ADVERTISEMENT

ഓഹരി വിപണിക്കു കരുതലിന്റേതായിരുന്നു കഴിഞ്ഞ വാരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയപ്രഖ്യാപനത്തിനു മുന്നോടിയായുള്ള കരുതൽ. യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനവും ചൈനയുടെ രോഷപ്രകടനവും കൂടിയായപ്പോൾ അൽപം പരിഭ്രാന്തിയും വിപണിയെ പിടികൂടാതിരുന്നില്ല. അങ്ങനെ അനിശ്‌ചിതത്വത്തിന്റെ നിഴലിലാണു കഴിഞ്ഞ ആഴ്‌ച വ്യാപാരം അവസാനിച്ചത്.

സെൻസെക്‌സ് 58,387.93 പോയിന്റും നിഫ്‌റ്റി 17,397.50 പോയിന്റും കുറിച്ച വാരാന്ത്യം. ഇന്നു വ്യാപാരം പുനരാരംഭിക്കുമെങ്കിലും നാളെ മുഹർറം പ്രമാണിച്ചു വ്യാപാരത്തിന് അവധിയാണ്. അതിനാൽ ഈ ആഴ്‌ചയിലെ വ്യാപാരം നാലു ദിവസങ്ങളിലൊതുങ്ങും. അതുകൊണ്ടുതന്നെ ഗതിനിർണയം സാധ്യമാകുന്ന സാഹചര്യമുണ്ടാകുന്നില്ല. കോർപറേറ്റ് മേഖലയിൽനിന്നുള്ള ഫലപ്രഖ്യാപനങ്ങളായിരിക്കും പ്രധാനമായും വിപണിയിലെ ചലനങ്ങൾക്കു പ്രേരണയാകുക. 

യുഎസിലെയും ഇന്ത്യയിലെയും ഉൾപ്പെടെ പല കേന്ദ്ര ബാങ്കുകളിൽനിന്നും വീണ്ടും പലിശ വർധന പ്രതീക്ഷിക്കേണ്ട സാഹചര്യവും വിപണിക്കു പരിഗണിക്കാതെ വയ്യ. വലിയ തോതിലല്ലെങ്കിലും വിപണിയിൽ വിദേശ ധനസ്‌ഥാപനങ്ങളുടെ സാന്നിധ്യമുണ്ട്. അവയിൽനിന്നുള്ള പണമൊഴുക്കു മെച്ചപ്പെട്ടാൽ  വിപണിക്കു പ്രതീക്ഷിക്കാൻ വകയാകും.ഈ ആഴ്‌ച  നിഫ്‌റ്റി 17,000 – 17,500 നിലവാരം സുരക്ഷിതമാക്കുന്ന പാകപ്പെടുത്തലിലായിരിക്കുമെന്നു കരുതാം. 17,500 നിലവാരം മറികടക്കുന്ന ‘ക്‌ളോസിങ്’ അതിനിടെ തരപ്പെട്ടാൽ നിഫ്‌റ്റി 17,800 നിലവാരത്തിലേക്കു കുതിക്കുന്നതു കാണാനായേക്കും.

കൊച്ചിൻ ഷിപ്‌യാർഡ്, ധനലക്ഷ്‌മി ബാങ്ക്, സുബെക്‌സ്, എംആർഎഫ്, ശോഭ, ഭാരതി എയർടെൽ, ടാറ്റ കെമിക്കൽസ്, ഐആർസിടിസി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഇന്ത്യൻ ഹോട്ടൽസ്, പവർഗ്രിഡ്, അദാനി പോർട്‌സ്, ടാറ്റ കൺസ്യൂമർ, ഭാരത് ഫോർജ്, അരബിന്ദോ ഫാർമ, ഗ്രാസിം, ഹീറോ മോട്ടോർ കോർപ്, ഒഎൻജിസി, ഡിവീസ് ലാബ് എന്നിവയുടെ ഓഹരി വിലകളിലെ ചലനങ്ങൾ പതിവിലേറെ ശ്രദ്ധിക്കപ്പെടുന്ന ആഴ്‌ചയായിരിക്കും ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com