മ്യൂച്വൽ ഫണ്ട് നിരോധനം തീരുന്നു; പുതിയ പദ്ധതികളുമായി കമ്പനികൾ

Companies-with-new-projects
ക്രിയേറ്റിവ്: മനോരമ
SHARE

കൊച്ചി ∙ നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതിനു മ്യൂച്വൽ ഫണ്ടുകൾക്കു ബാധകമായിരുന്ന മൂന്നു മാസത്തെ നിരോധനം 30ന് അവസാനിക്കുന്നതോടെ നിക്ഷേപസമാഹരണത്തിനു വിപണിയിലെത്താൻ ഇരുപതോളം അസെറ്റ് മാനേജ്‌മെന്റ് കമ്പനികൾ തയാറെടുക്കുന്നു. അതിനിടെ, രാജ്യത്തെ മൊത്തം നിക്ഷേപകരുടേതായി വിവിധ ഫണ്ട് ഹൗസുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി 37.22 ലക്ഷം കോടി രൂപയിലെത്തി. 10 വർഷത്തിനിടയിലുണ്ടായ വർധന അഞ്ചിരട്ടിയിലേറെയാണ്.

അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്യുന്നതു  സംബന്ധിച്ച  നിബന്ധനകൾ നടപ്പാക്കാൻ ഫണ്ട് ഹൗസുകൾക്കു സാവകാശം നൽകുന്നതിനുവേണ്ടിയാണു നിരോധനം ഏർപ്പെടുത്തിയത്. പുതിയ പദ്ധതികൾ ആരംഭിക്കാൻ അതോടെ ഫണ്ട് ഹൗസുകൾക്കു കഴിയാതായി. നിക്ഷേപകർക്കാകട്ടെ വളരെ ജനകീയമായ നിക്ഷേപാവസരങ്ങളിലൊന്നു തൽക്കാലത്തേക്കാണെങ്കിലും അപ്രാപ്യമാകുകയും ചെയ്‌തു.

നിരോധനം നീങ്ങുന്നതോടെ പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ തയാറെടുക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ പിജിഐഎം ഇന്ത്യ, എൽഐസി മ്യൂച്വൽ ഫണ്ട്, ഫ്രാങ്ക്‌ളിൻ ഇന്ത്യ, ബറോഡ ബിഎൻപി പാരിബ തുടങ്ങിയവ ഉൾപ്പെടുന്നു. നാൽപതിലേറെ ഫണ്ട് ഹൗസുകളുള്ള ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് വ്യവസായം അതിവേഗ വളർച്ചയുടെ പാതയിലാണ്. രാജ്യത്തെ എല്ലാ മ്യൂച്വൽ ഫണ്ടുകളിലുമായി അക്കൗണ്ടുകളുടെ എണ്ണം ഇക്കഴിഞ്ഞ മേയ് 31ലെ കണക്കനുസരിച്ചു 13.33 കോടിയിലെത്തിയിരിക്കുന്നു. അക്കൗണ്ടുകളുടെ എണ്ണം ഒരു വർഷത്തിനിടയിൽ മൂന്നു കോടിയിലേറെ വർധിച്ചു. 

ആവർത്തന നിക്ഷേപ പദ്ധതിയായ ‘സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ലാൻ’ (സിപ്) മുഖേനയാണു യുവതലമുറയിൽപ്പെട്ട നിക്ഷേപകരിൽ നല്ല പങ്കും ഫണ്ടുകളിൽ പണം മുടക്കുന്നത്. രാജ്യത്താകെയുള്ള ‘സിപ്’ അക്കൗണ്ടുകളുടെ എണ്ണം  5.48 കോടിയാണ്. മ്യൂച്വൽ ഫണ്ട് പദ്ധതികൾക്കു കേരളത്തിലെ നിക്ഷേപകരിൽനിന്നു താരതമ്യേന കുറഞ്ഞ പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ. കേരളത്തിൽനിന്നുള്ള നിക്ഷേപകരുടേതായി വിവിധ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി 40,100 കോടി രൂപയുടേതു മാത്രം. ഓഹരി അധിഷ്‌ഠിത ഫണ്ടുകളിലെ നിക്ഷേപമാണ് ഇതിൽ 78 ശതമാനവും. 

Content Highlights: Mutual fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS