കസ്റ്റംസ് ഡ്യൂട്ടി വർധന: സ്വർണവില ഉയരും, കള്ളക്കടത്തു കൂടും

gold-price
SHARE

കണ്ണൂർ∙ 5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി വർധന സ്വർണവില കൂടാൻ ഇടയാക്കും. അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ശതമാനമായിരുന്നത് 12.5 ശതമാനമായാണ് ഉയർത്തിയത്. കാർഷിക അടിസ്ഥാനസൗകര്യ വികസന സെസ് കൂടി ചേർക്കുമ്പോൾ കസ്റ്റംസ് തീരുവ 15%. ഇതിനൊപ്പം 3% ജിഎസ്ടി കൂടിയുണ്ട്. 0.75 സാമൂഹിക സുരക്ഷാ സർചാർജ് ഒഴിവാക്കി. കസ്റ്റംസ് ഡ്യൂട്ടി വർധനയെത്തുടർന്ന് ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ കിലോഗ്രാമിന് 2.25 ലക്ഷം രൂപ വരെ കൂടും.

ഇതേ അനുപാതത്തിൽ കേരളത്തിൽ വില ഉയർന്നാൽ പവന് ഇനിയും 800 മുതൽ 1000 രൂപ വരെ കൂടിയേക്കും. എന്നാൽ, രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ ഈ ആനുപാതിക വർധന ഉണ്ടാകില്ല. നികുതി വർധന സ്വർണക്കള്ളക്കടത്തു കൂടാനും കാരണമായേക്കും. നിലവിൽ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ ജിഎസ്ടി അടക്കം 18 ശതമാനം നികുതി നൽകേണ്ടതുണ്ട്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് ഏതാണ്ട് (ജിഎസ്ടി ഉൾപ്പെടെ) 8.12 ലക്ഷം രൂപ നികുതി നൽകണം. നികുതി വർധന കള്ളക്കടത്തു കൂട്ടും.

സമ്പദ്‌ഘടനയ്ക്കു നേട്ടം ഡോളറിനെതിരെ രൂപ തളരുന്നതിനാൽ കറന്റ് അക്കൗണ്ട് കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവ്), വ്യാപാരക്കമ്മി എന്നിവ കൂടുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രം നികുതി വർധിപ്പിച്ചത്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപയോക്താക്കളായ ഇന്ത്യ 2021–22സാമ്പത്തിക 1050 ടൺ സ്വർണം  ഇറക്കുമതി ചെയ്തു.

കോവിഡിനു ശേഷം രാജ്യത്തിന്റെ സ്വർണ ഇറക്കുമതി കുതിച്ചുയരുകയാണ്. മേയിൽ 106 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒരു വർഷം മുൻപ് കോവിഡ് അടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായിരുന്ന ഇതേ സമയത്ത്  ഏകദേശം 11 ടൺ മാത്രമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ 30 ടൺ ആയിരുന്ന ഇറക്കുമതിയാണ് തൊട്ടടുത്ത മാസം മൂന്നിരട്ടിയിലേറെ വർധിച്ചത്.

ഈ സാഹചര്യത്തിൽ നികുതി വർധിപ്പിക്കുന്നത് ഇറക്കുമതിയും അതുവഴി കമ്മിയും കുറയാനിടയാക്കും. കേന്ദ്രത്തിന്റെ നികുതി വരുമാനവും കൂടും. അതേസമയം 2011 ൽ 1 ശതമാനമായിരുന്ന നികുതി 15% വരെ ഉയർത്തിയിട്ടും ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. 

 ‘വ്യാപാരമേഖലയെ  ദുർബലമാക്കും’

ഇറക്കുമതി നികുതി വലിയ തോതിൽ വർധിപ്പിച്ചത് വ്യാപാരമേഖലയെ ദുർബലമാക്കുമെന്നും സ്വർണക്കള്ളക്കടത്ത് വൻതോതിൽ കൂടാൻ കാരണമാകുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു.

Content Highlight: Gold Price, Gold Smuggling, Customs Duty on Gold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS