ADVERTISEMENT

കൊച്ചി ∙ പലിശ വർധന പെയ്തിറങ്ങിയതും പേമാരിയായി. മേയ് നാലിന് 0.4% വർധന. ജൂണിൽ 0.5%. ഇപ്പോഴിതാ 0.5% കൂടി. 94 ദിവസത്തിനിടയിലാണു വായ്പ നിരക്കിലെ 1.4% വർധന. ജനങ്ങൾക്കും വ്യവസായ, വാണിജ്യ മേഖലകൾക്കും അധികഭാരം. വർധന നടപ്പാക്കുന്നതിൽ മത്സരിക്കുന്ന ബാങ്കുകൾക്കും ഇതര വായ്പ ഏജൻസികൾക്കും മാത്രം നേട്ടം.

നിരക്കു വർധനയ്ക്ക് ഇതോടെ വിരാമമായെന്നു വെറുതെ മോഹിക്കാനേ കഴിയൂ. ആർബിഐയുടെ പ്രഖ്യാപനം ആകെയൊന്നു നോക്കിയാൽ വർധനയ്ക്കുള്ള തുടർ സാധ്യതകൾ വായിച്ചെടുക്കാം. വർധനയുടെ അടുത്ത ഊഴം സെപ്റ്റംബർ 30ന് ആയിക്കൂടായ്കയില്ല. ഒൻപതു മാസത്തിനിടയിൽ ഒരു ശതമാനത്തോളം വർധനയ്ക്കു കൂടി സാധ്യതയുണ്ടെന്നു ചില നിരീക്ഷകർ അനുമാനിക്കുന്നു.

വായ്പ നിരക്കുകൾ വർധിപ്പിച്ചു കൊണ്ടുള്ള ബാങ്കുകളുടെ അറിയിപ്പുകൾ ഇനി തുടരെ വായിക്കാം. പാവം നിക്ഷേപകർ. അവർക്കു കൂടുതൽ പലിശ കിട്ടണമെങ്കിൽ രണ്ടു മൂന്നു ത്രൈമാസങ്ങളുടെ താമസം വരും. അപ്പോഴും വായ്പ നിരക്കിലെ വർധനയ്ക്ക് ആനുപാതികമായ മെച്ചം പ്രതീക്ഷിക്കേണ്ടതില്ല. ഇതാണു ബാങ്കിങ് രംഗത്തെ രീതി എന്ന് ആശ്വസിക്കുകയേ മാർഗമുള്ളൂ.

inflation

വായ്പ നിരക്കു വർധിപ്പിക്കാനുള്ള ഉത്സാഹത്തിനു പ്രധാന കാരണം ബാങ്കിന്റെ പലിശ വരുമാനം വർധിക്കും എന്നതുതന്നെ. പോരെങ്കിൽ വായ്പകൾക്കു ഡിമാൻഡ് വർധിച്ചു വരുന്നു. ഡിമാൻഡിൽ 14 – 16% വരെ വർധനയുണ്ട്. നിക്ഷേപത്തിന്റെ കാര്യത്തിലെ സാവകാശത്തിനു കാരണം ബാങ്കുകളുടെ പക്കൽ ആവശ്യത്തിലേറെ പണമുണ്ടെന്നതാണ്. പിന്നെന്തിനു നിക്ഷേപം ലഭിക്കാൻ മത്സരിക്കണം?

∙ പണപ്പെരുപ്പത്തിന്റെ പേര് പറഞ്ഞു പലിശപ്പെരുപ്പം

പണപ്പെരുപ്പമാണത്രേ വായ്പ നിരക്കുകളുടെ വർധനയ്ക്കു പ്രധാന കാരണം. നിരക്കു മൂന്നു തവണ കൂട്ടിയിട്ടും അതൊട്ടു കുറയുന്നില്ലെന്നു മാത്രമല്ല കൂടുകയുമാണ്. 7.1 ശതമാനമാണ് അവസാന നിരക്ക്. ഇനി ഇവിടെ മാത്രം വിലകൾ കുറഞ്ഞിട്ടും കാര്യമില്ല. ഉയർന്ന എണ്ണ വിലയും മറ്റും മൂലം നമ്മുടെ പണപ്പെരുപ്പവും ഇറക്കുമതിയാണ് എന്നു പറയാം.

എന്തായാലും ദുരിതം ജനങ്ങൾക്ക്. വായ്പ നിരക്കിലെ വർധന എല്ലാ ഉൽപന്നങ്ങളുടെയും വിലക്കയറ്റത്തിന് ഇടയാക്കും. വായ്പയെടുത്തു വീടു നിർമിച്ചവരും കാറു വാങ്ങിയവരും മറ്റും അധിക ബാധ്യത അനുഭവിക്കേണ്ടിവരും. വീടും മറ്റും വാങ്ങാനിരിക്കുന്നവർക്കും നിരാശപ്പെടേണ്ടിവരും. മൂന്നു തവണ വായ്പ നിരക്കു വർധിപ്പിച്ചതിന്റെ ഫലമായി ജനങ്ങളുടെ ക്രയശേഷിയിൽ 11% വരെ ഇടിവുണ്ടായിട്ടുണ്ടെന്നു പഠനം. അതായത്, 50 ലക്ഷം രൂപയുടെ വീടു വാങ്ങാൻ കഴിയുമായിരുന്ന വ്യക്തിക്ക് ഇനി 44,50,000 രൂപയുടെ ശേഷിയാണു ബാക്കി.

English Summary: Loan EMIs to go up after RBI hikes rates by 50 basis points to 5.4%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com