ADVERTISEMENT

കൊച്ചി ∙ രൂപയെ തകർച്ചയിൽനിന്നു കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇക്കഴിഞ്ഞ ദിവസങ്ങളിലായി വിൽപന നടത്തിയ ഡോളറിന്റെ മൂല്യം 25,000 കോടിയിലേറെ രൂപയ്ക്കു തുല്യമെന്നു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ കണക്കാക്കുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധാരംഭത്തിനുശേഷം വിദേശ നാണ്യ വിപണിയിൽ ആർബിഐ നടത്തിയ ഏറ്റവും വലിയ ഇടപെടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വിപണിയിലെ ഇടപെടലിന്റെ കണക്കുകൾ ആർബിഐ സ്ഥിരീകരിക്കാറില്ല.

രൂപയുടെ മൂല്യസംരക്ഷണത്തിന് ആർബിഐ പൊതു മേഖലയിലെ ചില വൻകിട ബാങ്കുകളെയും സ്വകാര്യ മേഖലയിലെ ചില പ്രമുഖ ബാങ്കുകളെയുമാണു പ്രധാനമായും ആശ്രയിക്കുന്നത്.  ആർബിഐ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാകുന്നില്ലെന്നതിനു തെളിവാണു രൂപയുടെ നിരക്കിൽ തുടർച്ചയായി സംഭവിക്കുന്ന മൂല്യത്തകർച്ച. ഡോളറുമായുള്ള വിനിമയത്തിൽ 79.00 നിലവാരത്തിലും പിടിച്ചുനിൽക്കാൻ രൂപയ്ക്കു കഴിയാതെപോയിരിക്കുന്നു. 80.00 നിലവാരത്തിലേക്കു വില ഇടിയാനുള്ള സാധ്യത വിപണിയുമായി ബന്ധപ്പെട്ടവർ തള്ളിക്കളയുന്നില്ല.

അതിനിടെ, അസംസ്കൃത എണ്ണ വില വീണ്ടും ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിനു 118 ഡോളറിനു മുകളിലെത്തി. ഒരാഴ്ചയ്ക്കിടയിലെ വർധന എട്ടു ഡോളറാണ്. പെട്രോളിയം ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇതുമൂലമുണ്ടാകുന്ന ഡോളർ നഷ്ടം ശതകോടികളാണ്. വളം, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിയും വിദേശനാണ്യ ചോർച്ചയ്ക്കു വൻതോതിൽ ഇടയാക്കുന്നു. ഇറക്കുമതിച്ചെലവിലെ വർധനയ്ക്ക് ആനുപാതികമായി കയറ്റുമതി വരുമാനമാകട്ടെ ലഭിക്കുന്നുമില്ല. വ്യാപാരക്കമ്മി മാത്രമല്ല കറന്റ് അക്കൗണ്ട് കമ്മിയും വർധിക്കുന്നു. ഇതാണു രൂപയെ പ്രധാനമായും ദുർബലമാക്കുന്നത്. ഓഹരി, കടപ്പത്ര വിപണികളിൽനിന്നു വിദേശ നിക്ഷേപകർ പിൻവലിക്കുന്ന തുക അനുദിനം പെരുകുകയാണ്. ഇതും ഡോളറിന്റെ ആവശ്യം വർധിപ്പിക്കുകയും രൂപയെ ദുർബലമാക്കുകയും ചെയ്യുന്നു.

യുഎഇ ദിർഹത്തിന് 21.45 രൂപ

രൂപ വീണ്ടും കൂപ്പുകുത്തിയതോടെ ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 21.45 എന്ന നിലവാരത്തിലെത്തി. സൗദി റിയാൽ 21.00, ഖത്തർ റിയാൽ 21.70, ഒമാൻ റിയാൽ 204.65, ബഹ്റൈൻ ദിനാർ 209.30, കുവൈത്ത് ദിനാർ 257.05 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ രാജ്യാന്തര വിപണി നിരക്ക്. ശമ്പളം ലഭിക്കുന്ന സമയമായതിനാൽ ഇത്തവണ വിനിമയ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കാമെന്ന ആഹ്ലാദത്തിലാണ് പ്രവാസികൾ.

Content Highlights: RBI, Indian Rupee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com