ADVERTISEMENT

നാട്ടിൻപുറത്തെ നാടൻ വീട്ടിൽ ചെന്നപ്പോൾ അവിടെയും ചർച്ച– ഈ പോക്ക് പോയാൽ കേരളം ശ്രീലങ്ക പോലാകുമോ..? ശമ്പളം കിട്ടാതാകുമോ? കേട്ടയാൾ– അയ്യോ എന്റെ പെൻഷൻ കാശെല്ലാം ട്രഷറിയിൽ ഇട്ടിരിക്കുവാണേ...എടുക്കാൻ പറ്റാതാകുമോ...?? നാടെങ്ങും ജനം ഇതേ വിഷയം സംസാരിക്കുന്നു! നഗരത്തിലെ വല്യ ബുദ്ധിജീവികൾ കൂടുന്നിടങ്ങളിലും ഇതേ വിഷയം  ചർച്ചകളിലുണ്ട്. കേരളം ലോകത്തിലെ ഏറ്റവും മോശം സ്ഥലങ്ങളിലൊന്നാണെന്നു വരെ വിലയിരുത്തിക്കളഞ്ഞു. പാപ്പരാകാൻ പോവുകയാണെന്നു പലരും വാദിച്ചു. 

ശമ്പളം മുട്ടും, കടമെടുപ്പിന്റെ അളവ് കുറയും. മറ്റു പലതിനേയും കുറ്റം പറഞ്ഞിട്ട് അന്നു കാര്യമുണ്ടാവില്ല. ഇന്ത്യയിൽ ആദ്യമായി പാപ്പരാവുന്ന സംസ്ഥാനമായേക്കും കേരളം എന്നു വരെ പറയുന്നവരുണ്ട്. ലോകം മുഴുവൻ യാത്ര ചെയ്തിട്ടുള്ളവരും ഉന്നതസ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവരുമാണ് ഇതൊക്കെ പറയുന്നത്. ചായക്കട വർത്തമാനമല്ല. നമ്മളായിട്ട് ഒന്നും പറയുന്നില്ലേ...വിവരമുള്ളവർ പറഞ്ഞതിന്റെ ഒരു ‘സേമ്പിള്’ കാണിച്ചുതരാം. സാംപിൾ വെടിക്കെട്ടു തന്നെ കണ്ണുതുറപ്പിക്കും. കേരളം മനോഹരം എന്നു മേനിനടിക്കുന്നതിൽ കാര്യമില്ല. മനോഹര നാടുകൾ വേറേ ഒരുപാട് ലോകത്തുണ്ട്. നാട്ടുകാരാണു പ്രശ്നം. 

നിങ്ങളുടെ വീട് വൃത്തികേടായി കിടക്കുകയാണെങ്കിൽ വന്നു കാണുന്നവർ വീടിനെയേ കുറ്റംപറയൂ. അവിടെ താമസിക്കുന്ന നിങ്ങളുടെ ചെയ്തിയാണതെന്നു പറയില്ലല്ലോ, യേത്? ഇവിടെ നിന്നിട്ടു കാര്യമില്ല എന്ന ചിന്ത യുവതീയുവാക്കളുടെ മനസിൽ പതിഞ്ഞിരിക്കുന്നു. എല്ലാവരും പുറത്തു പോവുകയാണ്. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ. ഇവിടെ രാഷ്ട്രീയ വിധേയത്വവും കാക്കപിടിത്തവുമായി നടക്കുന്നവർക്കേ രക്ഷയുള്ളു എന്ന ഇമേജായി. പലർക്കും വേണ്ടി ‘ക്യാപ്സ്യൂൾ’ പ്രചരിപ്പിക്കാൻ നടക്കുന്ന കുറേപ്പേർ. മിടുക്കരെല്ലാം പുറത്തുപോകുമ്പോൾ ആ ഗ്യാപ് നികത്താൻ വരുന്നത് ബംഗാളിൽ നിന്നും മറ്റുമുള്ള ചിലർ. 

പുറത്തു പോകാനുള്ള യോഗ്യതയോ സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തവരാണ് ഇവിടെ തുടരുന്നത്. വെളിയിൽ പോകാൻ കുറച്ചു കാശും വേണം. വീസയും വിമാനടിക്കറ്റും മാത്രമല്ല ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയ്ക്കുള്ള കോഴ്സിൽ ചേർന്നിട്ട് അതു പാസാകണം. ഇല്ലാത്തവർ ഇവിടെ തുടരുന്നു. ഈ പോക്ക് പോയാൽ 10 വർഷത്തിനകം കേരളം മണ്ണും പിണ്ണാക്കും അറിയാത്ത കുറേപ്പേർ മാത്രം താമസിക്കുന്ന നാടാകും. 

ഇപ്പോൾ തന്നെ ഏതു ജോലിക്കും ആളെ ക്ഷണിച്ചാൽ ഒന്നിനും കൊള്ളാത്തവരാണ് വരുന്നതെന്നത് ഇന്റർവ്യൂ നടത്താൻ വിധിക്കപ്പെട്ടവർ പറയുന്നു. സംരംഭകരെ ചൂഷകരായി കണ്ട് ആട്ടിയോടിക്കുന്നില്ലേ ഇന്നും...? അധ്വാനിച്ചു പണം ഉണ്ടാക്കിയവരോടൊക്കെ അസൂയയല്ലേ? അവരെ വലിച്ചു താഴെ കൊണ്ടുവരാൻ പല വഴികളും നോക്കുന്നില്ലേ? 

ഒടുവിലാൻ∙ അപ്പോൾ കേരളം ലോകത്തെ ഏറ്റവും മോശം സ്ഥലമാണോ? ലോകൈക സഞ്ചാരി പറയുന്നു–വാസ്തവം! മഴ, വെള്ളം, കൃഷിഭൂമി, വിദ്യാഭ്യാസമുള്ള ജനം...എല്ലാം ഉണ്ടായിട്ടും കേരളം ഈ വിധത്തിലായെങ്കിൽ ജനം നശിപ്പിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com