ADVERTISEMENT

മുംബൈ ∙ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇടമെങ്കിലും പല്ലോൻജി ഷപൂർജി മിസ്‌ത്രിയെപ്പറ്റി അധികമാരും കേട്ടിട്ടില്ല. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനോ മാധ്യമങ്ങളിൽ അഭിമുഖങ്ങൾ നൽകാനോ അദ്ദേഹം വിമുഖനായിരുന്നു. പക്ഷേ, റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ്, വൈദ്യുതി, ബയോടെക്നോളജി, കെട്ടിടനിർമാണം എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല. എല്ലായിടത്തും വിജയം നേടി. ഇന്ത്യയിൽ ജനിച്ച് ആഗോള വ്യവസായ രംഗത്ത് അതികായനായിത്തീർന്ന പല്ലോൻജി പിന്നീട് ഐറിഷ് പൗരത്വം സ്വീകരിച്ചു. 2021 ലെ കണക്കു പ്രകാരം അയർലൻഡിലെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്താണ്. ആസ്തി 2800 കോടി ഡോളർ (2,21,172 കോടി രൂപ). ലോക സമ്പന്നരിൽ സ്ഥാനം 143. കമ്പനിക്ക് 50 രാജ്യങ്ങളിലായി 50,000 ജീവനക്കാരുണ്ട്. 

മുംബൈ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന താജ്മഹൽ പാലസ് അടക്കം പ്രധാന കെട്ടിട സമുച്ചയങ്ങൾ നിർമിച്ചത് ഈ കമ്പനിയാണ്. പ്രശസ്തമായ മഹാലക്ഷ്മി സ്റ്റുഡിയോ നിർമിച്ചതും പല്ലോൻജി ഗ്രൂപ്പാണ്. 1960 ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർഹിറ്റായ മുഗൾ ഇ അസം നിർമിച്ചതും ഇവരാണ്. 

ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല കമ്പനിയുടെ നിർമാണപാടവം. 1975 ൽ ഒമാൻ സുൽത്താനുവേണ്ടി മസ്കത്തിലെ കൊട്ടാരം നിർമിച്ചപ്പോൾ, അത് ഇന്ത്യൻ കമ്പനിയുടെ നിർമാണ പാടവത്തിന്റെ മകുടോദാഹരണമായി മാറി. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡായ യുറേക്ക ഫോബ്സ് ഗ്രൂപ്പിന്റെ കീഴിലാണ്. 

സൂറത്തിലെ സമ്പന്ന പാർസി കുടുംബത്തിലാണു ജനനം. മുംബൈയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഉന്നത പഠനത്തിനായി ലണ്ടനിലേക്കു പോയി. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പിതാവിനൊപ്പം ബിസിനസ് രംഗത്തു പ്രവേശിച്ചു. നിർമാണരംഗത്ത് ഇന്ത്യ, പടിഞ്ഞാറൻ ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. 2003 ൽ അദ്ദേഹം ഐറിഷ് പൗരത്വം സ്ഥീകരിച്ചു. ഐറിഷുകാരിയായ പാറ്റ് പെറിനിനെ വിവാഹം ചെയ്തു. രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റ വിവാഹം ചെയ്തിരിക്കുന്നതു പല്ലോൻജിയുടെ മകൾ ആലുവിനെയാണ്.

ടാറ്റ സൺസിലെ ഏറ്റവും വലിയ ഓഹരിയുടമയാണ് പല്ലോൻജിയെങ്കിലും ടാറ്റയുടെ കാര്യങ്ങളിലൊന്നും പല്ലോൻജി ഇടപെടാറില്ല. രത്തൻ ടാറ്റയുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2004 വരെ ടാറ്റ സൺസ് ബോർഡ് അംഗമായിരുന്നു. 1930 ൽ ടാറ്റയുടെ ഉരുക്കു വ്യവസായശാല നിർമിച്ചത് പല്ലോൻജി ഗ്രൂപ്പാണ്. പകരം നൽകിയതാണ് 12% ഓഹരി. പിന്നീട് പലരിൽ നിന്നും എസ്പി ഗ്രൂപ്പ് ഓഹരി വാങ്ങി. ടാറ്റ ഗ്രൂപ്പുമായി മിസ്‌ത്രിക്ക് ഉണ്ടായിരുന്ന ബന്ധം കണക്കിലെടുത്ത് ‘ഫാന്റം ഓഫ് ബോംബെ ഹൗസ്’ എന്നും അറിയപ്പെട്ടിരുന്നു.

ടാറ്റ സൺസ് ചെയർമാൻ ആയിരുന്ന മകൻ സൈറസ് മിസ്ത്രിയെ 2016 ൽ ബോർഡ് പുറത്താക്കി. ഇതേത്തുടർന്നു ടാറ്റ ഗ്രൂപ്പുമായി ഏറെ നാളത്തെ നിയമയുദ്ധം നടത്തിയത് വ്യവസായ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ടാറ്റയുമായുള്ള ഭിന്നതകൾക്കു പിന്നാലെ ഏതാനും വർഷങ്ങളായി എസ്പി ഗ്രൂപ്പ് സാമ്പത്തികമായും വെല്ലുവിളികൾ നേരിട്ടു. യൂറേക്ക ഫോബ്സിന്റെ 4400 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റത് ഈ പശ്ചാത്തലത്തിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com