ADVERTISEMENT

കൊച്ചി ∙ അടി വീണ്ടും അമേരിക്കയിൽ നിന്ന്; ജപ്പാനിലേത് ഒഴികെ ലോകമെങ്ങുമുള്ള ഓഹരി വിപണികളിൽ ഒഴുകിയ ചോരപ്പുഴയിൽ ഒലിച്ചുപോയതു നിക്ഷേപകരുടെ ആസ്തി മൂല്യത്തിലെ ശതകോടികൾ. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 28 വർഷത്തിനിടയിലെ ഏറ്റവും വലിയ പലിശ വർധന പ്രഖ്യാപിച്ചതാണു വിപണികളെ തകർത്തത്. തൊട്ടുപിന്നാലെ ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ വർധന പ്രഖ്യാപിച്ചു വിപണികളെ കൂടുതൽ ദുർബലമാക്കി.

സെൻസെക്സും നിഫ്റ്റിയും ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഒരാഴ്ചയ്ക്കിടെ മാത്രം സെൻസെക്സിൽ നിന്നു ചോർന്നു പോയതു നാലായിരത്തോളം പോയിന്റ്. ഇന്നലെത്തെ 1045.60 പോയിന്റ് വീഴ്ചയോടെ സെൻസെക്സ് എത്തിനിൽക്കുന്നത് 51,495.79 നിലവാരത്തിൽ; 331.55 പോയിന്റ് നഷ്ടപ്പെട്ട നിഫ്റ്റി 15360.60 നിലവാരത്തിലും. എല്ലാ വ്യവസായങ്ങളിൽ നിന്നുമുള്ള ഓഹരികൾ വലിയ നഷ്ടത്തിൽ കലാശിച്ചു.

യുഎസിലെ പണപ്പെരുപ്പം 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ നിലവാരമായ 8.6 ശതമാനത്തിൽ എത്തിയതിന്റെ ആഘാതത്തിൽ ലോക വിപണികൾ കനത്ത തകർച്ചയെ നേരിട്ടു ദിവസങ്ങൾക്കകമാണു ഫെഡ് റിസർവ് പലിശ നിരക്കിൽ 0.75% വർധന പ്രഖ്യാപിച്ചത്. ഇതു ചരിത്രത്തിലെ ഏറ്റവും വലിയ വർധനയാണ്. അടുത്ത മാസം ഇത്രയും കൂടി വർധിപ്പിച്ചേക്കുമെന്ന സൂചനയും ഫെഡ് റിസർവ് നൽകിയിരിക്കുന്നു. ഇത്ര ഭീമമായ വർധന യുഎസിൽ സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കുമെന്നും അതിന്റെ പ്രത്യാഘാതം വികസ്വര രാജ്യങ്ങളിലെ വിപണികളിലൊക്കെ ഉണ്ടാകുമെന്നും ആശങ്കയുണ്ട്. പലിശ വർധന ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര വിപണികളിൽ നിന്നു വൻതോതിൽ പണം പിൻവലിക്കാൻ വിദേശ ധനസ്ഥാപനങ്ങളെ നിർബന്ധിക്കും. ഈ വർഷം തന്നെ വിദേശ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽനിന്ന് 1.92 ലക്ഷം കോടി രൂപയ്ക്കു തുല്യമായ ഡോളർ പിൻവലിച്ചു കഴിഞ്ഞു. 

ഈ മാസം മാത്രം പിൻവലിക്കപ്പെട്ടത് 25,000 കോടി രൂപയ്ക്കു മുകളിലാണ്. ആഭ്യന്തര ധനസ്ഥാപനങ്ങളും ചില്ലറ നിക്ഷേപകരുമാണു വിപണിയെ ഇത്രയെങ്കിലും താങ്ങിനിർത്തുന്നത്.  യുഎസിലെ പണപ്പെരുപ്പം റെക്കോർഡ് നിലവാരത്തിലെത്തിയതിന്റെ ആഘാതം ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ 6.82 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തുകയുണ്ടായി.

ഇന്നലത്തെ തകർച്ചയിൽ നിക്ഷേപകർക്കു വീണ്ടും ആറു ലക്ഷം കോടിയോളം രൂപയുടെ നഷ്ടം. അസംസ്കൃത എണ്ണയുടെ ഉയർന്ന തോതിലുള്ള വിലയും ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകളുടെ പലിശ നയവും പണപ്പെരുപ്പത്തിന്റെ പൊതുവായ കാലാവസ്ഥയുമെല്ലാം ഓഹരി നിക്ഷേപകർക്കു കനത്ത വെല്ലുവിളിയായി തുടർന്നേക്കുമെന്ന് ആശങ്കയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com