ADVERTISEMENT

കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില തുടർച്ചയായും വലിയ തോതിലും ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു മാത്രമല്ല ജനങ്ങളുടെ നിത്യജീവിതത്തിനും കനത്ത വെല്ലുവിളിയാകും. ഒട്ടേറെ വ്യവസായങ്ങളെ പ്രതിസന്ധിയിലേക്കു നയിക്കുന്നതുമാണു രൂപയുടെ അനിയന്ത്രിതമായ വിലത്തകർച്ച. 

കഴിഞ്ഞ ദിവസം ഡോളറൊന്നിന് രൂപയുടെ നിരക്ക് 80.00 നിലവാരവും പിന്നിട്ടതു വിലയിടിവിനു വിരാമമായിട്ടില്ലെന്നാണു വ്യക്തമാക്കുന്നത്. വർഷാന്ത്യത്തോടെ നിരക്ക് 82.50 വരെയെത്താമെന്നു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ട വ്യാപാരികളും ബാങ്കർമാരും അനുമാനിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വലിയ തോതിലുള്ള ഇടപെടലിലാണു നിരക്കു കൂടുതൽ ഇടിയാതിരുന്നത്. 

വിലയിടിവ് എന്തുകൊണ്ട്?

1. ആവശ്യവും ലഭ്യതയും തമ്മിലെ അന്തരം ഉൽപന്നങ്ങളുടെ എന്നപോലെ കറൻസിയുടെയും വിലവ്യതിയാനങ്ങൾക്കു കാരണമാകുന്നു. ഡോളറിനു ഡിമാൻഡ് കൂടുമ്പോൾ  കൂടുതൽ രൂപ വിറ്റു ഡോളർ വാങ്ങേണ്ടിവരുന്നു. ഇതു രൂപയുടെ വിലയിടിക്കുന്നു. 

2. അസംസ്‌കൃത എണ്ണ വാങ്ങാൻ ഇന്ത്യയിലെ എണ്ണക്കമ്പനികൾക്കു കൂടുതൽ ഡോളർ വേണ്ടിവരുന്നു. കൂടുതൽ ഡോളർ വാങ്ങാൻ കൂടുതൽ രൂപ വിൽക്കുന്നു.

3. എണ്ണയ്ക്കു വേണ്ടി മാത്രമല്ല മറ്റ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്കും കൂടുതൽ ഡോളർ ചെലവിടേണ്ടിവരുന്നു. അപ്പോഴും കൂടുതൽ രൂപ വിൽക്കേണ്ടി വരുന്നു.

4. വിദേശ ധനസ്‌ഥാപനങ്ങൾ ഇന്ത്യയിലെ ഓഹരി വിപണിയിൽനിന്നു വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ഡോളറിന്റെ ലഭ്യത ചുരുക്കുന്നു; രൂപ ദുർബലമാകുന്നു.

പ്രധാന പ്രത്യാഘാതങ്ങൾ

1. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്‌ക്കും കൽക്കരി പോലുള്ള ഇന്ധനങ്ങൾക്കും കൂടുതൽ ഡോളർ നൽകേണ്ടിവരുമ്പോൾ പെട്രോളിയം ഉൽപന്നങ്ങളുടെയും ഉരുക്ക് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെയും വില ഉയരും. 

2. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം ചരക്കുനീക്കത്തെ ബാധിക്കുമെന്നതിനാൽ എല്ലാ ഉൽപന്നങ്ങൾക്കും കൂടുതൽ വില നൽകേണ്ടിവരും. 

3. ഉരുക്കിന്റെയും മറ്റും വില വർധന പാർപ്പിടം, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെയൊക്കെ വിലക്കയറ്റത്തിനിടയാക്കും.

4. മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ടെലിവിഷൻ, വാഷിങ് മെഷീൻ, കംപ്യൂട്ടർ തുടങ്ങി ഇറക്കുമതി ഘടകങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും വില വർധിക്കും.

5. സ്വർണം, ചെമ്പ്, തോട്ടണ്ടി തുടങ്ങി അസംസ്‌കൃത വസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്ന എല്ലാ വ്യവസായങ്ങൾക്കും പ്രതിസന്ധിയുണ്ടാകും. ഇത് ഒട്ടേറെ തൊഴിലാളികളെ ബാധിക്കും.

5. വിദേശ പഠനം, വിദേശ യാത്ര എന്നിവയ്ക്കു ചെലവേറും.

6. നാണ്യപ്പെരുപ്പത്തിന്റെ തോത് ഉയരും. ഇതു പലിശ നിരക്കുകൾ ഉയർത്തും. അധിക ബാധ്യത വ്യവസായ മേഖലയെ തളർത്തും വ്യവസായ മേഖലയുടെ തളർച്ച തൊഴിലവസരങ്ങൾ കുറയാനിടയാക്കും.

7. കറന്റ് അക്കൗണ്ട് കമ്മി വർധിക്കുകയും സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും ചെയ്യുന്നതോടെ ഇന്ത്യയുടെ റേറ്റിങ് മോശമാകും. വിദേശ ധനസ്‌ഥാപനങ്ങൾ ഇവിടെ നിക്ഷേപത്തിനു തയാറാകാത്ത അവസ്ഥ വരും. പ്രതിരോധം, ചില്ലറ വിൽപന തുടങ്ങി ഒട്ടേറെ മേഖലകൾ വിദേശ നിക്ഷേപത്തിനു തുറന്നുകൊടുത്തതിന്റെ പ്രയോജനം ലഭിക്കാതെപോകും.

നേട്ടങ്ങൾ കുറച്ചുമാത്രം

1. വരുമാനത്തിന്റെ 60 ശതമാനത്തിലേറെയും ഡോളറിൽ ലഭിക്കുന്ന ഐടി കമ്പനികൾക്ക് ഇതു നല്ല കാലം.

2. റബർ, കുരുമുളക്, ഏലം, ചുക്ക്, ഗ്രാമ്പൂ, ജാതിക്ക, വനില തുടങ്ങിയവ കൃഷിചെയ്യുന്നവർക്ക് ഇവയുടെ കയറ്റുമതി കൂടുതൽ ആദായകരമാകുന്നതിന്റെ നേട്ടം ലഭിക്കും. 

3. കയറ്റുമതിയെ കനത്ത തോതിൽ ആശ്രയിക്കുന്ന ഒലിയോറെസിൻ, കറിപ്പൊടി വ്യവസായങ്ങൾക്കും നേട്ടം.

4. കശുവണ്ടി, തേയില, കാപ്പി, സമുദ്രോൽപന്ന വ്യവസായങ്ങൾക്കും ശുഭപ്രതീക്ഷയ്‌ക്കു വക.

5. കയറ്റുമതിയുടെ 40 ശതമാനത്തോളം അമേരിക്കയിലേക്കാണെന്നിരിക്കെ കയർ വ്യവസായത്തിനും ഗണ്യമായ നേട്ടം.

5. ഡോളറിൽ വരുമാനം നേടുന്ന വിദേശ മലയാളികൾക്കു സ്‌ഥിതി മെച്ചം.

6. ഡോളറുമായി ബന്ധപ്പെടുത്തിയ കറൻസി നിലവിലുള്ള യുഎഇ പോലുള്ള വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും സ്‌ഥിതി കൂടുതൽ ആദായകരം.

Content Highlight: Price Hike, Indian Economy, Rupee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com