ADVERTISEMENT

ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യയുടെ നേട്ടം രാജ്യത്തു വൈദ്യശാസ്ത്രം, കൃഷി, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രയോജനപ്പെടുത്താനാകും എന്നു വിദഗ്ധർ.  രാജ്യത്തു 5ജി സ്പെക്ട്രം(റേഡിയോ ഫ്രീക്വൻസി) ലേലം  ജൂലൈ 27ന് ആരംഭിക്കുമെന്നു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്. 

മൊബൈൽ ടെക്നോളജി എന്നതിനെക്കാൾ വലിയ മടങ്ങ് ഡേറ്റ അതിവേഗത്തിൽ കൈമാറാം എന്നതിനൊപ്പം മറ്റു സാധ്യതകളും 5ജി തുറന്നിടുന്നതായി വിദഗ്ധർ പറയുന്നു. ഉദാഹരണത്തിനു കാർഷിക രംഗത്തുള്ളവർക്കു കാലാവസ്ഥാ പ്രവചനങ്ങളും മറ്റും ഏറ്റവും കൃത്യമായ രീതിയിൽ വിഡിയോ ദൃശ്യരൂപത്തിൽ ലഭിച്ചാൽ അത് ഏറെ മാറ്റങ്ങൾക്ക് ഉപകരിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുന്നതിനും 5ജി പ്രയോജനപ്പെടുത്താം. 

എജ്യുടെക്, ഫിൻടെക്, ഗെയിമിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഡിസിൻ തുടങ്ങിയ എല്ലാ മേഖലകളിലും 5ജി പുതിയ കരുത്തായി മാറുമെന്നാണു വിലയിരുത്തൽ. ഇന്റർനെറ്റ് ഓഫ് മെഡിസിൻ ഉദാഹരണമായി സാങ്കേതിക രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതികവിദ്യയുടെ വൈദ്യശാസ്ത്രപരമായ പ്രയോഗമാണിത്. രോഗിയുടെ ശരീരത്തിൽ സ്ഥാപിച്ച ഉപകരണങ്ങൾ വഴി കൃത്യമായ രോഗനിർണയം, ചികിത്സാ പുരോഗതി വിലയിരുത്തൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സാധ്യമാകും. 

∙ പുതുതലമുറ ബാങ്കിങ്: യുപിഐയിലൂടെ ഡിജിറ്റൽ ബാങ്കിങ് രംഗത്തു വിപ്ലവം തീർത്ത രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്  5ജി പുതിയ ദിശയേകും എന്നാണു പ്രവചനം. സുരക്ഷിതമായ മൊബൈൽ ബാങ്കിങ് ഒറ്റ ക്ലിക്കിൽ നടത്താം. ഒപ്പം സാധാരണ ബാങ്കിങ് നടപടികളെല്ലാം പൂർണമായി  മൊബൈൽ–ഡിജിറ്റൽ രീതിയിലേക്കു മാറാം. വെർച്വൽ ബാങ്ക് സൗകര്യങ്ങളാകും ഭാവിയിൽ  ലഭ്യമാകുക. 

∙ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടും: ഫാസ്ടാഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ കൂടുതൽ ലളിതമാകുന്നതോടെ  റോഡ് ഗതാഗതം കൂടുതൽ സുഗമമാകുമെന്നു കരുതുന്നു. ഇലക്ട്രിക് വാഹനങ്ങൾ, അവയുടെ ചാർജിങ് കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നെറ്റ‌്‌വർക്ക് വേഗത്തിൽ രൂപീകരിക്കപ്പെടാം. ഡ്രോണുകളെ  യാത്രാ–ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന കാലവും വിദൂരമല്ല. 

∙ ഊർജം: സോളർ, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട പുനരുപയോഗ ഊർജ പദ്ധതികൾക്കു കരുത്തേകാൻ 5ജിയിലൂടെ സാധിക്കുമെന്നാണു വിലയിരുത്തൽ. നിലവിൽ ഈ പദ്ധതികളിലെല്ലാം ഒട്ടേറെ സെൻസറുകളും മറ്റുമുണ്ട്. എന്നാൽ  നെറ്റ്‌വർക്ക് പ്രതിസന്ധി കാരണം പല വിവരങ്ങളും വൈകിയാണു ലഭിക്കുന്നത്. 5ജി വരുന്നതോടെ  ഇവയുടെ മികവുയർത്താൻ സഹായകമാകും. 

ഓൺലൈൻ ഗെയിമിങ്, ഒടിടി സേവനങ്ങൾ, വിദ്യാഭ്യാസ പോർട്ടലുകൾ എന്നിവയ്ക്കെല്ലാം  5ജി കൂടുതൽ ഊർജമേകുന്നതു ചെറുപ്പക്കാരെയും ആകർഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com