ADVERTISEMENT

ചോ: ഐപിഒ പോലെ സർവസാധാരണമായല്ലെങ്കിലും വിപണിയിൽ ഇടയ്ക്കൊക്കെ കേൾക്കാറുണ്ട് എഫ്പിഒയെപ്പറ്റി. എന്താണത് ?

ഉ: സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ പൊതുജനങ്ങൾക്കായി വീണ്ടും ഓഹരികൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് ഫോളോഓൺ പബ്ലിക് ഓഫർ (എഫ്പിഒ). എഫ്പിഒ വഴി സമാഹരിക്കുന്ന അധിക മൂലധനം ബിസിനസ് വിപുലീകരണത്തിനോ കടങ്ങൾ തീർക്കാനോ പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന പ്രോജക്ടുകൾക്കായി ചെലവിടാനോ ഒക്കെ ഉപയോഗിക്കുന്നു. റൈറ്റ്സ് ഇഷ്യു അഥവാ അവകാശ ഓഹരികൾ നിലവിലെ ഓഹരി ഉടമകൾക്ക് മാത്രമായാണ് അനുവദിക്കുന്നതെങ്കിൽ ഫോളോ ഓൺ പബ്ലിക് ഓഫറിനായി പൊതുജനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. 

സാധാരണ ഗതിയിൽ എഫ് പി ഒക്കായി നിശ്ചയിക്കുന്ന വില ഓഹരിയുടെ വിപണി വിലയേക്കാൾ അൽപം താഴ്ന്ന നിരക്കിലാകാറുള്ളതിനാൽ എഫ്പിഒ വഴി ഓഹരികൾ കരസ്ഥമാക്കി വൈകാതെ തന്നെ വിപണിയിൽ വിറ്റുമാറി റിസ്കില്ലാതെ ചെറിയ തോതിൽ ലാഭമെടുക്കാനുള്ള ചാൻസും നിക്ഷേപകർക്ക് വന്നുചേരാറുണ്ട്. പ്രധാനമായും രണ്ടു രീതിയിലാണ് എഫ് പി ഒകൾ പുറത്തിറങ്ങാറുള്ളത്. കമ്പനി പുത്തൻ ഓഹരികൾ പുറത്തിറക്കുന്ന ഡയല്യൂട്ടഡ് എഫ് പി ഒയും നിലവിലെ ഓഹരി ഉടമകളായ സ്ഥാപകർ, പ്രൊമോട്ടർമാർ, ബോർഡ് അംഗങ്ങൾ മുതലായവർ തങ്ങൾ കൈവശം വെച്ചിരിക്കുന്ന ഓഹരികൾ പബ്ലിക്കിന് വിറ്റുമാറുന്ന നോൺ ഡയല്യൂട്ടഡ് എഫ് പി ഒയും. 

ആദ്യത്തേതിൽ കമ്പനിയുടെ ആകെ ഓഹരികളുടെ എണ്ണം വർധിക്കുന്നതിനാൽ മൂലധന ഘടനയിൽ വ്യത്യാസം വരുന്നു. കൂടാതെ കമ്പനിയുടെ ഇ പി എസിൽ കുറവും സംഭവിക്കുന്നു. എന്നാൽ നോൺ ഡയല്യൂട്ടഡ് എഫ് പി ഒയിൽ നിലവിലുള്ള ഓഹരികളുടെ കൈമാറ്റം മാത്രമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഓഹരികളുടെ ആകെ എണ്ണത്തിൽ വർധനവ് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, ഇ പി എസിലും മറ്റും കുറവും സംഭവിക്കുന്നില്ല. വിവിധ വിഭാഗങ്ങൾ കൈവശം വെച്ചിരിക്കുന്ന ഓഹരിഘടനയിൽ മാത്രമാണ് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത്.

ഐപിഒയും എഫ്പിഒയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

ഐപിഒ

∙ കമ്പനികൾ ആദ്യമായി ഓഹരികൾ പുറത്തിറക്കുന്നത് ഐപിഒ വഴിയാണ് 

∙ ഐപിഒ ഇറക്കുന്ന കമ്പനിയുടെ വാല്യുവേഷൻ അടിസ്ഥാനപ്പെടുത്തിയാണ് വിലയുടെ ബാൻഡ് നിശ്ചയിക്കുന്നത്.

∙ പുത്തൻ ഓഹരികളാണ് നിക്ഷേപകർക്ക് ഐപിഒ മാർക്കറ്റിൽ നിന്നും ലഭ്യമാകുന്നത്.

∙ കമ്പനിയുടെ ഓഹരി മൂലധനം ഐപിഒ വഴി വർധിക്കുന്നു. 

∙ കമ്പനിയുടെ യഥാർഥ വാല്യൂവേഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇഷ്യു വില ചിലപ്പോൾ ഉയർന്നതായിരിക്കാം.

∙ കമ്പനിയുടെ മുൻകാല പ്രകടനത്തെക്കുറിച്ച് അറിവില്ലാത്തതിനാലും ബന്ധപ്പെട്ട ഡേറ്റ പലപ്പോഴും ലഭ്യമല്ലാത്തതിനാലും ഐപിഒ നിക്ഷേപത്തിന് തനതായ റിസ്കുണ്ടെന്ന് വിലയിരുത്താം. 

എഫ്പിഒ

∙ ഐപിഒ നടന്നതിനു ശേഷമാണ് കമ്പനികൾ എഫ്പിഒ പ്രഖ്യാപിക്കാറുള്ളത്. 

∙ ഓഹരിയുടെ നിലവിലെ വിപണി വില അടിസ്ഥാനമാക്കിയാണ് ഇഷ്യുവില നിർണയിക്കുന്നത്. 

∙ പുത്തൻ ഓഹരികളോ നിലവിലെ ഓഹരി ഉടമകൾ കൈവശം വെച്ചിരിക്കുന്ന സെക്കൻഡ് ഹാൻഡ് ഓഹരികളോ ആയിരിക്കും നിക്ഷേപകർക്ക് ലഭ്യമാകുന്നത്. 

∙ ഓഹരി മൂലധനം വർധിക്കണമെന്നില്ല. (ഡയല്യൂട്ടഡ് എഫ് പി ഒ സമയത്ത് മാത്രം വർധിച്ചേക്കാം)

∙ സാധാരണ നിലയിൽ നിലവിലെ വിപണി വിലയേക്കാൾ കുറവായിരിക്കും ഇഷ്യു വില.

∙ നിലവിൽ പ്രവർത്തിച്ചുവരുന്ന കമ്പനി ആയതിനാൽ സംഖ്യാപരവും ഗുണപരവുമായ വിശകലനം സാധ്യമാണ്. ആയതിനാൽ എഫ് പി ഒ നിക്ഷേപത്തിന് താരതമ്യേന റിസ്ക് കുറവാണെന്ന് പറയാം.

(കെ.സി.ജീവൻകുമാർ - ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com