ADVERTISEMENT

കൊച്ചി∙ ആകാശത്തു പാസഞ്ചർ ഷട്ടിൽ സർവീസ്! 8–10 സീറ്റുള്ള സെസ്ന വിമാനം. ഒരു മണിക്കൂറിനകം കേരളത്തിൽ വിമാനത്താവളമുള്ള ഏതു നഗരത്തിലുമെത്താം. യാത്രാച്ചെലവ് സാധാരണ വിമാന യാത്രയേക്കാൾ അൽപം കൂടുമെന്നു മാത്രം. കേന്ദ്ര അനുമതികൾ കൂടി ലഭിച്ച ശേഷം കേരളപ്പിറവിക്ക് ആദ്യ വിമാന സർവീസ്‍ തുടങ്ങാനാണു ലക്ഷ്യം.

പദ്ധതി കേരളത്തിൽ വിമാനം ഇറങ്ങാവുന്ന സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന തരം സെസ്ന കാരവൻ 208 ബി വിമാനമാണ് ഉപയോഗിക്കുന്നത്.  വിവാദമായേക്കാവുന്ന പൊതു ജലാശയങ്ങൾ ഉപയോഗിക്കാതെ തുടക്കം കെഎസ്ഇബിയുടെ  അധീനതയിലുള്ള ജലസംഭരണികളിൽ ലാൻഡ് ചെയ്തുകൊണ്ടായിരിക്കും. മൂന്നാറിലെ മാട്ടുപ്പെട്ടി, വയനാട് ബാണാസുരസാഗർ തടാകങ്ങളിൽ ആദ്യഘട്ടത്തിൽ അനുവദിക്കും.

താൽപര്യപത്രം നൽകിയ കമ്പനികളിൽ നിന്ന് നിശ്ചിത യോഗ്യതകളുള്ള എൻഹാൻസ് ഏവിയേഷൻ, കൈരളി ഏവിയേഷൻ എന്നീ രണ്ടു കമ്പനികളെ വൈദ്യുതി ബോർഡിന്റെ കൺസൽറ്റൻസി വിഭാഗം തിരഞ്ഞെടുത്തു.  ഹെലികോപ്റ്റർ സർവീസും ഉദ്ദേശിക്കുന്നുണ്ട്. ചിപ്സൺ, പിനക്കിൾ എന്നീ കമ്പനികളെയാണ് അതിനായി തിരഞ്ഞെടുത്തത്.  

 കൊച്ചിയിൽ നിന്നു തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലേക്കും കർണാടക, തമിഴ്നാട് നഗരങ്ങളിലേക്കും സെസ്ന വിമാനം ആവശ്യം അനുസരിച്ചു സർവീസ് നടത്താനാണ് എൻഹാൻസ് ഏവിയേഷൻ ലക്ഷ്യമിടുന്നത്. ദിവസം 3 ട്രിപ്പുകൾ വീതമാണ് ഓരോ നഗരത്തിലേക്കും. 2 സെസ്ന വിമാനങ്ങളുണ്ടെങ്കിൽ വർഷം 21000 യാത്രികരെ കിട്ടാൻ പ്രയാസമുണ്ടാവില്ലെന്ന് എൻഹാൻസ് ഏവിയേഷൻ നടത്തിയ പഠനം പറയുന്നു. 10 സീറ്റുള്ള വിമാനത്തിൽ 5 യാത്രികർ ഉണ്ടായാലും ലാഭകരമാവും.

അനുമതി ലഭിച്ച കമ്പനികൾ നിക്ഷേപകരെ തേടുന്നുണ്ട്. 2 സെസ്ന വിമാനങ്ങൾ അമേരിക്കയിൽ നിന്നു പാട്ടത്തിനെടുത്തു കൊണ്ടു വരുന്നതും ഫ്ളോട്ടിങ് ജെട്ടികൾ നിർമിക്കുന്നതും ഉൾപ്പെടെ 15 കോടി ചെലവ് തുടക്കത്തിലുണ്ട്. വ്യോമയാന ഡയറക്ടറേറ്റിന്റെ നോൺ ഷെഡ്യൂൾ ഓപ്പറേറ്റർ പെർമിറ്റുള്ള (എൻഎസ്ഒപി) കമ്പനികളാണ് വിമാനങ്ങൾ എത്തിക്കുക.

നിരക്കുകളുടെ ഏകദേശം രൂപം ഇങ്ങനെ: 

കൊച്ചിയിൽ നിന്നു കോഴിക്കോട് അല്ലെങ്കിൽ തിരുവനന്തപുരം 3500 രൂപ. 

തിരുവനന്തപുരം–കോഴിക്കോട്–6500. 

തിരുവനന്തപുരം–കണ്ണൂർ–7000.

ദേശീയ വിമാനക്കമ്പനികൾക്കും താൽപര്യം

അവസാന മൈൽ കണക്ടിവിറ്റി നൽകുമെങ്കിൽ ഇൻഡിഗോ പോലെ ദേശീയ വിമാനക്കമ്പനികൾക്കും പദ്ധതിയിൽ താൽപര്യമുണ്ട്. വൻ നഗരങ്ങളിൽ നിന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കണക്‌ഷൻ നൽകാൻ സംവിധാനം ഉണ്ടെങ്കിൽ ഒരുമിച്ച് ടിക്കറ്റ് എടുക്കാവുന്നതാണ്. ശബരിമല സീസണിലും ഇതു പ്രയോജനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com