ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി നിരക്കുവർധനയ്ക്കു പിന്നാലെ, വൈദ്യുതി വാങ്ങുന്നതും വിൽക്കുന്നതും സംബന്ധിച്ചു ബോർഡിനെ നിയന്ത്രിക്കാൻ നിയമപരമായ സംവിധാനം ഇല്ലാതാകുന്നു. ജൂലൈ 17നു റഗുലേറ്ററി കമ്മിഷൻ ചെയർമാൻ വിരമിക്കുന്നതോടെ കമ്മിഷന്റെ പ്രവർത്തനം സ്തംഭിക്കും. റഗുലേറ്ററി കമ്മിഷൻ 2002 നവംബറിൽ നിലവിൽ വന്ന ശേഷം ആദ്യമാണ് ഇത്തരം അവസ്ഥ. കമ്മിഷനിൽ ഇനി നിയമ അംഗം മാത്രമാകും.

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ചു സർക്കാരിനു ബോർഡിനെ നിയന്ത്രിക്കാൻ അധികാരമില്ല. കമ്മിഷനാണ് അധികാരം. വൈദ്യുതി നിരക്ക് നിശ്ചയിക്കുക മാത്രമല്ല, വൈദ്യുതി വാങ്ങുകയും വിൽക്കുകയും ചെയ്യുക, സ്മാർട് മീറ്റർ ഉൾപ്പെടെ നയപരമായ കാര്യങ്ങൾ നടപ്പാക്കുക, മൂലധന നിക്ഷേപത്തിന് അംഗീകാരം നൽകുക, ബോർഡിലെ ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിയന്ത്രിക്കുക തുടങ്ങി നയപരമായ എല്ലാ കാര്യങ്ങളും കമ്മിഷൻ ആണ് നിയന്ത്രിക്കേണ്ടത്. പല കാര്യങ്ങളിലും കമ്മിഷന്റെ മുൻകൂർ അനുമതി വേണം.

റഗുലേറ്ററി കമ്മിഷനിൽ ചെയർമാനും 2 അംഗങ്ങളും ആണുള്ളത്. ഇതിൽ രണ്ടു പേരെങ്കിലും ഉണ്ടെങ്കിലേ കമ്മിഷനു പ്രവർത്തിക്കാൻ സാധിക്കൂ. 2 പേർ ഇല്ലാത്ത അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. സാങ്കേതിക അംഗത്തിന്റെ പദവി 2020 ഡിസംബർ മുതൽ ഒഴിഞ്ഞു കിടക്കുകയാണ്. 

കമ്മിഷൻ ചെയർമാനോ അംഗങ്ങളോ വിരമിക്കുന്നതിന് 6 മാസം മുൻപ് പകരം നിയമനത്തിനു വിജ്ഞാപനം ഇറക്കണമെന്നാണ് കേന്ദ്ര നിയമത്തിൽ പറയുന്നത്. ചെയർമാന്റെ നിയമനത്തിനായി വിജ്ഞാപനം പോലും ഇറക്കിയിട്ടില്ല. റഗുലേറ്ററി കമ്മിഷന്റെ പ്രവർത്തനം സ്തംഭിക്കുന്നതോടെ ബോർഡിനു സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാം. ഇത് ഉപയോക്താക്കൾക്കു ദോഷം ചെയ്യും എന്നാണ് ആശങ്ക.

സർചാർജ് ഈടാക്കുന്നതു സംബന്ധിച്ച ബോർഡിന്റെ അപേക്ഷകളിൽ കമ്മിഷൻ ഹിയറിങ് പൂർത്തിയാക്കിയെങ്കിലും ഉത്തരവ് ഇറക്കിയിട്ടില്ല. ചെയർമാൻ വിരമിച്ചാൽ വീണ്ടും ഹിയറിങ് നടത്തേണ്ടി വരും. സർചാർജ് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടു ചെയർമാൻ പോയാൽ നിരക്ക് വർധനയ്ക്കു പുറമേ അധികഭാരം ആകും. എന്നു മുതൽ സർചാർജ് പിരിക്കണമെന്ന് അടുത്ത ചെയർമാൻ വന്ന ശേഷമേ തീരുമാനിക്കാൻ സാധ്യതയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com