ADVERTISEMENT

തുറന്നു വായിച്ചാലുടൻ സ്വയം ‘ഡിലീറ്റ്’ ആകുന്ന മെസേജുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നതു തടയാൻ വാട്സാപ് സംവിധാനം ഏർപ്പെടുത്തുന്നു. ഉപയോക്താക്കൾക്കു കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഒരാൾ അയയ്ക്കുന്ന സന്ദേശങ്ങൾ അത് സ്വീകരിക്കുന്നയാൾ കണ്ടാലുടൻ അപ്രത്യക്ഷമാകുന്ന (View Once) സംവിധാനം നേരത്തേ വാട്സാപ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അത്തരം മെസേജുകളുടെയും ചിത്രങ്ങളുടെയും സ്ക്രീൻഷോട്ട് എടുത്തു ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുതിയ നടപടി.

ഗ്രൂപ്പുകളിൽനിന്ന് അംഗങ്ങളറിയാതെ പുറത്തുപോകാനുള്ള അവസരവും ഈ മാസം തന്നെ എല്ലാവർക്കും ലഭ്യമാകുമെന്ന് വാട്സാപ് ഉടമകളായ മെറ്റയുടെ മേധാവി മാർക് സക്കർബർഗ് പറഞ്ഞു. ഗ്രൂപ്പ് അഡ്മിനു മാത്രം ഒരാൾ പുറത്തുപോയെന്ന് നോട്ടിഫിക്കേഷൻ ലഭിക്കും. ഓൺലൈൻ സ്റ്റാറ്റസ് മറ്റുള്ളവരിൽനിന്നു മറച്ചുപിടിക്കാനുള്ള ഫീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താവ് ഓൺലൈൻ ആയി ഇരുന്നാലും മുകളിൽ ഡിപിക്കു താഴെ ഓൺലൈൻ എന്ന് കാണിക്കാതിരിക്കുന്നതാണ് ഫീച്ചർ.  

താൻ ഓൺലൈൻ ആണെന്ന് ആരൊക്കെ അറിയണമെന്ന് ഉപയോക്താവിനു തീരുമാനിക്കാം. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ ലോഗിൻ അക്കൗണ്ട് ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. മറ്റേതെങ്കിലും ഡിവൈസിൽ നിങ്ങളുടെ വാട്‌സാപ് തുറക്കാൻ ശ്രമിച്ചാൽ ഫോണിൽ നോട്ടിഫിക്കേഷൻ കിട്ടുന്ന സൗകര്യമാണ് ഉണ്ടാകുക. അനുമതി നൽകാനോ നിഷേധിക്കാനോ ഉപയോക്താവിന് സാധിക്കും. 

വാട്‌സാപ് തുറക്കാൻ ശ്രമിച്ച തീയതി, സമയം, ഡിവൈസ് എന്നിവയുടെ വിവരങ്ങളാകും നോട്ടിഫിക്കേഷനായി വരിക. സ്വകാര്യതയ്ക്ക് ഉപയോക്താക്കൾ വളരെയധികം പ്രാധാന്യം നൽകുന്നതായി വാട്സാപ് നടത്തിയ പഠനത്തിൽ തെളിഞ്ഞതിനെത്തുടർന്നാണ് കൂടുതൽ സുരക്ഷാഫീച്ചറുകൾ ഉൾപ്പെടുത്തിയത്. ഇവ സംബന്ധിച്ച് ഇന്ത്യയിലും ബ്രിട്ടനിലുമാണ് ആദ്യം ബോധവൽക്കരണം നടത്തുകയെന്ന് പ്രോഡക്ട് ഹെഡ് ആമി വോറ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com