ADVERTISEMENT

തിരുവനന്തപുരം∙ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ ഫോൺ) പദ്ധതിക്കു ബാൻഡ് വിഡ്ത് നൽകാൻ താൽപര്യമറിയിച്ച് 5 കമ്പനികൾ രംഗത്ത്. ഇന്റർനെറ്റ് ലീസ്ഡ് ലൈൻ (ഐഎൽഎൽ) ലഭ്യമാക്കാനുള്ള ടെൻഡർ സമർപ്പണം കഴിഞ്ഞപ്പോൾ അമേരിക്കൻ കമ്പനിയായ സിഫി നെറ്റ്‌വർക്കും മുകേഷ് അംബാനിയുടെ ജിയോയുമാണു സ്വകാര്യമേഖലയിൽനിന്നുള്ളത്. പൊതുമേഖലയിൽനിന്നു ബിഎസ്എൻഎൽ, പവർഗ്രിഡ് കോർപറേഷൻ, റെയിൽടെൽ എന്നിവയുണ്ട്.

കമ്പനികൾ സമർപ്പിച്ച സാങ്കേതിക രേഖകളിൽ സംശയനിവാരണത്തിന് നാളെ വരെ സമയം നൽകിയതിനാൽ സാമ്പത്തിക ബിഡ് നാളെ മാത്രമേ തുറക്കുകയുള്ളൂ. സിഫിയും ജിയോയും ഈ മേഖലയിലെ മൊത്തവിതരണക്കാരാണ്. കൊച്ചി കാക്കനാട് ഇൻഫോ പാർക്കിലെ കെ ഫോൺ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററിലും (എൻഒസി) തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലും 10 ജിബി ബാൻഡ് വിഡ്ത് നൽകാനാണു കരാർ. ഈ ബാൻഡ് വിഡ്ത് കെ ഫോൺ ശൃംഖല വഴി സേവനദാതാക്കളിലൂടെ ഓഫിസുകളിലും വീടുകളിലുമെത്തും. സേവനദാതാവാകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ(ഐഎസ്പി) ലൈസൻസ് സ്വന്തമാക്കാൻ കെ ഫോൺ അപേക്ഷ നൽകിയിരുന്നു.

കേന്ദ്ര ടെലികോം മന്ത്രാലയം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ അപേക്ഷ പുതുക്കി സമർപ്പിച്ചിരിക്കുകയാണ്. പദ്ധതി ആദ്യഘട്ടം ഇന്നു പൂർത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ബിപിഎൽ കുടുംബങ്ങൾക്കു കെ ഫോൺ കണക്‌ഷൻ നൽകാനുള്ള ടെൻഡർ ഒരുമാസമായിട്ടും ഉറപ്പിച്ചു നൽകിയിട്ടില്ല. കണക്‌ഷൻ നൽകേണ്ട ബിപിഎൽ കുടുംബങ്ങളുടെ പട്ടിക തദ്ദേശ വകുപ്പ് കൈമാറിയിട്ടുമില്ല. 

ആകെ 30,157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കുന്നതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തൽക്കാലം അയ്യായിരത്തിലേറെ കി.മീ. ദൂരത്തിൽ കേബിൾ ഇടുന്നില്ല. ബാക്കി 21,720 കി.മീ. ദൂരത്തിലും 24,918 ഓഫിസുകളിലുമാണ് ഇന്നലെ വരെ പൂർത്തിയായത്. ഏതാനും ഓഫിസുകൾ ബാക്കിയുണ്ടെങ്കിലും കെ ഫോൺ പ്രവർത്തനസജ്ജമായിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി ഡോ.സന്തോഷ്ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com