ADVERTISEMENT

ന്യൂഡൽഹി∙ അംഗീകൃത ഡിജിറ്റൽ ആപ്പുകളിലൂടെ വായ്പയെടുക്കുന്നവരുടെ ഫോണിലെ ഫയലുകൾ, കോൺടാക്റ്റ് ലിസ്റ്റ്, കോൾ വിവരങ്ങൾ എന്നിവ വായ്പദാതാവ് ഒരു കാരണവശാലും പരിശോധിക്കുകയോ എടുക്കുകയോ ചെയ്യരുതെന്ന് റിസർവ് ബാങ്ക്. ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാർശകൾ അംഗീകരിക്കുകയായിരുന്നു ആർബിഐ. 

ഫോണിലെ ക്യാമറ, മൈക്ക്, ലൊക്കേഷൻ തുടങ്ങിയവ റജിസ്ട്രേഷൻ, കെവൈസി (തിരിച്ചറിയൽ) ആവശ്യങ്ങൾക്കു മാത്രം ഒരു തവണ ഉപയോഗിക്കാൻ അനുമതിയുണ്ടാകുമെന്നും ആർബിഐ വ്യക്തമാക്കി. നിശ്ചിത ഡേറ്റ ഉപയോഗിക്കുന്നതിന് ഉപയോക്താവിന്റെ അനുമതി നിർബന്ധമാണ്. നിലവിൽ ഡേറ്റ സംബന്ധിച്ച് നൽകിയ അനുമതി പിൻവലിക്കാനും ഉപയോക്താവിന് അവസരമുണ്ടാകും. 

ചില വായ്പാ ആപ്പുകൾ ഫയലുകളും കോൺടാക്റ്റുകളും ചോർത്തുന്നുവെന്ന പരാതികളുയർന്നിരുന്നു. തിരിച്ചടവ് മുടക്കുന്നവരെ അവരുടെ ഫോണിലെ സ്വകാര്യചിത്രങ്ങളുടെയും വിഡിയോയുടെയും പേരിൽ ബ്ലാക്മെയിൽ ചെയ്തിരുന്നു. ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇത്തരം ബ്ലാക്മെയിൽ സന്ദേശം അയയ്ക്കുന്ന രീതിയും വ്യാപകമാണ്. അനധികൃത വായ്പ ആപ്പുകൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ശുപാർശ ആർബിഐ സർക്കാരിനു കൈമാറി.

മനസ്സുമാറുന്നവർക്ക് പിന്മാറാൻ 'കൂളിങ് ഓഫ് ടൈം'

ഡിജിറ്റൽ വായ്പ ഉപയോഗിച്ചു തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധികബാധ്യത വരാതെ പിന്മാറാൻ 'കൂളിങ് ഓഫ് സമയം' നൽകും. കാര്യമായ ആലോചനയില്ലാതെ ധൃതിയിൽ എടുക്കുന്ന വായ്പകൾ അബദ്ധമായെന്നു തിരിച്ചറിഞ്ഞാൽ നിലവിൽ പിന്മാറാൻ അവസരമില്ല.  കാലാവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പ ആപ്പുകളിൽ ലോൺ അവസാനിപ്പിക്കാൻ കഴിയൂ. ഇതിനു പകരം മുതലും കൂളിങ് ഓഫ് ദിസങ്ങളിലെ പലിശയും മാത്രം നൽകി പിന്മാറാൻ അവസരം നൽകണമെന്നാണ് ആർബിഐയുടെ നിർദേശം.

ആർബിഐ അംഗീകരിച്ച മറ്റ് പ്രധാന ശുപാർശകൾ

∙ ഉപയോക്താവിന്റെ അനുമതിയില്ലാതെ കടമെടുപ്പുപരിധി (ക്രെഡിറ്റ് ലിമിറ്റ്) തനിയെ വർധിപ്പിക്കുന്നതിനു നിരോധനം.

∙ വായ്പയെടുത്തയാളുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുണ്ടായില്ലെങ്കിൽ ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതിയിൽ പരാതി നൽകാം. 

∙ വായ്പയ്ക്കുള്ള മൊത്തം ചെലവ് (എല്ലാ ചാർജുകളും അടക്കം) കൃത്യമായി ആദ്യമേ അറിയിച്ചിരിക്കണം.

∙ മറ്റൊരു കക്ഷിക്ക് ഡേറ്റ കൈമാറുന്നത് ഉപയോക്താവിന്റെ അനുമതിയോടെ മാത്രം.

∙ എല്ലാത്തരം ഡേറ്റയും ഇന്ത്യൻ സെർവറുകളിൽ സൂക്ഷിക്കണം, ബയോമെട്രിക് വിവരങ്ങളൊന്നും സൂക്ഷിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com