ADVERTISEMENT

കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്നതു റെക്കോർഡ് തകർച്ച. ഇന്നലെ ഒറ്റ ദിവസംകൊണ്ടു വിലയിൽ 46 പൈസയുടെ നഷ്ടം നേരിട്ട രൂപ 78.83 നിലവാരത്തിലെത്തി. ഈ വർഷം തന്നെ രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്ന നഷ്ടം 5.8 ശതമാനമാണ്. ദിവസങ്ങൾക്കകം വില 80.00 നിലവാരത്തിലെത്തിയേക്കാമെന്നാണു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം.

ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത് 78.37 നിലവാരത്തിലായിരുന്നു. എന്നാൽ ഇന്നലെ വ്യാപാരം ആരംഭിച്ചതുതന്നെ 77.53 രൂപ നിലവാരത്തിലാണ്. ഇടിവു തുടർന്നതോടെ ഒരു ഘട്ടത്തിൽ വില 78.87 നിലവാരത്തിലേക്കുപോലും എത്തുകയുണ്ടായി.ഇക്കഴിഞ്ഞ ജനുവരി ഒന്നിനു വിനിമയ നിരക്ക് 74.51 നിലവാരത്തിലായിരുന്നു. ആറു മാസം പിന്നിടുമ്പോഴേക്കു 4.32 രൂപയുടെ മൂല്യശോഷണമാണു സംഭവിച്ചിരിക്കുന്നത്. ഓരോ 5% ഇടിവും പണപ്പെരുപ്പത്തിൽ വരുത്തുന്ന വർധന 0.20 ശതമാനത്തോളമാണ്.

വിലയിടിവു പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പൊതു മേഖലയിലെ ബാങ്കുകളിലൂടെ ഡോളർ വിൽപന നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. ആർബിഐ 200 കോടി ഡോളർ വരെ വിറ്റഴിച്ച ദിവസമുണ്ടെന്നു വിദേശനാണ്യ വ്യാപാരികൾ പറയുന്നു. വിദേശനാണ്യ ശേഖരം തൃപ്തികരമായതിനാൽ ഇതിൽനിന്നുള്ള വിൽപന ദോഷകരമല്ല. എങ്കിലും മൂന്നു മാസത്തിനിടയിൽ ശേഖരത്തിലുണ്ടായിരിക്കുന്ന കുറവ് 1672 കോടി യുഎസ് ഡോളറിന്റേതാണെന്നതു നിസാരകാര്യവുമല്ല.

അസംസ്കൃത എണ്ണ വിലയിലെ വർധന മൂലം കുതിച്ചുയരുന്ന വ്യാപാരക്കമ്മിയാണു രൂപയുടെ ബലക്ഷയത്തിനു പ്രധാന കാരണം. വിദേശ ധനസ്ഥാപനങ്ങൾ ഓഹരി, കടപ്പത്ര വിപണികളിൽനിന്നു വലിയ തോതിലാണു നിക്ഷേപം പിൻവലിക്കുന്നത്. ഇതും രൂപയെ ദുർബലപ്പെടുത്തുന്നു.ഡോളറിനോടു പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെങ്കിലും പല വികസ്വര രാജ്യങ്ങളിലെയും കറൻസികളെക്കാൾ കരുത്തുകാട്ടാൻ രൂപയ്ക്കു സാധ്യമാകുന്നുണ്ട്. കഴിഞ്ഞ മൂന്നുനാലു മാസത്തിനിടയിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ കറൻസികൾക്കു സംഭവിച്ചിട്ടുള്ളത്ര നഷ്ടം രൂപയ്ക്കുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com