ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിക്കും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നീക്കം. വർഷം 1 കോടി ടൺ ആയി പരിമിതപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ വിപണിയിലെ വില കുറഞ്ഞതായാണ് സർക്കാരിന്റെ വിലയിരുത്തൽ. 

മേയ് 18 വരെയുള്ള കണക്കനുസരിച്ച് 75 ലക്ഷം ടൺ പഞ്ചസാര ഇന്ത്യ കയറ്റി അയച്ചുകഴിഞ്ഞു. 90 ലക്ഷം ടണ്ണിനുള്ള കരാറാണ് നിലവിൽ ഒപ്പിട്ടിരിക്കുന്നത്. കയറ്റുമതി വർധിപ്പിക്കാൻ മില്ലുകൾക്ക് കൂടുതൽ ആനുകൂല്യം നൽകുമെന്ന് സർക്കാർ അറിയിച്ചത് ഒരാഴ്ച മുൻപാണ്. അന്ന് ചെറുകിട വിപണിയിലെ ശരാശരി വില കിലോഗ്രാമിന് 41.5 രൂപയായിരുന്നു. വരും മാസങ്ങളിൽ വില 40–43 രൂപ രൂപയായി തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ അന്നു പറഞ്ഞത്. ഇറക്കുമതി നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ പഞ്ചസാര കമ്പനികളുടെ ഓഹരി വൻ തോതിൽ ഇടിഞ്ഞു.

പഞ്ചസാര ഉൽപാദനത്തിൽ ഇന്ത്യ രണ്ടാമത്

ബ്രസീൽ കഴിഞ്ഞാൽ പഞ്ചസാര ഉൽപാദക രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. കഴിഞ്ഞ വർഷം 3.55 കോടി ടൺ ഉൽപാദിപ്പിച്ചപ്പോൾ 90 ലക്ഷം ടൺ ആണ് കയറ്റിയയച്ചത്. 35 ലക്ഷം ടൺ പെട്രോളിൽ ചേർക്കാനുള്ള എഥനോളിന്റെ നിർമാണത്തിനായി മാറ്റിയിരുന്നു. യുപി, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളാണ് 80 ശതമാനവും ഉൽപാദിപ്പിക്കുന്നത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ബിഹാർ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ബാക്കി ഉൽപാദകർ. ഇന്തൊനീഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, യുഎഇ, മലേഷ്യ, സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പഞ്ചസാര വാങ്ങുന്നത്. 2017–18നെ അപേക്ഷിച്ച് 2021–22ൽ 15 മടങ്ങ് വളർച്ചയാണ് കയറ്റുമതിയിലുണ്ടായത്.

സൂര്യകാന്തി എണ്ണ: നികുതി ഒഴിവാക്കി

ന്യൂഡൽഹി∙ 20 ലക്ഷം മെട്രിക് ടൺ വീതം ക്രൂഡ് സൂര്യകാന്തി എണ്ണയുടെയും സോയാബീൻ എണ്ണയുടെയും ഇറക്കുമതിക്ക് രണ്ടു വർഷത്തേക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.  വിലക്കയറ്റം തടയുന്നതിനായി ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനാണ് കസ്റ്റംസ് നികുതി, അഗ്രികൾചർ, ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവ പൂർണമായും ഒഴിവാക്കിയത്.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഇറക്കുമതിയിൽ ഇടിവുണ്ടായതോടെ സസ്യഎണ്ണയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. ആവശ്യമുള്ള സസ്യഎണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നാണ്യപ്പെരുപ്പവും വിലക്കയറ്റവും തടയുന്നതിനായി കൂടുതൽ ഉൽപന്നങ്ങളുടെ നികുതിയിൽ വൈകാതെ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com