25,000 വീടുകളിൽ ഓണത്തിന് സൗരോർജം എത്തിക്കാൻ കെഎസ്ഇബി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ 25,000 വീടുകളിൽ ഓണത്തിന് വൈദ്യുതി ബോർഡ് സൗരോർജം എത്തിക്കും. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽ ഉൽപാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമാണിത്. കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു ബോർഡ് പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ അറിയിപ്പു നൽകി. സെക്‌ഷൻ ഓഫിസുകൾ വഴി റജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കി. താൽപര്യമുള്ളവർക്ക് ഇ കിരൺ പോർട്ടൽ വഴി സ്വയം റജിസ്‌ട്രേഷൻ നടത്താം.
ഇതിലൂടെ അടുത്ത മാർച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. വൈദ്യുതി ബോർഡ്, അനെർട്ട് എന്നിവ ചേർന്ന് ഇതുവരെ 14,000 വീടുകളിൽ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉൽപാദിപ്പിക്കുക. 3 കിലോവാട്ട് വരെ 40 ശതമാനവും 3 മുതൽ 10 കിലോവാട്ട് വരെ 20 ശതമാനവും ഗുണഭോക്താവിന് സബ്‌സിഡി ലഭിക്കും. ആകെ ചെലവാകുന്ന തുകയിൽ സബ്‌സിഡി ഒഴികെ തുക മാത്രം ഗുണഭോക്താവ് നൽകിയാൽ മതി.
ശരാശരി 2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സോളർ പാനലുകളാണു വീടുകളിൽ സ്ഥാപിക്കുന്നത്. ഒരു കിലോവാട്ട് ( 4 യൂണിറ്റ് ) ഉൽപാദിപ്പിക്കാൻ 100 ചതുരശ്രയടി സ്ഥലം വേണം. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ കൂടുതൽ ഉൽപാദിപ്പിച്ചാൽ അത് യൂണിറ്റിന് 3.22 രൂപയ്ക്കു ബോർഡ് വാങ്ങും. വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കുന്നതിന് ഇതു വരെ 90,000 പേർ റജിസ്റ്റർ ചെയ്തു. ekiran.kseb.in, buymysun.com എന്നിവ വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ 1912, 1800 425 1803
English Summary: Solar Energy in Homes by KSEB