ADVERTISEMENT

മൂലധന വളർച്ച, ഡിവിഡൻഡ്, വിപണി വിലയെക്കാളും താഴ്ന്ന നിരക്കിൽ ലഭിക്കുന്ന അവകാശ ഓഹരികൾ എന്നിവയ്ക്കു പുറമെ ഓഹരികളിൽനിന്നു നിക്ഷേപകർക്ക് ലഭിക്കാവുന്ന മറ്റൊരു നേട്ടമാണ് ബോണസ് ഓഹരികൾ. മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന നിരവധി കമ്പനികൾ ബോണസ് ഓഹരികൾ പ്രഖ്യാപിക്കാറുണ്ട്. ബോണസ് ഓഹരികളെക്കുറിച്ച് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

കമ്പനി അതിന്റെ നിലവിലെ നിക്ഷേപകർക്കായി തികച്ചും സൗജന്യമായി അനുവദിക്കുന്ന ഓഹരികളാണ് ബോണസ് ഓഹരികൾ. ഉയർന്ന ലാഭം ഉണ്ടാക്കുന്ന കമ്പനികൾ അവയുടെ നീക്കിയിരിപ്പ് ഓഹരികളുടെ രൂപത്തിൽ നിലവിലെ ഓഹരി ഉടമകൾക്കായി കൈമാറുന്നു. കമ്പനിയുടെ ഉടമസ്ഥരായ ഓഹരി ഉടമകളെ സന്തോഷിപ്പിക്കുക എന്നതിലുപരി ഓഹരികളിലെ ഇടപാടുകളുടെ തോത് അഥവാ ലിക്വിഡിറ്റി വർധിപ്പിക്കുക എന്ന ഉദ്ദേശ്യവും ബോണസ് പ്രഖ്യാപനത്തിനു പിന്നിലുണ്ട്. മികച്ച പ്രകടനം നടത്തിവരുന്ന കമ്പനികളുടെ ഓഹരി വില കൂടുതൽ ഉയരത്തിലെത്തുമ്പോൾ സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രസ്തുത ഓഹരി ഉയർന്ന വില നൽകി കൈവശപ്പെടുത്താൻ സാധിക്കണമെന്നില്ല. ബോണസ് പ്രഖ്യാപിക്കുന്നതിന്റെ ഫലമായി മൊത്തം ഓഹരികളുടെ എണ്ണം വർധിക്കുകയും പെർ ഷെയർ അഥവാ ഓഹരിയൊന്നിന്റെ വില ആനുപാതികമായി കുറയുകയും ചെയ്യുന്നു. ഇതുവഴി റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ തുക മുടക്കാതെ തന്നെ പ്രസ്തുത ഓഹരികളിൽ ഇടപാട് നടത്താനുള്ള വഴി തെളിയുകയും ചെയ്യും.

ഒരു ഉദാഹരണം വഴി മനസ്സിലാക്കാൻ ശ്രമിക്കാം. വിപണിയിൽ 600 രൂപ വിലയുള്ള ഓഹരിയിൽ 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. 100 ഓഹരികൾ കൈവശം വച്ചിരിക്കുന്ന നിലവിലെ ഒരു ഓഹരി ഉടമയ്ക്ക് 100 ഓഹരികൾ അധികമായി ബോണസിന്റെ രൂപത്തിൽ ലഭിക്കുന്നു. അതുവഴി അദ്ദേഹത്തിന്റെ കയ്യിലെ ഓഹരികളുടെ ആകെ എണ്ണം 200 ആയി ഉയരുന്നു. അതേസമയം ഓഹരിയുടെ വില 600 രൂപയിൽനിന്നു 300 രൂപയായി താഴുകയും ചെയ്യും. ഇനി ബോണസ് അനുപാതം 2:1 ആണെങ്കിൽ 100 ഓഹരി കൈവശമുള്ള ഒരു വ്യക്തിക്ക് 200 ഓഹരികൾ കൂടെ ബോണസ് രൂപത്തിൽ വന്നു ചേരുകയും കൈവശമുള്ള ഓഹരികളുടെ മൊത്തം എണ്ണം 300 ആയി ഉയരുകയും ചെയ്യും. സ്വാഭാവികമായും ഓഹരി ഒന്നിന്റെ വില 600 രൂപയിൽ നിന്ന് 200 രൂപയിലെത്തുകയും ചെയ്യും. സാധാരണ നിലയിൽ ബോണസ് ഓഹരികൾ നൽകുന്ന കമ്പനികൾ മികച്ചവയായതിനാൽ തന്നെ ഓഹരി വില വീണ്ടും പഴയ പടിയിലേക്ക് ഉയർന്നു പോകാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു.

ബോണസ് ഓഹരികൾ ആർക്കൊക്കെ, എങ്ങനെ നൽകുന്നു?

തുടക്കത്തിൽ സൂചിപ്പിച്ച പോലെ കമ്പനിയുടെ നിലവിലെ എല്ലാ ഓഹരി ഉടമകളും ബോണസ് ഓഹരികൾക്ക് അർഹരാണ്. കമ്പനി മുൻകൂട്ടി പ്രഖ്യാപിക്കുന്ന എക്സ് ബോണസ് ഡേറ്റിനു മുൻപ് ഓഹരികൾ കൈവശപ്പെടുത്തിയിരിക്കണം എന്നതാണു നിയമം. എക്സ് ഡേറ്റിന് പുറമെ ഒരു റെക്കോഡ് ഡേറ്റ് അഥവാ കട്ട് ഓഫ് ഡേറ്റും കമ്പനി പ്രഖ്യാപിക്കാറുണ്ട്. ട്രേഡ്+2 അഥവാ 0+2 സമ്പ്രദായം നിലനിൽക്കുന്നതിനാൽ റെക്കോഡ് ഡേറ്റിന് 2 ദിവസം മുൻപുള്ള പ്രവൃത്തി ദിനമായിരിക്കും എക്സ് ബോണസ് ഡേറ്റായി വരിക. ഉദാഹരണത്തിന് റെക്കോർഡ് ഡേറ്റ് ആയി തീരുമാനിച്ചത് ഒരു വെള്ളിയാഴ്ചയാണെങ്കിൽ 2 ദിവസം മുൻപ് അതായത് ബുധനാഴ്ച ആയിരിക്കും എക്സ് ബോണസ് ഡേറ്റ്. ബുധനാഴ്ച ട്രേഡിങ് അവസാനിക്കുന്നതിനുമുൻപ് ഓഹരി വാങ്ങിയവർക്കു മാത്രമായിരിക്കും ബോണസ് ഓഹരികൾക്കുള്ള അർഹത. റെക്കോർഡ് ഡേറ്റിനു 15 ദിവസങ്ങൾക്കകം ബോണസ് ഓഹരികൾ നിക്ഷേപകന്റെ ഡിമാറ്റ് അക്കൗണ്ടിൽ വന്നുചേരുമെന്നതാണു നിയമം.

കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com