ADVERTISEMENT

കൊച്ചി ∙ ഉപഭോക്തൃ വിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ ഇന്നു പ്രഖ്യാപിക്കുന്ന നിരക്കിൽ പ്രതീക്ഷിക്കുന്നതു 0.25% മുതൽ 0.60% വരെ ഇടിവ്. 0.25% ഇടിവു പോലും അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമെന്ന നിലയിൽ സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക് അനുകൂലമാണെന്നു വിലയിരുത്താം. ജൂണിലെ നിരക്ക് 7.01 ശതമാനമായിരുന്നു. എന്നാൽ നിരക്കു നിർണയത്തിന് അടിസ്‌ഥാനമായ ഇനങ്ങളിൽ 50 ശതമാനത്തോളം പ്രാതിനിധ്യമുള്ള ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കുറവിൽ ജൂലൈയിലെ നിരക്ക് 6.76 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടാകാം എന്നാണു സാമ്പത്തിക നിരീക്ഷകരുടെ പൊതുവായ അനുമാനം. 

നിരക്ക് 6.41% വരെ താഴ്‌ന്നിട്ടുണ്ടാകാമെന്നു കരുതുന്നവരും ഇല്ലാതില്ല. രാജ്യത്തെ വ്യവസായ ഉൽപാദന സൂചിക ജൂണിൽ ഏതു നിലവാരത്തിൽ എത്തിയെന്നും ഇന്നറിയാം. മേയിൽ സൂചിക 19.6% വർധന രേഖപ്പെടുത്തുകയുണ്ടായി. യുകെയിലെയും യൂറോപ്യൻ യൂണിയനിലെയും വ്യവസായ ഉൽപാദന സൂചികയുടെ നിലവാരവും ഇന്നു പ്രഖ്യാപിക്കുന്നുണ്ട്.

വായ്പ നിരക്കിന്റെ വർധന നിലയ്‌ക്കാം

പണപ്പെരുപ്പത്തിൽ ഇടിവുണ്ടായാൽ മേയിലും ജൂണിലും ഈ മാസം ആദ്യവും വായ്പ നിരക്കിൽ വർധന പ്രഖ്യാപിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) അതു പുനരാലോചനയ്‌ക്കു പ്രേരിപ്പിക്കും. സെപ്റ്റംബർ 30ന്റെ പണനയ സമിതി യോഗത്തിനു മുൻപ് ഈ മാസത്തെ പണപ്പെരുപ്പ നിരക്കും ലഭ്യമാകും. ആ നിരക്കും ഇടിവാണു സൂചിപ്പിക്കുന്നതെങ്കിൽ വായ്പ നിരക്കു വർധനയിൽ നിന്ന് ആർബിഐ തൽക്കാലത്തേക്കു പിൻവലിയുക തന്നെ ചെയ്യും. 

ഓഹരി വിപണിക്ക് ആഘോഷിക്കാം

യുഎസിൽ ഉപഭോക്‌തൃ വിലകളെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ നിരക്കു ജൂണിൽ 9.1 ശതമാനമായിരുന്നതു ജൂലൈയിൽ 8.5 ശതമാനത്തിലേക്കു താഴ്‌ന്നതായുള്ള റിപ്പോർട്ട് വായ്പ നിരക്കുകൾ വലിയ തോതിൽ വർധിപ്പിക്കുന്നതിൽനിന്നു ഫെഡ് റിസർവിനെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷ ലോകമെങ്ങും ഓഹരി വിപണികൾക്ക് ആഘോഷിക്കാൻ അവസരമായി. ഇന്ത്യൻ വിപണിയിൽ വില സൂചികകൾ വൻ മുന്നേറ്റമാണു കൈവരിച്ചത്. ഇന്ത്യയിലെ നാഷനൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസ് ഇന്നു പുറത്തു വിടുന്ന പണപ്പെരുപ്പ നിരക്കും ഇടിവിന്റേതാണെങ്കിൽ ഓഹരി വിപണിക്ക് അത് ആഘോഷത്തിന്റെ രണ്ടാം ദിനമാകും. 

അതിനിടെ, എൽഐസി ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തന ഫലപ്രഖ്യാപനവും ഇന്നാണ്. ഒഎൻജിസി, ഗ്രാസിം, ഹീറോ മോട്ടോകോർപ്, ഇന്ത്യ സിമന്റ്, സൺ ടിവി, ഡിവീസ് ലാബ്, ഫിനോലക്‌സ് കേബിൾസ്, എൽജി എക്യുപ്‌മെന്റ്‌സ്, അമൃതാഞ്‌ജൻ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. ഏപ്രിൽ – ജൂൺ പ്രവർത്തന ഫലം പരിഗണിക്കാൻ കേരളം ആസ്‌ഥാനമായുള്ള അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ബോർഡ് യോഗവും ഇന്നു ചേരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com