ADVERTISEMENT

ന്യൂഡൽഹി ∙ പൊതുതാൽപര്യ ഹർജി നൽകുന്നതു വ്യവസായമാക്കരുതെന്ന മുന്നറിയിപ്പോടെ, തിരുവനന്തപുരം ലുലുമാളിന്റെ നിർമാണത്തിനെതിരെ നൽകിയിരുന്ന ഹർജി സുപ്രീം കോടതി തള്ളി. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനയ്ക്കു ശേഷമുള്ള അനുമതി മാളിന് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ലുലുമാൾ നിർമാണം എന്നും ഇതിനു പരിസ്ഥിതി അനുമതി നൽകിയതു തെറ്റായിട്ടാണെന്നും ആരോപിച്ചായിരുന്നു എം.കെ. സലിം ഹർജി നൽകിയിരുന്നത്. നേരത്തെ കേരള ഹൈക്കോടതി സമാന ഹർജി തള്ളിയിരുന്നു. പരിസ്ഥിതി അനുമതി നൽകാൻ സംസ്ഥാന അതോറിറ്റിക്ക് അധികാരമുണ്ടെന്നു വിലയിരുത്തിയായിരുന്നു ഇത്.

ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ എന്നിവയിൽനിന്നു ചട്ടപ്രകാരം ഉള്ള ദൂരപരിധി പാലിച്ചില്ല തുടങ്ങിയ വാദങ്ങൾ സുപ്രീം കോടതിയിലെ ഹർജിയിൽ ഉന്നയിച്ചു. 2.32 ലക്ഷം ചതുരശ്ര മീറ്ററാണ് ലുലുമാൾ കെട്ടിടം. എന്നാൽ, ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വലുപ്പമുള്ള നിർമാണ പ്രവർത്തനത്തിന് അനുമതി നൽകാനുള്ള അധികാരം സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് ഇല്ലെന്നും ഹർജിയിൽ വാദിച്ചു. പല ഘട്ടങ്ങളിലുള്ള പരിശോധനയ്ക്കു ശേഷമാണ് അംഗീകാരം ലഭിച്ചതെന്ന ലുലു ഗ്രൂപ്പിന്റെ വാദം കോടതി അംഗീകരിച്ചു. ലുലു ഗ്രൂപ്പിനു വേണ്ടി മുകുൾ രോഹത്ഗി, വി.ഗിരി, ഹാരിസ് ബീരാൻ എന്നീ അഭിഭാഷകർ ഹാജരായി.

English Summary: SC dismisses petition against Thiruvananthapuram lulumall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com