ADVERTISEMENT

കണ്ണൂർ∙ 2 ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണം വാണിജ്യാവശ്യത്തിനായി കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കിയതു പ്രായോഗികമല്ലെന്നും തീരുമാനത്തിൽ ആശങ്കകളേറെയെന്നും വ്യാപാരികൾ പറയുന്നു. അതേസമയം ചരക്കുനീക്കത്തിന്റെ രേഖകൾ കൃത്യമായി ലഭ്യമാകുന്നതു നികുതി പിരിവു കൂടാൻ സഹായകമാകുമെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. വിലകൂടിയ കല്ലുകൾക്കും ഇ–വേ ബിൽ നിർബന്ധമാകും.

വ്യാപാരികളുടെ ആശങ്കകൾ

50,000 രൂപയ്ക്കു മുകളിലുള്ള നികുതി ബാധകമായ ചരക്കുകൾക്ക് ഇ–വേ ബിൽ ഏർപ്പെടുത്തിയപ്പോൾ സ്വർണത്തെ ഒഴിവാക്കിയതു സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഈ സുരക്ഷാ പ്രശ്നങ്ങളെല്ലാം ഇപ്പോഴും തുടരുന്നു.

∙സ്വർണം കൊണ്ടുപോകുന്ന ആളുകളുടെ പേര്, വാഹനത്തിന്റെ വിവരങ്ങൾ, പുറപ്പെടുന്ന സ്ഥലം, എത്തേണ്ട സ്ഥലം തുടങ്ങി എല്ലാ വിവരങ്ങളും നൽകുന്നതോടെ മോഷണ സാധ്യതകൾ കൂടുന്നു. ഇതു സ്വർണം കൊണ്ടുപോകുന്നവരുടെ ജീവനു വരെ ഭീഷണിയുണ്ടാക്കുന്നു.

∙സ്വർണ നിർമാതാക്കൾക്ക് സ്വർണക്കട്ടകൾ ആഭരണമാക്കി മാറ്റുന്നതിനായി നാലോ അഞ്ചോ ഫാക്ടറികളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. സ്വർണക്കട്ടി കമ്പികളാക്കി മാറ്റുന്നതും ഡിസൈൻ രൂപങ്ങളാക്കി മാറ്റുന്നതും ഇവ വിളക്കിച്ചേർക്കുന്നതും പോളിഷിങ് നടത്തുന്നതുമെല്ലാം വിവിധ ഫാക്ടറികളിലാണ്. ഓരോ ഘട്ടത്തിലും വെവ്വേറെ ഇ–വേ ബില്ലുകൾ എടുക്കേണ്ടതായി വരും. ആഭരണത്തിന്റെ നിർമാണ ഘട്ടത്തിൽ തൂക്കത്തിൽ വ്യത്യാസം വരുന്നതുകൊണ്ടാണിത്. ഇത് ആഭരണ നിർമാണ, വ്യാപാര മേഖലയുടെ ഒഴുക്കിനെ സാരമായി ബാധിക്കും.

ജിഎസ്ടി വകുപ്പ് പറയുന്നത്

∙സ്വർണവും വിലകൂടിയ രത്നങ്ങളും പോകുന്ന വഴികൾ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്നതു മേഖലയെ കൂടുതൽ സുതാര്യമാക്കും.

∙നികുതി പിരിവു കൂടുതൽ സുഗമമാക്കാനും നികുതി വെട്ടിപ്പ് തടയാനും ഇ–വേ ബിൽ വഴി ലഭിക്കുന്ന ഡിജിറ്റൽ രേഖകൾ സഹായിക്കും.

∙സ്വർണത്തിന്റെയും കൊണ്ടുപോകുന്ന ആളുകളുടെയും സ്ഥലങ്ങളുടെയും വാഹനത്തിന്റെയും വിവരങ്ങൾ പൊതു ഡൊമൈനിൽ ലഭ്യമാകില്ല; ഉദ്യോഗസ്ഥർക്കു മാത്രമാണ് ഇവ അറിയാൻ കഴിയുന്നത്. അതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളില്ല.

∙വാണിജ്യാവശ്യത്തിനു കൊണ്ടുപോകുന്ന സ്വർണത്തിനാണ് ഇ–വേ ബിൽ ബാധകം. അതിനാൽ ഉപയോക്താക്കൾക്കു പ്രശ്നമുണ്ടാകില്ല. 

(അതേസമയം സ്വർണം പണയം വയ്ക്കാനോ മറ്റ് ആവശ്യങ്ങൾക്കായോ കൊണ്ടുപോകുമ്പോൾ പർച്ചേസ് ബിൽ പോലുള്ള രേഖകൾ കരുതുന്നതാണു സുരക്ഷിതമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.)

സമരം ചെയ്യുമെന്ന് വ്യാപാരികൾ

സ്വർണത്തിന് ഇ–വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു. 80 ശതമാനത്തിലധികം വരുന്ന ചെറുകിടക്കാർക്ക് ഇ–വേ ബിൽ നടപ്പാക്കാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com