടെ ആധാരശിലകളായ വിശ്വാസം, സുതാര്യത, സമയനിഷ്ഠ എന്നിവയെ ശക്തിപ്പെടുത്താൻ അതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉൽപാദനം, സാമ്പത്തിക പ്രവർത്തനങ്ങൾ, ആഗോള വ്യാപാരം, നിക്ഷേപം എന്നിവയുടെ കേന്ദ്രമാകും ഇൻഡോ പസിഫിക് മേഖല. നൂറ്റാണ്ടുകളായി ഇന്തോ പസഫിക് മേഖലയുടെ വ്യാപാര കേന്ദ്രമാണ് ഇന്ത്യ. മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ കഴിയുമെന്നും മോദി പറഞ്ഞു.

കൊറിയൻ പ്രസിഡന്റ് യൂൻ സുക് യിയോൾ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിത, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീയെൻ ലൂങ്, തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓ ച, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, മറ്റു രാജ്യങ്ങളിലെ ധന–വാണിജ്യ മന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ഐപിഇഎഫ്

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമേഖലയിലുണ്ടായ മാന്ദ്യം അതിജീവിക്കാനുള്ള ഇൻഡോ പസിഫിക് മേഖലയുടെ ശ്രമമായാണ് കരാറിനു രൂപം നൽകിയത്. സാങ്കേതിക വിദ്യ, വിതരണ ശൃംഖലകളുടെ ഏകോപനം, ജോലി അവസരങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവയിൽ ഇത് നിർണായകമാകും. ‘സമൃദ്ധിയിലേക്കുള്ള ഇൻഡോ പസിഫിക് ഇക്കണോമിക് ഫ്രെയിംവർക്ക്’ എന്നാണ് സംയുക്ത പ്രഖ്യാപനത്തിൽ കൂട്ടായ്മയെ വിശേഷിപ്പിച്ചത്. മേഖലയിലെ മറ്റു രാജ്യങ്ങളെയും ഇതിൽ പങ്കു ചേരാൻ ക്ഷണിച്ചു. വ്യാപാരം, വിതരണശൃംഖലകൾ, പുനരുപയോഗ ഊർജവ്യാപനം, നികുതി വ്യാപനം–അഴിമതി തടയൽ എന്നിവയിലൂന്നിയാകും ്രപവർത്തനം. നികുതിവെട്ടിപ്പും പണം തിരിമറിയും തടയാൻ പൊതു സംവിധാനമുണ്ടാകും.

Content Highlights: Business, IPEF

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS