ADVERTISEMENT

കൊച്ചി∙ സുസുകിയും ടൊയോട്ടയും ചേർന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) കർണാടകയിലെ ഫാക്ടറിയിൽ ഓഗസ്റ്റിൽ ആരംഭിക്കും. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാൻഡ് പേരുകളിൽ ഈ എസ്‌യുവി വിപണിയിലെത്തിക്കും. 

പെട്രോൾ എൻജിനുള്ള എസ്‌യുവിയിൽ, മാരുതി സുസുകിയുടെ മൈൽഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ടയുടെ സ്ട്രോങ് ഹൈബ്രിഡ് സംവിധാനവും കൂട്ടിച്ചേർത്ത വേരിയന്റുകളുണ്ടാകും. ഉയർന്ന വേരിയന്റുകളിലാകും സ്ട്രോങ് ഹൈബ്രിഡ്. മൈൽഡ് ഹൈബ്രിഡിൽ, പെട്രോൾ എൻജിന്റെ പ്രവർത്തനത്തെ ഒരു ബാറ്ററി സഹായിക്കുകമാത്രമാണു ചെയ്യുന്നത്. സ്ട്രോങ് ഹൈബ്രിഡിന് പൂർണ വൈദ്യുത മോഡിൽ, പെട്രോൾ എൻജിൻ ഉപയോഗിക്കാതെ, പ്രവർത്തിക്കാനാകും. ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മോട്ടറുകളാണ് അതിനായുള്ളത്. എൻജിൻ പ്രവർത്തിക്കുമ്പോൾ ബാറ്ററി സ്വയം ചാർജ് ആകുകയും ചെയ്യും.

ജാപ്പനീസ് കമ്പനികളായ സുസുകിയും ടൊയോട്ടയും 2017ൽ തുടങ്ങിയ സഹകരണത്തിന്റെ ഭാഗമായാണ് പുതിയ എസ്‌യുവി. നിലവിൽ അർബൻ ക്രൂസർ, ഗ്ലാൻസ എന്നീ ടൊയോട്ട മോഡലുകൾ നിർമിക്കുന്നത് മാരുതി സുസുകിയാണ്.  ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‌വാഗൻ ടൈഗുൻ തുടങ്ങിയവയുടെ വിഭാഗത്തിലേക്കാണ് മാരുതിയും ടൊയോട്ടയും പുതിയ എസ്‌യുവി എത്തിക്കുക. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. ഹൈറൈഡർ എന്നാകും ടൊയോട്ട മോഡലിന്റെ പേരെന്നു സൂചനയുണ്ട്. ജൂലൈ ഒന്നിന് ഇതിന്റെ പ്രഥമ അവതരണം നടക്കും. 

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലേക്കുള്ള നീക്കത്തിനു വേഗം പോരെന്ന് ജപ്പാനിൽ ടൊയോട്ടയുടെ ഓഹരി നിക്ഷേപകരിൽ ഒരു വിഭാഗം ആരോപണമുയർത്തുന്നുണ്ട്. എന്നാൽ, പൂർണ വൈദ്യുത വാഹനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വ്യാപകമാകുന്നതുവരെ ഹൈബ്രിഡ് വാഹനങ്ങളാണു കൂടുതൽ അനുയോജ്യമെന്നാണ് കമ്പനിയുടെ നിലപാട്. പല രാജ്യങ്ങളിലും കൽക്കരി ഉപയോഗിച്ചാണു വൈദ്യുതോൽപാദനം എന്നതിനാൽ മലിനീകരണം കൂടാൻ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഇടയാക്കുമെന്നും കമ്പനി പറയുന്നു. 2025ൽ പൂർണ വൈദ്യുത കാർ വിപണിയിലെത്തിക്കുമെന്നാണ് മാരുതി സുസുകി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com