ADVERTISEMENT

അവിടെ തേങ്ങ ഉടയ്ക്കുമ്പോൾ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേന്നു ചോദിച്ചാൽ വേണം. പക്ഷേ അതു പോലുമില്ലല്ലോ. തെലങ്കാനയിൽ വ്യവസായ രംഗത്ത് കഴിഞ്ഞയാഴ്ച എന്തോ തേങ്ങയല്ല നടന്നത്, വ്യവസായികളെ ക്ഷണിച്ച് ആദരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് 50 കോടി മാത്രം മുടക്കിയ കമ്പനിയെപ്പോലും വിളിച്ച് ആദരിച്ചു. പോയവരെല്ലാം ഏതോ മായാലോകത്തെ കാഴ്ചകൾ കണ്ട മാതിരിയാണ് തിരികെ വന്നു സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലല്ലോ എന്ന ദീർഘനിശ്വാസവും കാറ്റായി വീശുന്നു.

കെ.ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി തുടങ്ങിയപ്പോൾ ഡൂക്കിലി സംസ്ഥാനം എന്നു പലരും വിശേഷിപ്പിച്ചത്രെ. റാവു വ്യവസായികളെ ക്ഷണിച്ച് 8 മണിക്കൂർ നീണ്ട യോഗം നടത്തി. അന്നു ലഭിച്ച നിർദേശങ്ങൾ നടപ്പാക്കി. ഇന്ന് ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി.രാമറാവുവാണ് തെലങ്കാനയുടെ ഐടി–വ്യവസായ മന്ത്രി. അമേരിക്കയിൽ നിന്നുള്ള എംബിഎക്കാരൻ.

ഒന്നാന്തരം ഇംഗ്ലിഷിലാണ് രാമറാവുവിന്റെ വാർഷിക റിപ്പോർട്ട് അവതരണം. വ്യവസായരംഗത്തും ഞങ്ങൾ ഇൻക്ളൂസീവാണെന്നും വൻകിട വ്യവസായികളേയും തെരുവിലെ തട്ടുകടക്കാരേയും ഒരു പോലെ പരിഗണിക്കുന്നതാണ് ഇൻക്ളൂസീവ് വളർച്ചയെന്നും റാവു പ്രസംഗിച്ചു. ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിൽ പോയി 4200 കോടിയുടെ നിക്ഷേപം ഒപ്പിച്ചുകൊണ്ടു വന്നിട്ടാണേ സംസാരിക്കുന്നത്. വെറും ചപ്പടാച്ചിയല്ല. 

ആമസോൺ 5000 കോടി നിക്ഷേപിക്കുകയാണ്. വെൽസ്പൺ ഗ്രൂപ്പ് ഫാക്ടറികൾക്കായി 2000 കോടി. എയ്റോസ്പേസ് രംഗത്ത്  മുമ്പിൽ ടാറ്റയുണ്ട്. ഭാവിയിൽ ലോകത്ത് എവിടെയും പറക്കുന്ന വിമാനത്തിന്റെ ഏതെങ്കിലും പാർട്ട് ഹൈദരാബാദിൽ നിർമ്മിച്ചതായിരിക്കുമെന്ന് രാമറാവു പറയുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനു വേണ്ടിയുള്ള പാർട്ടുകൾ പോലും ഇവിടെ നിർമ്മിക്കുന്നത്രെ.

കേരളത്തിന്റെ ശക്തിമേഖലകളായ ഭക്ഷ്യ സംസ്ക്കരണവും ഫിഷറീസും ഉൾപ്പടെ 8 മേഖലകളെ കേന്ദ്രീകരിച്ചാണു വികസനം. ഓരോ മേഖലയ്ക്കും ഒരു ഡയറക്ടറുണ്ട്. ഐഎസുകാരല്ല, ഐഐഎമ്മിൽ നിന്നും മറ്റുമുള്ള ക്യാംപസ് റിക്രൂട്ടുകളാണ്. കരാറടിസ്ഥാനത്തിൽ അവരുടെ ശമ്പളവും വേറേ. ചുമ്മാതല്ല, നിക്ഷേപം കൊണ്ടു വരേണ്ടത് അവരുടെ ജോലിയാണ്. അല്ലാതെ താപ്പാനകളല്ല.  ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ തെലങ്കാന നമ്പർ ത്രീ. നമ്മളോ 28.

നിക്ഷേപകർ വരുമ്പോൾ ഉദ്യോഗസ്ഥരാണു വണങ്ങി നിൽക്കുന്നത്, ഇവിടുത്തപ്പോലെ നേരേ തിരിച്ചല്ല. വാട്സാപ് സന്ദേശത്തിലൂടെ ആവശ്യം അറിയിച്ചാൽ പോലും ഉടൻ മറുപടിയും പരിഹാരവും. ജാഡകളില്ല. നമുക്കും ഇങ്ങനെയൊക്കെ വേണ്ടേ? നമുക്കും എന്നെങ്കിലും തേങ്ങ തന്നെ ഉടയ്ക്കണ്ടേ സ്വാമീ...??

ഒടുവിലാൻ∙ പുറത്തുനിന്ന് കരാർ അടിസ്ഥാനത്തിൽ നമ്മളും കുറേ ‘ഫെലോകളെ’ കൊണ്ടുവന്നിരുന്നു. എല്ലാം ബന്ധുക്കളും പലവിധ വേലകളിൽ വിദഗ്ധരും!! വിവാദത്തിൽപ്പെട്ട് എല്ലാം അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com