ADVERTISEMENT

തിരുവനന്തപുരം∙ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പെർമിറ്റ് ഒഴിവാക്കിയ വ്യവസ്ഥ സർക്കാരിനു തലവേദനയായി. സ്വകാര്യ ഇലക്ട്രിക് ബസുകൾ പെർമിറ്റ് ഇല്ലാതെ ഇഷ്ടമുള്ള റൂട്ടിൽ ഓടിത്തുടങ്ങിയതാണു കാരണം. അതിനാൽ പെർമിറ്റ് നിയന്ത്രണം നടപ്പാക്കാനൊരുങ്ങുകയാണ് ഗതാഗതവകുപ്പ്.ഇലക്ട്രിക് വാഹനങ്ങൾക്ക് പെർമിറ്റ് എടുക്കേണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുള്ളത്. ഓട്ടോറിക്ഷകൾക്കും പെർമിറ്റ് വേണ്ട. എന്നാൽ, സംസ്ഥാനത്ത് ഇലക്ട്രിക് ബസുകൾ സ്വകാര്യമേഖലയിലും വന്നു തുടങ്ങിയപ്പോൾ മറ്റു സ്വകാര്യബസുടമകളും കെഎസ്ആർടിസിയും വെട്ടിലായി.

കൊച്ചിയിലും കോഴിക്കോട്ടും സ്വകാര്യ ഇലക്ട്രിക് ബസുകൾ പെർമിറ്റ് ഇല്ലാതെ ഇഷ്ടമുള്ള റൂട്ടിൽ ഓടിത്തുടങ്ങി. ഇതേത്തുടർന്ന് കെഎസ്ആർടിസി തന്നെ ഗതാഗത വകുപ്പിനു പരാതി നൽകി. ഇതോടെയാണ് പെർമിറ്റ് നിയന്ത്രണം നടപ്പാക്കുന്നത്. അടുത്ത ദിവസം ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഇതു ചർച്ച ചെയ്യും. കേന്ദ്ര നിയമത്തിൽ കേരളത്തിനു മാത്രമായി നിലപാട് മാറ്റാൻ കഴിയാത്തതിനാൽ ഗതാഗതവകുപ്പിന്റെ നിർദേശങ്ങൾ ശുപാർശയായി കേന്ദ്രത്തെ അറിയിക്കും. കെഎസ്ആർടിസിയുടെ ആദ്യ 25 ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് കഴിഞ്ഞദിവസം സർവീസ് തുടങ്ങി.

സർക്കാർ വക ഓട്ടോ

സർക്കാർ നേരിട്ട് ഇലക്ട്രിക് ഓട്ടോ വാങ്ങുന്ന പദ്ധതിയും വരുന്നു. ആദ്യമായി തിരുവനന്തപുരത്ത് 30 എണ്ണം ഗതാഗതവകുപ്പ് വാങ്ങും. കെടിഡിഎഫ്സി വഴിയാണിത്. അർഹരായവരെ കണ്ടെത്തി സൗജന്യമായി കൈമാറും. ഓടുന്ന തുകയിൽ നിശ്ചിത തുക ദിവസവും കെടിഡിഎഫ്സിക്ക് അടയ്ക്കണം.  കെഎസ്ആർടിസി നഗരത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ സർവീസിലേക്ക് ഇടവഴികളിൽ നിന്നു യാത്രക്കാരെ എത്തിക്കുന്ന ഫീഡർ സർവീസായി തുടക്കത്തിൽ ഇൗ ഓട്ടോകൾ ഓടും. വിജയകരമായാൽ എല്ലാ നഗരങ്ങളിലും പദ്ധതി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com