ADVERTISEMENT

തയ്‌വാനിൽ യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി സന്ദർശനം നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചതിനു രാഷ്ട്രീയ കാരണം മാത്രമല്ല.  ലോകത്തെ സകല രാജ്യങ്ങളിലും മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതിനും കാർ ഓടുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനും എന്തിന് യുദ്ധവിമാനം പറക്കുന്നതിനുപോലും തയ്‌വാൻ കനിയണം. സകലമാന ഉപകരണങ്ങളുടെയും ഇലക്ട്രോണിക് കൺട്രോൾ സംവിധാനങ്ങൾക്കാവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ തയ്‌വാൻ കഴിഞ്ഞേ മറ്റാരുമുള്ളൂ. 

അങ്ങനെയൊരു തയ്‌വാൻ യുഎസിന്റെ ‘ബെസ്റ്റ് ഫ്രണ്ട്’ ആയാൽ ചൈനയ്ക്കു പണിയാകും. ലോകത്തിന്റെ ഫാക്ടറി എന്നൊക്കെ ഊറ്റം കൊള്ളുന്ന ചൈനയ്ക്ക് ഇതുവരെ ചിപ്പ് നിർമാണത്തിൽ മിടുക്കു തെളിയിക്കാനായിട്ടില്ല. ‘ലോകത്തിന്റെ ഫാക്ടറി’യിലേക്കുള്ള ചിപ്പുകൾ ഭൂരിഭാഗവും എത്തുന്നത് തയ്‌വാനിൽനിന്നാണ്. ആപ്പിളും ക്വാൽകോമും എഎംഡിയും ഇന്റലും അടക്കമുള്ള അമേരിക്കൻ കമ്പനികളൊക്കെ ഡിസൈൻ ചെയ്യുന്ന അതിനൂതനമായ ഐസി (ഇന്റഗ്രേറ്റഡ് സർക്കീറ്റ്) ചിപ്പുകൾ നിർമിക്കാൻ സൂക്ഷ്മതയുള്ള ഫാക്ടറികൾ ‌തയ്‌വാനിലാണുള്ളത്.

തയ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി (ടിഎസ്എംസി) ലോകത്തെ ചിപ്പ് നിർമാണ വ്യവസായത്തിന്റെ പകുതിയിലേറെയും (54%) കയ്യാളുന്നു. യുഎംസി, പിസ്എംസി, വിഐഎസ് തുടങ്ങിയ ‌തയ്‌വാൻ കമ്പനികൾക്കെല്ലാം കൂടി 11 ശതമാനത്തോളം വിപണി വിഹിതമുണ്ട്.  ചിപ് നിർമാണത്തിൽ രണ്ടാം സ്ഥാനത്ത് ദക്ഷിണകൊറിയയാണ്. ലോക വിപണിയുടെ 16% ആവശ്യം നിറവേറ്റുന്നത് അവിടത്തെ സാംസങ് ആണ്. 1.4% വിഹിതമുള്ള മറ്റൊരു കമ്പനിയുമുണ്ട്. 9% വിഹിതമേ ചൈനയ്ക്കുള്ളൂ. 2 കമ്പനികളാണ് അവിടെയുള്ളത്. യുഎസിലും യൂറോപ്പിലും ഇസ്രയേലിലുമായാണ് ബാക്കി 10% ചിപ് നിർമാണം.

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ചിപ് നിർമാണം തുടങ്ങുന്നതുസംബന്ധിച്ച ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇതേ ദിശയിൽ ചർച്ചകൾ നടക്കുന്നുമുണ്ട്. എന്നാൽ ഈ നടപടികളൊക്കെ ചിപ് നിർമാണത്തിലെത്താൻ വർഷങ്ങൾ ഏറെ വേണ്ടിവരും. ചൈന ആഞ്ഞുപരിശ്രമിച്ചിട്ടും ആധുനിക നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള ചിപ്പുകൾ നിർമിക്കാനാകുന്നില്ല. ഹ്രസ്വ സന്ദർശനമായിട്ടും നാൻസി പെലോസി തയ്‌വാനിൽ ടിഎസ്എംസി ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. 

എന്നാൽ, പെലോസിക്കും തയ്‌വാനുമെതിരെ ചില ഉപരോധങ്ങൾ പ്രഖ്യാപിച്ച ചൈന, തയ്‌വാനിലെ ചിപ് വ്യവസായത്തെ തൊട്ടിട്ടില്ല. തയ്‌വാനിൽനിന്നുള്ള ചില പഴങ്ങളും മത്സ്യവും ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതുമാത്രം വിലക്കി. ചിപ് ഇറക്കുമതി വിലക്കിയാൽ ചൈനയിലെ ഇലക്ട്രോണിക്സ് ഉപകരണ വ്യവസായവും വാഹന വ്യവസായവും പ്രതിസന്ധിയിലാകും എന്നതുതന്നെ കാരണം. 

യുദ്ധമുണ്ടായാൽ

നിലവിൽ ചൈന സൈനിക വിരട്ടലുകൾ നടത്തുന്നുണ്ടെങ്കിലും ആക്രമണത്തിലേക്കു നീങ്ങിയിട്ടില്ല. യുദ്ധമുണ്ടായാൽ,  അത് ഏതാനും ദിവസത്തേക്കാണെങ്കിൽപ്പോലും, ലോകമെങ്ങും വാഹന ഫാക്ടറികൾക്കു ഷട്ടർ വീഴും. സ്മാർട്ഫോൺ അടക്കമുള്ള സകല ഇലക്ട്രോണിക് ഉപകരണ വ്യവസായങ്ങളെയും ചിപ് ക്ഷാമം പല തോതിൽ ബാധിക്കും. കോവിഡ് കാലത്തുണ്ടായ ചിപ് ക്ഷാമത്തിൽനിന്നു കരകയറാൻ കൈകാലിട്ടടിക്കുന്ന ആഗോള വാഹന വ്യവസായത്തിനു തന്നെയാകും ഏറ്റവും വലിയ തിരിച്ചടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com