ADVERTISEMENT

കൊച്ചി ∙ പ്രതിവർഷം കേരളം ഉപയോഗിക്കുന്നത് ഏകദേശം 15,000 കോടിയിലേറെ രൂപയുടെ മരുന്നുകൾ. ലൈസൻസുള്ള ഫാർമ യൂണിറ്റുകൾ കേരളത്തിൽ 15 എണ്ണം മാത്രം. രാജ്യത്തൊട്ടാകെ 10500 യൂണിറ്റുകൾ‍ ഉള്ളപ്പോഴാണ് ഈ ദുഃസ്ഥിതി. ഇന്ത്യയിൽ നിന്നുള്ള 1.55 ലക്ഷം കോടി രൂപയുടെ മരുന്നു കയറ്റുമതിയിൽ കേരളത്തിന്റെ വിഹിതം വെറും 50 കോടി രൂപ; മൊത്തം കയറ്റുമതിയുടെ 0.03 %! രാജ്യത്തെ ഫാർമ വ്യവസായത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിൽ കേരളം ബഹുദൂരം പിന്നിൽ. തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഫാർമ പാർക്കുകൾക്കു നൽകുന്നതു വലിയ പ്രാധാന്യം. 

കേരളത്തിനുമാകാം, വൻ ഫാര്‍മ വില്ലേജ് 

ഫാർമ പാർക്കുകൾ പല രൂപത്തിൽ പല കാലങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മരുന്നു വഴിയിൽ കേരളം എങ്ങും എത്തിയിട്ടില്ല. കേരള ഫാർമസി ഗ്രാജ്വേറ്റ്സ് അസോസിയേഷൻ കേരളത്തിന്റെ സാധ്യതകളെക്കുറിച്ചു വിശദ പദ്ധതി സമർപ്പിച്ചെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല. 1500 – 2000 ഏക്കർ സ്ഥലത്തു നടപ്പാക്കാവുന്ന ഫാർമ വില്ലേജ് പദ്ധതിയാണ് അസോസിയേഷൻ സർക്കാരിനു സമർപ്പിച്ചത്. സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ചു പൊതു –സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കാവുന്ന പദ്ധതിയുടെ ഏകദേശ നിക്ഷേപം 22,000 കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിനായി 1650 കോടിയും 20,350 കോടി രൂപയുടെ നിക്ഷേപവും വിഭാവനം ചെയ്യുന്നതാണു പദ്ധതി. ഏകദേശം 1.37 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. സംസ്ഥാന സർക്കാരിനു പ്രതിവർഷം 2,100 കോടി രൂപയുടെ നികുതി വരുമാനവും ലഭിക്കും. 

പ്രമോട്ടർ കമ്പനി, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ, ഫാർമ നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതി കേരളത്തിനു ഗുണകരമാകുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. വിദ്യാസമ്പന്നരായ കേരളീയ യുവാക്കൾക്കു തൊഴിൽ, സംസ്ഥാന സർക്കാരിനു വരുമാനം, ടൗൺഷിപ്പുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വലിയ സാധ്യത തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന കേരളത്തിനു മരുന്ന് ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനും ഫാർമ വില്ലേജ് സാധ്യത തുറക്കുമെന്നു പദ്ധതി രേഖ തയാറാക്കിയ സാങ്കേതിക വിദഗ്ധരായ മാത്യു കോക്കാടും സുരേഷ് കമ്മത്തും പറയുന്നു. 

840 കോടി ഡോളർ പദ്ധതിയുമായി തെലങ്കാന

ഫാർമസ്യൂട്ടിക്കൽ വ്യവസായ യൂണിറ്റുകൾക്കായി തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലും കൊച്ചിയിലെ നിർദിഷ്ട പെട്രോകെമിക്കൽ പാർക്കിലും ഇടം നൽകുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സജ്ജമായിട്ടില്ല. ആലപ്പുഴ പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെഎസ്ഡിപി ) ഓങ്കോളജി പാർക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, ഇന്ത്യയുടെ ഫാർമ തലസ്ഥാനമാകാൻ ലക്ഷ്യമിട്ടാണു തെലങ്കാന സർക്കാരിന്റെ നീക്കം. ഹൈദരാബാദ് ഫാർമ സിറ്റി (എച്ച്പിസി) എന്ന വമ്പൻ പദ്ധതിയിലൂടെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതു 840 കോടി ഡോളർ (ഏകദേശം 65,000 കോടി രൂപ) നിക്ഷേപം. 232 ഗ്രാമങ്ങളിലെ 19333.20 ഏക്കർ സ്ഥലത്താണ് എച്ചിപിസി ഉയരുക. 

നിക്ഷേപകർക്കു സ്ഥലം കൈമാറി 2 വർഷത്തിനകം ഉൽപാദനം ആരംഭിക്കാൻ കഴിയുമെന്നാണു തെലങ്കാന സർക്കാരിന്റെ പ്രതീക്ഷ. ഔഷധ വ്യവസായത്തിൽ ചൈനീസ് മേൽക്കോയ്മയെ വെല്ലുവിളിക്കാൻ പദ്ധതിക്കു കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com