ADVERTISEMENT

തിരുവനന്തപുരം∙ തേങ്ങ ഉൽപാദനം ഇരട്ടിയാ‍യതോടെ കേരളത്തിൽ തേങ്ങയ്ക്കും കൊപ്ര‍യ്ക്കും വില‍ത്തകർച്ച. പല മില്ലുകളും കൊ‍പ്ര സംഭരണം നിർത്തിയതോടെ തേങ്ങയും കൊപ്ര‍യും വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. നാഫെ‍ഡിന്റെ കൊ‍പ്ര സംഭരണവും കൃഷി വകുപ്പിന്റെ പച്ചത്തേങ്ങ സംഭരണവും പാളിയതും കർഷകർക്കു തിരിച്ചടിയായി.

ഒരു മാസം മുൻപ് കിലോയ്ക്ക് 28 രൂപയായിരുന്ന തേങ്ങയുടെ മൊത്ത വില ഇപ്പോൾ 24 രൂപയായി. കിലോയ്ക്ക് 25–26 രൂപ വരെയാണ് ഇന്നലെ പാലക്കാട് മാർക്കറ്റിലെ ചില്ലറ വില. ചില്ലറ വിലയ്ക്ക് തേങ്ങ വാങ്ങിയ ശേഷം കിലോയ്ക്ക് 30 രൂപയ്ക്കു വരെ കടകളിൽ വിൽക്കുന്ന‍വരുമുണ്ട്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തേങ്ങ ഉൽപാദനം കൂടിയതും കർഷകരെ വലയ്ക്കുന്നു. മുൻകാലങ്ങളിൽ കേരളത്തിൽ നിന്നു തമിഴ്നാട് തേങ്ങ സംഭരിച്ചിരു‍ന്നെങ്കിലും അതും നിർത്തി. സ്റ്റോക്കുള്ള‍തിനാൽ കേരളത്തിലെ മില്ലുടമകളും തേങ്ങ വാങ്ങുന്നില്ലെന്നു കർഷകർ പറയുന്നു.

ഒരു മാസം മുൻപ് ക്വിന്റലിന് 9200 രൂപയായിരുന്ന മിൽ കൊപ്ര‍യ്ക്ക് 8700 രൂപയാണ് ഇന്നലെ വടകര മാർക്കറ്റിലെ വില. ഉണ്ടക്കൊപ്ര ക്വിന്റലിന് 16,200 രൂപയിൽ നിന്നു 14,100 രൂപയായും കൊട്ടത്തേങ്ങ 9759 രൂപയിൽ നിന്നു 9000 രൂപയായും കുറഞ്ഞു.കേരളത്തിൽ നിന്ന് 6 മാസത്തിനുള്ളിൽ 50,000 ടൺ കൊപ്ര സംഭരിക്കാനായിരുന്നു കേന്ദ്ര സർക്കാർ നാഫെ‍ഡിനു നൽകിയ നിർദേശം. സംഭരണം തുടങ്ങി രണ്ടര മാസം പിന്നിടുമ്പോൾ ഇതു വരെ നാഫെഡ് സംഭരിച്ചത് വെറും 48 ക്വിന്റൽ കൊപ്ര മാത്രം.

പച്ചത്തേങ്ങ കിലോയ്ക്ക് 32 രൂപയ്ക്കും ‍ക‍ൊപ്ര 105.90 രൂപയ്ക്കുമാണ് യഥാക്രമം കൃഷി വകുപ്പും നാഫെഡും സംഭരിക്കുന്നത്.കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ‌നിർദേശങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ കൊ‍പ്ര സംഭരണത്തിൽ നിന്നു കേരഫെഡ് പിൻമാറിയതോടെ മാർക്കറ്റ്ഫെഡ് മുഖേന സംഭരിക്കാ‍നാണു കൃഷി വകുപ്പ് തീരുമാനം. 2 സംഘങ്ങൾ കൂടി സംഭരണത്തിനായി മുന്നോട്ടു വന്നെങ്കിലും സംഭരണം പേരിൽ മാത്രമാണ്. നാ‍ഫെഡിന്റെ സംഭരണ മാനദണ്ഡങ്ങളിൽ കേന്ദ്രം ഇളവു വരുത്തുമെന്നും പച്ചത്തേങ്ങ സംഭരണം ഉൗർജിതമാ‍ക്കുമെന്നുമുള്ള  പ്രഖ്യാപ‍നത്തിലാണ് കർഷകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com