ADVERTISEMENT

കൊച്ചി ∙ ഇന്തൊനീഷ്യയിൽ  നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്. പാമോയിൽ കയറ്റുമതിക്ക് ഇന്തൊനീഷ്യ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച ശേഷം അവിടെ നിന്ന് ആദ്യമാണ് ഇന്ത്യയിലേക്കു ചരക്കെത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ എത്തുന്ന പാമോയിൽ ചില്ലറ വിൽപന ശാലകളിലെത്താൻ ജൂൺ 15 വരെ കാത്തിരിക്കണം. ഇന്തൊനീഷ്യയിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റം പിടിച്ചുനിർത്താനും ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽ ഒരളവുവരെ കുറവു വരുത്താനും സഹായകമാകുമെന്നു കരുതുന്നു.

ഇന്തൊനീഷ്യ ഏപ്രിൽ 28ന് ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം പിൻവലിച്ചതു രണ്ടു ദിവസം മുൻപു മാത്രമാണ്. അവിടത്തെ ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണു നിരോധനം എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒരു മാസം പിന്നിടുന്നതിനു മുൻപ് അവിടത്തെ സംഭരണശാലകൾ നിറഞ്ഞതാണു നിരോധനം പിൻവലിക്കാൻ പ്രധാന കാരണം. കയറ്റുമതി വരുമാനത്തിലുണ്ടായ അതിഭീമമായ ഇടിവും നിരോധനം മതിയാക്കാൻ കാരണമാണ്. ഇന്തൊനീഷ്യ കയറ്റുമതി നിരോധിച്ചതോടെ മലേഷ്യ, തായ്‌ലൻഡ് എന്നിവയെയാണ് ഇന്ത്യ ആശ്രയിച്ചത്. എന്നാൽ അവിടെ നിന്നുള്ള ഇറക്കുമതി നാമമാത്രമായിരുന്നു. അതാകട്ടെ ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വിലയിടിവിനു സഹായകമായതുമില്ല.

അതിനിടെ, രാജ്യാന്തര വിപണിയിൽ എല്ലാ ഇനം ഭക്ഷ്യ എണ്ണകളുടെയും വിലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ വിലയിടിവു മൂലം ഇന്ത്യയിൽ അതിന്റെ നേട്ടം അനുഭവപ്പെടാത്തതാണ്. ഇന്തൊനീഷ്യയിൽ നിന്നുള്ള പാമോയിൽ എത്തുന്നതോടെ ഭക്ഷ്യ എണ്ണകൾക്കു വില കുറയുമെന്നാണു വ്യാപാരികളുടെ അഭിപ്രായം. പോരെങ്കിൽ റഷ്യയിൽ നിന്നും അർജന്റീനയിൽ നിന്നും സൂര്യകാന്തി എണ്ണ കൂടിയ അളവിൽ എത്താൻ ആരംഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ തുടർന്നാണു സൂര്യകാന്തി എണ്ണ ഇറക്കുമതിയിൽ ഇടിവുണ്ടായത്. ഇന്ത്യയിലെ ഭക്ഷ്യ എണ്ണ വിപണിയിൽ പാമോയിലിനു 40% വിഹിതമുണ്ട്. വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, കടുകെണ്ണ, തവിടെണ്ണ തുടങ്ങിയവയുടേതാണു ബാക്കി വിഹിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com