ADVERTISEMENT

ന്യൂഡൽഹി∙ രാജ്യം ഏറെ കാത്തിരുന്ന 5ജി സ്പെക്ട്രം (റേഡിയോ ഫ്രീക്വൻസി) ലേലം ജൂലൈ 27 മുതൽ. ടെലികോം കമ്പനികളിൽ നിന്ന് ജൂലൈ 8 വരെ അപേക്ഷ സ്വീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. രാജ്യം ഇതുവരെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. ഏകദേശം 5 ലക്ഷം കോടി രൂപയാണ് അടിസ്ഥാനവിലയായി ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്.

ലേലത്തിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചായിരിക്കും രാജ്യമാകെ 5ജി സേവനം ലഭ്യമാക്കുക. 4ജിയെ അപേക്ഷിച്ച് 10 മടങ്ങ് ഇന്റർനെറ്റ് വേഗമാണ് 5ജിയിൽ സർക്കാർ പ്രതീക്ഷിക്കുന്നത്. 5ജി ലോഞ്ച് സംബന്ധിച്ച പ്രഖ്യാപനം ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നടത്തുമെന്നാണു സൂചന. ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 5ജി എത്തിയേക്കും. 

ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, ലക്നൗ, മുംബൈ, പുണെ എന്നീ 13 നഗരങ്ങളിൽ 5ജി എത്തുമെന്നാണ് ടെലികോം വകുപ്പ് മുൻപ് പറഞ്ഞത്. 

എങ്ങനെ?

72 ഗിഗാഹെർട്സ് സ്പെക്ട്രം 20 വർഷത്തെ കാലാവധിയിലാണ് ലേലം ചെയ്യുന്നത്. 26 മുതൽ 3300 മെഗഹെർട്സ് വരെയുള്ള 10 ബാൻഡുകളിലാണ് ലേലം.കേരളത്തിൽ 600, 700 മെഗാഹെർട്സ് ബാൻഡുകളിൽ ഒരു മെഗാഹെർട്സിന് 110 കോടി രൂപ വീതമാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിൽ ഇത് ‌509 കോടിയും തമിഴ്നാട്ടിൽ 253 കോടി രൂപയുമാണ്. എല്ലാ ഫ്രീക്വൻസി ബാൻഡുകളുടെയും അടിസ്ഥാന വില ഏകദേശം 40 ശതമാനത്തോളം കുറച്ചിരുന്നു. സാമ്പത്തികപ്രതിസന്ധി മൂലമാണ് സ്പെക്ട്രത്തിന്റെ അടിസ്ഥാനവില കുറയ്ക്കണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടത്. 

ടെക് കമ്പനികൾക്ക് നേരിട്ട് 5ജി

ടെലികോം കമ്പനികളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനിടെ ടെക്/ഐടി കമ്പനികൾക്ക് സ്വകാര്യ 5ജി ശൃംഖല വികസിപ്പിക്കുന്നതിനായി സർക്കാരിന് നേരിട്ട് സ്പെക്ട്രം നൽകാനും മന്ത്രിസഭായോഗം അനുമതി നൽകി. ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നായ വലിയ കമ്പനികൾക്ക് നേരിട്ട് സ്പെക്ട്രം ലഭിക്കുന്നത് ടെലികോം കമ്പനികൾക്ക് വൻ വരുമാനനഷ്ടമുണ്ടാക്കും. ടെക് കമ്പനികൾക്ക് റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് സ്വകാര്യ 5ജി ശൃംഖല അനുവദിക്കുന്നത്. 

വ്യവസ്ഥകൾ ഉദാരമാക്കി

ടെലികോം കമ്പനികളുടെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ലേലത്തിൽ വിജയിക്കുന്ന കമ്പനികൾ ഉടനടി പണം മുഴുവനായി നൽകേണ്ട. പകരം 20 ഗഡുക്കളായി ഓരോ വർഷത്തിന്റെയും തുടക്കത്തിൽ നൽകാം. ഒരു ഗഡുവിന് തതുല്യമായ ബാങ്ക് ഗാരന്റി നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കി. സ്പെക്ട്രം യൂസേജ് ചാർജ് ഉണ്ടായിരിക്കില്ല. 10 വർഷം കഴിഞ്ഞാൽ മറ്റു ബാധ്യതകളില്ലാതെ സ്പെക്ട്രം തിരിച്ചുനൽകാൻ കമ്പനികൾക്ക് അനുമതിയുണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com