ADVERTISEMENT

ചോദ്യം: 

ഓഹരി നിക്ഷേപം നടത്താനൊരുങ്ങുമ്പോൾ, കമ്പനിയുടെ വാർഷിക റിപ്പോർട്ട് വായിക്കണമെന്ന് ഒരു സുഹൃത്ത് ഉപദേശിച്ചു. എന്താണ് അതിൽ നമ്മൾ തിരയേണ്ടത്?

ഉത്തരം:

കമ്പനി അതിന്റെ ഓഹരി ഉടമകൾ ഉൾപ്പെടെയുള്ള തൽപര കക്ഷികളുടെ അറിവിലേക്കായി, കമ്പനിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി വർഷാവർഷം പുറത്തിറക്കുന്ന ഔദ്യോഗികരേഖയാണ് വാർഷിക റിപ്പോർട്ട്. കമ്പനിയുടെ ബിസിനസ് മോഡൽ, മാനേജ്മെന്റ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുതലായവയുടെ പ്രവർത്തന ശൈലി, പോയ വർഷങ്ങളിലെ ഫിനാൻഷ്യൽ പ്രകടനം, ഏർപ്പെട്ടിരിക്കുന്ന ബിസിനസിന്റെ ഭാവി മുതലായ കാര്യങ്ങളെല്ലാം വാർഷിക റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിരിക്കും. 

ധാരാളം പേജുകളുള്ള പുസ്തക രൂപത്തിലാണ് വാർഷിക റിപ്പോർട്ട് പുറത്തിറങ്ങുന്നത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വാർഷിക റിപ്പോർട്ടിലെ, താഴെ കൊടുത്തിരിക്കുന്ന ഉപതലക്കെട്ടുകൾക്കു കീഴിൽ വരുന്ന വിവരങ്ങൾ മനസ്സിരുത്തി വായിക്കുകവഴി കമ്പനിയെക്കുറിച്ച് ഏതാണ്ട് വ്യക്തമായ രൂപം ലഭിക്കും.

1 കമ്പനിയുടെ പ്രൊഫൈൽ അഥവാ അടിസ്ഥാന വിവരങ്ങൾ: 

വാർഷിക റിപ്പോർട്ടിന്റെ തുടക്കത്തിൽ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ലഭ്യമാണ്. കമ്പനി ഏർപ്പെട്ടിരിക്കുന്ന വ്യവസായത്തിന്റെ ഭാവി, ഉപയോക്താക്കളുടെ എണ്ണം, നിൽകി വരുന്ന സേവനങ്ങളെയും ഉൽപന്നങ്ങളെയും സംബന്ധിച്ച വിവരങ്ങൾ, രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനിയുടെ സാന്നിധ്യം മുതലായ വിവരങ്ങളെല്ലാം പ്രൊഫൈൽ പേജുകളിൽ ലഭ്യമായിരിക്കും. 

2 കമ്പനി ചെയർമാൻ നൽകുന്ന സന്ദേശം:

കമ്പനി പിന്തുടർന്നു പോന്ന നയപരിപാടികൾ, അവ വിജയിപ്പിച്ചെടുക്കാൻ നടത്തിയ പരിശ്രമങ്ങൾ, കമ്പനി ഏർപ്പെട്ടിരിക്കുന്ന വ്യവസായത്തിൽ പൊതുവിൽ വന്ന മാറ്റങ്ങളും വെല്ലുവിളികളും, വരും വർഷങ്ങളിൽ ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ, അവ വിജയിപ്പിച്ചെടുക്കാനായി പിന്തുടരേണ്ട മാർഗരേഖകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയർമാൻ തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു. 

3 മാനേജ്മെന്റ് ഡിസ്കഷൻ ആന്റ് അനാലിസിസ് (എംഡി ആൻഡ് എ): 

കമ്പനി മാനേജ്മെന്റ് തങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ നേരിട്ട് ഓഹരി ഉടമകളുമായി സംവദിക്കുന്നത് എംഡി ആൻഡ് എ വഴിയാണ്. കമ്പനിയുടെ ശക്തിയും ദൗർബല്യവും ഭാവിയിൽ വന്നുചേരാനിടയുള്ള മികച്ച സാധ്യതകളുമെല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭ്യമാവുന്നു. 

4 കമ്പനിയുടെ കോർപറേറ്റ് ഭരണം: 

ശക്തമായ ആഭ്യന്തര നിയന്ത്രണം നിലനിൽക്കുന്ന കമ്പനികളുടെ കോർപറേറ്റ് ഗവർണൻസ് മികച്ചതായിരിക്കും. ബിസിനസ് നടത്തിപ്പിലെ സുതാര്യത, സത്യസന്ധത, കൃത്യനിഷ്ഠ, ബോർഡിൽ ഓഹരി ഉടമകളുടെ ശബ്ദം ഉയർന്നു വരുന്നതിനായി കമ്പനി സ്വീകരിക്കുന്ന മാർഗങ്ങൾ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പിന്തുടരുന്ന നയങ്ങൾ മുതലായ കാര്യങ്ങളെല്ലാം ഇവിടെ പരാമർശിച്ചിരിക്കും. 

5 ഡയറക്ടേഴ്സ് റിപ്പോർട്ട്: 

കമ്പനിയുടെ മുൻകാല പ്രകടനം, ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രോജക്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്വരൂപിച്ച ലാഭത്തിൽനിന്നു നൽകുന്ന ഡിവിഡൻഡ്, ബോണസ് ഓഹരികളുണ്ടെങ്കിൽ അവ, ഭാവിയിലെ ഉപയോഗങ്ങൾക്കായി നിലനിർത്തുന്ന നീക്കിയിരിപ്പുധനം എന്നിവയെല്ലാം റിപ്പോർട്ടിന്റെ ഭാഗമായി വരുന്നു. 

6 ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ: 

വാർഷിക റിപ്പോർട്ടിലെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണിത്. കമ്പനി ലാഭത്തിലാണോ അതോ നഷ്ടത്തിലാണോ ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് പരിശോധിച്ച് മനസ്സിലാക്കാം. പ്രധാനമായും ബാലൻസ് ഷീറ്റ്, പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ട്, ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റ് എന്നീ സ്റ്റേറ്റ്മെന്റുകളാണ് ഇവിടെ ലഭ്യമാകുന്നത്. 

∙ എല്ലാ ഓഹരി ഉടമകൾക്കും എല്ലാ വർഷവും വാർഷിക റിപ്പോർട്ട് ലഭ്യമാക്കാൻ കമ്പനി ബാധ്യസ്ഥരാണ്. പുസ്തക രൂപത്തിലോ സോഫ്റ്റ് കോപ്പി ഓഹരി ഉടമകളുടെ റജിസ്റ്റേഡ് ഇ മെയിലിൽ ഓൺലൈനായോ കമ്പനി ലഭ്യമാക്കാറുണ്ട്. 

നിങ്ങൾ ഓഹരി ഉടമ അല്ല എങ്കിൽ കമ്പനിയുടെ വെബ്സൈറ്റിൽ ഇൻവെസ്റ്റർ റിലേഷൻസ് എന്ന പേജ് സന്ദർശിച്ചാൽ വാർഷിക റിപ്പോർട്ട് ഡൗൺലോഡ് ചെയ്തെടുക്കാം.

Content Highlights: Share investment, Annual Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT