ADVERTISEMENT

ഇന്ത്യൻ മൊബൈൽ ടെലികോം മേഖലയുടെ പ്രാരംഭം മുതൽ മൂന്നു പതിറ്റാണ്ടുകളായി സംരംഭകനായും പങ്കാളിയായുമൊക്കെ പ്രവർത്തിച്ച ആളെന്ന നിലയിൽ, 5ജിയുടെ വരവ് ഏറെ പ്രത്യാശയോടെയാണ് ഞാൻ കാണുന്നത്. മനുഷ്യർക്കു വേണ്ടിയുള്ള വയർലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5ജി; എന്നാൽ യന്ത്രങ്ങൾക്കത്  ഒന്നാം തലമുറയിൽപ്പെടുന്ന നൂതന സാങ്കേതിക വിദ്യയും. ഏറെ ബുദ്ധിശക്തിയും സ്വയം പ്രവർത്തനശേഷിയുമുള്ള സെൻസറുകളും ഉപകരണങ്ങളും ഇന്റർനെറ്റുമായി കൂട്ടിയിണക്കി 5ജി നിലവിലെ ഡിജിറ്റൽ, മൊബൈൽ ഇന്റർനെറ്റ്  ഭൂമികയെ ആഴത്തിൽ മാറ്റിമറിക്കുകയും പുനർരൂപകൽപന ചെയ്യുകയും ചെയ്യുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്. 

5ജിയെന്നത് 5 ലക്ഷം കോടി ഡോളർ ഡിജിറ്റൽ സാമ്പത്തിക വ്യവസ്‌ഥയെന്ന നമ്മുടെ സുപ്രധാന ലക്ഷ്യത്തിലേക്കുള്ള പാത കൂടിയാണ്. എംഎം വേവ് 5ജി, എംഎം വേവ് ഇതര 5ജി  എന്നീ രണ്ടു ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്ന 5ജി സംവിധാനം, മെയ്ക് ഇൻ ഇന്ത്യ എന്ന  ആശയത്തിലൂന്നി പ്രവർത്തിക്കുന്ന രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും 5ജി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 

5ജി രംഗത്തെ ഇന്ത്യയുടെ വികസനവും 3 ജിപിപി തുടങ്ങിയ ആഗോള 5ജി മാനദണ്ഡങ്ങളിൽ ഇന്ത്യയുടെ 5ജി   ഈയിടെ ഉൾപ്പെടുത്തിയതും വയർലെസ് മേഖലയിൽ നമ്മുടെ വളർച്ചയിലെ വലിയ നാഴികക്കല്ലുകളാണ്. ഇന്ത്യയ്ക്ക് 5ജി എന്നത് വേഗമേറിയ മൊബൈൽ ഇന്റർനെറ്റ് സാങ്കേതികവിദ്യകളിലേക്കുള്ള ഒരു പരിവർത്തനം മാത്രമല്ല; മറിച്ച് സാങ്കേതികത ഇറക്കുമതി ചെയ്യുന്നവർ എന്ന നിലയിൽനിന്ന് ഇന്ത്യയ്ക്കും ലോകത്തിനുമുള്ള വിശ്വസനീയമായ തനത് 5ജി സാങ്കേതികവിദ്യയുടെ ഉടമകൾ എന്നതിലേക്കുള്ള വലിയ കുതിപ്പാണ്.

രാജ്യത്തെ മൊബൈൽ, ഇന്റർനെറ്റ്  സംവിധാനങ്ങളുടെ വ്യാപനം വഴി 80 കോടിയിലധികം ഇന്ത്യക്കാരാണ്   ഓൺലൈൻ ഇടപാടുകളിലേക്കു കടന്നുവന്നത്. ശേഷിക്കുന്നവരെയും ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് അവരുടെ ജീവിതവും മെച്ചപ്പെടുത്താനാകും. ഉപയോക്താക്കൾ, സംരംഭങ്ങൾ, ഗവൺമെന്റ് സേവനങ്ങൾ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ 5ജി സജ്ജമാണ്. ടെക്നോളജിയിൽ ഊന്നിയ ദശകം എന്ന അർഥത്തിൽ, വരാനിരിക്കുന്ന അവസരങ്ങളെ ഇന്ത്യയുടെ ടെക്കേഡ് (Techade) എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.  

ഉൽപാദനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകൾ അഭൂതപൂർവമായ രീതിയിൽ ശാക്തീകരിക്കാനുള്ള കഴിവും 5ജിക്കുണ്ട്. സ്റ്റാർട്ടപ്പുകളുടെ പുതിയ തരംഗവും ഇതോടൊപ്പം രാജ്യത്തു സൃഷ്ടിക്കപ്പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com