ADVERTISEMENT

കൊച്ചി ∙ 60,000 പോയിന്റ് പിന്നിട്ട് സെൻസെക്‌സ്. നിഫ്‌റ്റിക്കു 18,000 പോയിന്റ് കയ്യകലെ. മുന്നേറ്റം ഇത്രയുമായതോടെ വില സൂചികകൾ ചരിത്രം കുറിക്കാനുള്ള സാധ്യതപോലും ഇപ്പോൾ വിപണിയിൽ സംസാരവിഷയം.ജൂൺ 17ന് 50,921.22 പോയിന്റ് വരെ താഴേണ്ടിവന്ന സെൻസെക്‌സിന് അത് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരംകൂടിയായിരുന്നു. കൃത്യം രണ്ടു മാസം തികയുന്ന ദിവസം സെൻസെക്‌സ് എത്തിച്ചേർന്നതാകട്ടെ 60,260.13 പോയിന്റിലേക്ക്. അന്നു 15,183.40 പോയിന്റ് വരെ താഴ്‌ന്ന നിഫ്‌റ്റി ഇതാ 17,944.25 നിലവാരത്തിൽ മുന്നേറ്റം തുടരുന്നു. രണ്ടു മാസംകൊണ്ടു സെൻസെക്സിൽ 9338.91 പോയിന്റ് നേട്ടം; നിഫ്റ്റിയിലെ നേട്ടം 2760.85 പോയിന്റ്. ഒരു മാസത്തിനിടയിൽത്തന്നെ ഇരു സൂചികകളും 12 ശതമാനത്തോളമാണു നേട്ടം കൈവരിച്ചത്.

സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 60,000 പിന്നിട്ടത് 2021 സെപ്റ്റംബറിലായിരുന്നു. എന്നാൽ പിന്നീടു പടിയിറങ്ങിയ സൂചികയ്ക്കു വീണ്ടും ആ നിലവാരത്തിലെത്താൻ കഴിഞ്ഞത് ഇക്കഴിഞ്ഞ ഏപ്രിൽ ആദ്യം. തുടർന്നു വീണ്ടും താഴേക്കുപോന്ന സെൻസെക്സ് നേട്ടം തിരിച്ചുപിടിച്ചിരിക്കുകയാണ്. 

കുതിപ്പിനു പിന്നിൽ ആഭ്യന്തര കാരണങ്ങൾ

ഓഹരി വിപണിയിൽ ഏതാനും ദിവസമായി കണ്ടുവരുന്ന പ്രസരിപ്പിന് ആഭ്യന്തര കാരണങ്ങൾ പലതുണ്ട്. അവയിൽ ഏറ്റവും പ്രസക്തമായവ:

∙  നാണ്യപ്പെരുപ്പ നിരക്കിലെ ഇടിവു തുടരുമെന്ന പ്രത്യാശ

∙  സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നതിന്റെ സൂചനകൾ

∙  വിദേശ ധനസ്ഥാപനങ്ങളിൽനിന്നു പുനരാരംഭിച്ച പണപ്രവാഹം 

∙  വായ്പ നിരക്കിൽ വലിയ വർധനയ്ക്കു സാധ്യത ഇല്ലെന്ന അനുമാനം

∙  യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മെച്ചപ്പെടുന്ന നിലവാരം

∙  വിപണിയിലേക്കു ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവ്

കുതിപ്പിനു പിന്നിൽ ആഗോള കാരണങ്ങളും

∙ ആഭ്യന്തര കാരണങ്ങളെന്നപോലെതന്നെ ആഗോള കാരണങ്ങളും വിപണിയുടെ കുതിപ്പിനു വലിയൊരളവു സഹായകമായിട്ടുണ്ട്.

∙ യുഎസിലെ പണപ്പെരുപ്പത്തിൽ അനുഭവപ്പെടുന്ന ഇടിവ്

∙ വായ്പ നിരക്കുകളുടെ കാര്യത്തിൽ യുഎസ് ഫെഡ് റിസർവിന്റെ അയവുള്ള നയം

∙ സാമ്പത്തിക മാന്ദ്യത്തിലേക്കു യുഎസ് നീങ്ങില്ലെന്ന നിഗമനം

∙ അസംസ്കൃത എണ്ണ വിലയിലെ ഇടിവ്. വില ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ.

∙ മിക്ക രാജ്യങ്ങളിലെയും ഓഹരി വിപണികളിൽ പ്രകടമാകുന്ന പ്രസരിപ്പ്. ജപ്പാനിലെ നിക്കെയ് സൂചിക ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 29,000 പോയിന്റ് പിന്നിട്ടിരിക്കുന്നു.

English Summary: Sensex reclaims 60,000-mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com