കേരളത്തിൽ നിന്നുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് റീൽസ് ക്രിയേറ്റർമാർ ദേശീയതലത്തിലും പ്രാദേശികമായും ട്രെൻഡുകൾ സൃഷ്ടിക്കുന്നവരെന്നു ഫെയ്സ്ബുക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാർട്നർഷിപ് മേധാവിയുമായ മനീഷ് ചോപ്ര ‘മനോരമ’യോടു പറഞ്ഞു. റീൽസ് ഉപയോഗിക്കുന്ന വിഡിയോ ക്രിയേറ്റർമാർക്കായി ‘മെറ്റ’ കഴിഞ്ഞ ദിവസം കൊച്ചിയിൽ കൂട്ടായ്മ നടത്തിയിരുന്നു. ചുരുങ്ങിയ സമയത്തിൽ ദേശീയ–രാജ്യാന്തരതലങ്ങളിൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ക്രിയേറ്റർമാരെ അനുമോദിക്കാനും അവർക്കു കൂടിച്ചേരാനും മറ്റു ക്രിയേറ്റർമാർക്കൊപ്പം സഹകരിക്കാനുമുള്ള അവസരം ഒരുക്കാനുമാണു കൂട്ടായ്മ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
റീൽസിന്, ഓരോ പ്രദേശത്തിനും ഭാഷയ്ക്കും അപ്പുറം ഇന്ത്യയെ ആകെ രസിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് മെറ്റ വിലയിരുത്തുന്നു. കേരളത്തിൽ നിന്നുള്ള ക്രിയേറ്റർമാർ ഒട്ടേറെ ട്രെൻഡുകൾക്കു പ്രചോദനമാണ്. കൊച്ചിയിലെ പരിപാടിയിൽ 200ൽ അധികം പേർ പങ്കെടുത്തു. അതിൽ സിനിമാ താരങ്ങളും സംഗീതജ്ഞരും പാചക വിദഗ്ധരുമുണ്ട്.

‘ഞങ്ങളെ സംബന്ധിച്ച് കേരളം വലിയ സാധ്യതകളുള്ള സ്ഥലമാണ്. കേരളത്തിൽനിന്നു ഗാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ചില റീലുകൾ ശരിക്കും ട്രെൻഡ് ആണ്. അതിൽ ഫലിതവും സംഗീതവും വിനോദവുമെല്ലാം ഉണ്ട്. സംഗീതം, നൃത്തം, യാത്ര, പാചകം, ലിപ് സിങ്ക് എന്നിവ വരുന്ന റീലുകളാണ് കേരളത്തിൽനിന്നു കൂടുതൽ. അതുകൊണ്ടാണ് കൊച്ചി കേന്ദ്രമാക്കിയത്’– മനീഷ് ചോപ്ര പറഞ്ഞു.
‘ബോൺ ഓൺ ഇൻസ്റ്റഗ്രാം’ ക്രിയേറ്റർ കോഴ്സ് പ്രധാനപ്പെട്ടതാണ്. ഇൻസ്റ്റഗ്രാം റീൽ ഉൾപ്പെടെയുള്ള പലതും മലയാളത്തിലും മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന സൗജന്യ സേവനമാണത്. ക്രിയേറ്റർമാരെ വിവിധ മേഖലകളിലെ പ്രമുഖരുമായി ഒന്നിപ്പിച്ചുകൊണ്ടുവരുന്ന പരിപാടികളും അണിയറയിലാണെന്ന് അദ്ദേഹം പറഞ്ഞു.
English Summary: Meta on Reels Creators from Kerala