ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രം സ്വകാര്യവൽകരണത്തിനു കോപ്പു കൂട്ടുന്നതിനിടെ വിറ്റുവരവിൽ വമ്പൻ നേട്ടവുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്. വിറ്റുവരവിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ ഏഴു മടങ്ങ് വളർച്ച നേടിയപ്പോൾ, ലാഭത്തിൽ മുൻവർഷത്തെക്കാൾ 287 കോടി രൂപ അധികം നേടി. 2020–2021 സാമ്പത്തികവർഷത്തിൽ നേടിയ 5081.31 കോടി രൂപയുടെ വിറ്റുവരവിൽ നിന്നാണു 35668.67 കോടി രൂപയിലേക്ക് ഉയർന്നത്. 

കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യപരിപാലന ഉൽപന്നങ്ങളുടെ മേഖലയിൽ വൈവിധ്യവൽകരണം നടത്തിയതാണു കമ്പനിക്കു നേട്ടമായത്. 2016–17ലും 2017–18ലും കമ്പനി നഷ്ടത്തിലായിരുന്നെങ്കിൽ 2018–19ൽ 18 കോടി രൂപയുടെ നേരിയ ലാഭം നേടിയിരുന്നു. ലാഭം 2019–20ൽ 110 കോടി രൂപയായും 2020–21ൽ 113 കോടിയായും 2021–22ൽ 400 കോടിയായും ഉയർന്നു. എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഹെൽത്ത് കെയർ ഉൽപന്നങ്ങൾ 45ലേറെ രാജ്യങ്ങളിൽ വിൽക്കുന്നുണ്ട്. 

കോവിഡിന്റെ വരവോടെ, ഇതിനൊപ്പം ആരോഗ്യ പരിശോധനാ സേവനം, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിൽപന തുടങ്ങിയ മേഖലകൾ സജീവമാക്കി. ഹിന്ദ് ലാബ് എന്ന പേരിൽ 280 ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ 13 സംസ്ഥാനങ്ങളിലുണ്ട്.  അമൃത് എന്ന പേരിൽ 233 മരുന്നു വിൽപന കേന്ദ്രങ്ങളുമുണ്ട് . നിർമാണമേഖലയിൽ ഉൾപ്പെടെ കമ്പനി കൈവച്ചിട്ടുണ്ട്. വിറ്റുവരവും ലാഭവും വർധിച്ചതോടെ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും നടപ്പാക്കി.

പ്രവർത്തന മികവ് തുടരും: കെ.ബെജി ജോർജ്, സിഎംഡി

‘‘2019ൽ തന്നെ ലാഭം കണ്ടു തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയിലെ വെല്ലുവിളി നേരിടാൻ സർക്കാർ വിശ്വസിച്ചു ചുമതലയേൽപിച്ചതോടെ പുതിയ മേഖലകളിലേക്കു കടക്കാനുള്ള ധൈര്യം ലഭിച്ചു. പ്രവർത്തന മികവ് നിലനിർത്താനുള്ള പദ്ധതികൾ നടപ്പാക്കും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com