ADVERTISEMENT

വിമാനത്തിൽ കയറി അങ്ങ് അമേരിക്കയിൽ ചെന്നിറങ്ങിയപ്പോൾ ചെക് ഇൻ ബാഗുകൾ വന്നിട്ടില്ല! കാബിൻ ബാഗേജായി കൊണ്ടു പോയ ചെറിയ ബാഗിൽ ലാപ്ടോപ്പും അത്യാവശ്യം കടലാസുകളും പ്രസന്റേഷനുള്ള പെൻഡ്രൈവും മാത്രമേയുള്ളു. ഉടുതുണിക്കു മറുതുണി പോലുമില്ല. 

സായിപ്പിന്റെ നാടുകളിലേക്കു പറക്കുന്ന സകലരും നേരിടുന്ന പ്രശ്നമാണിത്. യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പോകാൻ ഇടയ്ക്ക് ട്രാൻസിറ്റ് കാണും. ഫ്രാങ്ക്ഫുർട്ടിലോ ലണ്ടനിലോ...വിദേശ എയർലൈനുകളാണെങ്കിൽ ആള് ചെല്ലുന്നതിന്റെ കൂടെ ബാഗ് എത്തുന്നില്ലെന്നതു സ്ഥിരം പരിപാടിയായി. പല വൻകിട വിമാനക്കമ്പനികളുടേയും പ്രശസ്തമായ ‘സർവീസ്’ പഴങ്കഥയായി. ബിസിനസ് ക്ലാസിൽ പോലും നിലവാരം മോശമെന്നാണ് അനുഭവസ്ഥരുടെ പയ്യാരം പറച്ചിൽ. 

ലണ്ടൻ ഹീത്രോ പോലെ പല വിമാനത്താവളങ്ങളിലും ചെന്നിറങ്ങിയാൽ ചെക്ക്ഇൻ ബാഗേജ് ‘പിന്നെ വരുമ്പോൾ നോക്കാം, ഇപ്പോൾ ചേട്ടായി പൊയ്ക്കോ’ എന്ന മട്ടിലായി. ഇതറിയാവുന്നവർ യാത്ര ചെയ്യുമ്പോൾ കാബിൻ ബാഗേജിൽ 2 ദിവസത്തേക്കെങ്കിലുമുള്ള ഡ്രസും മറ്റെല്ലാ സാധനങ്ങളും കൊണ്ടാണു പോകുന്നത്. പെട്ടികൾ വരാൻ വൈകിയാലും ഒന്നു രണ്ടു ദിവസം നിന്നു പിഴയ്ക്കണമല്ലോ. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അവിടെ നിന്ന് പുതിയ ഡ്രസ് വാങ്ങേണ്ടി വരും. അതിനുള്ള കാശ് വിമാനക്കമ്പനി തരുമെന്നാണു സങ്കൽപ്പം. എങ്കിലും ചന്ദ്രികേ നമ്മൾ കാണും സങ്കൽപ്പലോകമല്ലീയുലകം എന്നാണു കവി പാടിയിട്ടുള്ളത്, യേത്? 

എന്താ പ്രശ്നം? കോവിഡ് കാലത്ത് വിമാനത്താവളങ്ങളിലും എയർലൈൻ കമ്പനികളിലുംനിന്ന് സകലരേയും പറഞ്ഞുവിട്ടു. കോവിഡ് കഴിഞ്ഞിട്ട് വീണ്ടും യാത്രകൾ തുടങ്ങുമ്പോൾ വിളിക്കാം എന്ന ലൈനിൽ. കോവിഡ് കാലം കഴിഞ്ഞു വിളിച്ചപ്പോൾ ആരും വരുന്നില്ല. എവിടെ പോയി? 2 കൊല്ലം പണിയില്ലാതെ പട്ടിണി കിടക്കാൻ കഴിയില്ലല്ലോ. നമ്മുടെ നാടു പോലല്ല പാശ്ചാത്യ രാജ്യങ്ങളിൽ. മിക്കവർക്കും സമ്പാദ്യമൊന്നുമില്ല. കിട്ടുന്ന കാശ് അടിച്ചുപൊളിച്ചിരിക്കും.

നമ്മുടെ നാട്ടിലെപ്പോലെ വീടും പറമ്പും തേങ്ങയും വാഴയും പപ്പായയും കിറ്റുമൊന്നുമില്ല. ഭക്ഷണം തന്നെ ഫാസ്റ്റ്ഫുഡാണ്. ചെലവു കുറവാണെങ്കിലും കാശ് വേണം. കോവിഡ് കാലത്തു പണി പോയവർ വേറേ വഴി നോക്കി. കംപ്യൂട്ടർ അത്യാവശ്യം അറിയാത്തവർ ആരാ ഇക്കാലത്ത്? എല്ലാവരും ‘അപ്സ്കിൽ’ ചെയ്തു. കോവിഡ് കഴിഞ്ഞപ്പോഴേക്ക് വിമാനങ്ങളിലെ ബാഗുകൾ കയറ്റിയിറക്കുന്ന പണിയൊന്നും ആർക്കും വേണ്ട. പുതിയ കക്ഷികളെ എടുക്കണമെങ്കിലോ? അതിനു സുരക്ഷാ പരിശോധനയും പരിശീലനവുമൊക്കെ വേണം. അതുവരെ ബാഗുകൾ വഴിയിൽ കിടക്കും. 

 

ഒടുവിലാൻ∙ ഗൾഫ് വിമാനക്കമ്പനികളെക്കുറിച്ച് ഈ പരാതി കാര്യമായിട്ടില്ല! കാരണം മനസ്സിലായല്ലോ? അവിടെ നമ്മൾ തന്നെയാണ് ഈ പണിയൊക്കെ ചെയ്യുന്നത്. പറഞ്ഞുവിട്ടാലും പോകില്ല. തിരിച്ചു വിളിച്ചാൽ ഉടൻ ഓടിച്ചെല്ലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com